നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷികസംസ്കാരത്തെ തിരിച്ചുപിടിച്ച് കോഴിക്കോട് വേങ്ങേരി ഗ്രാമം. മൂന്നര ഏക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലാണ് വിഷരഹിതപച്ചക്കറികള്‍ കൃഷിചെയ്യുന്നത്.
തണ്ണീര്പന്തലിനടുത്തുള്ള വടക്കിനാലിനിലെ കൃഷിയിടത്തില്‍ വിളയാത്തതൊന്നുമില്ല. ഒരുനാടിന്റെ മുഴുവന്‍ കൂട്ടായ്മയാണ് ഇങ്ങനെ പരന്നുകിടക്കുന്നത്. പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളുടെ നേതൃത്വത്തിലാണ് കൃഷി. ചീര, വെള്ളരി, പടവലം, മത്തന്‍, പയര്‍ എന്നു വേണ്ട എല്ലാതരം പച്ചക്കറികളും ഇവിടെയുണ്ട്. രാവിലെയും വൈകിട്ടുമാണ് പരിപാലനം. ചാണകം, കോഴിവളം തുടങ്ങി തികച്ചും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. അവനവനുവേണ്ട പച്ചക്കറികള്‍ സ്വയം കൃഷിചെയ്യുക എന്ന തോന്നലില്‍ നിന്നാണ് ആശയം ഉടലെടുത്തത്.
ഒാരോ കാലാവസ്ഥയ്ക്കും യോജിച്ച വിളകളാണ് കൃഷിചെയ്യുന്നത്. കടുത്ത വരള്‍ച്ച മുന്നില്‍ക്കണ്ട് ജലക്ഷാമം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതികളും നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കൃഷിചെയ്ത പച്ചക്കറികള്‍ റസിഡന്റസ് അസോസിയേഷനുകളില്‍ തന്നെ വില്‍ക്കും. വിഷുവിന് മുമ്പേ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ.