നാട്ടുകാരുടെ നേതൃത്വത്തില്‍ പത്തേക്കറില്‍ പച്ചക്കറിത്തോട്ടം. കണ്ണൂര്‍ ചക്കരക്കല്‍ മുഴപ്പാലയിലാണ് കുടുംബശ്രീയുടെയും നാട്ടുകാരുടേയും കൂട്ടായ്മയില്‍ കാര്‍ഷിക സമൃദ്ധി വിരിയുന്നത്. കൂലിപ്പണിക്കാര്‍ മുതല്‍ ഉദ്യോസ്ഥര്‍ വരെ കൃഷിയുമായി സജീവമാണ്.
നരിക്കോട് ഗ്രാമം പച്ചക്കറി ഗ്രാമമെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇവിടുത്തെ കൃഷിത്തോട്ടത്തില്‍ വിളയുന്ന ശുദ്ധമായ പച്ചക്കറി വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നു. പതിനഞ്ചുവര്ഷത്തിലധികമുള്ള കാര്ഷികപെരുമ പറയാനുണ്ട് നരിക്കോട്ടെ കര്‍ഷകര്‍ക്ക്. സുലഭമായി ലഭിക്കുന്ന വെള്ളം കാര്‍ഷികവിളകള്‍ക്ക് അനുഗ്രഹമാണ്. അതുകൊണ്ടു തന്നെ കര്‍ഷകരുടെ പരിപാലനം കൂടിയായപ്പോള്‍ മത്തനും പയറും വെണ്ടയും വെള്ളരിയും പാവക്കയുമൊക്കെ നൂറുമേനി വിളഞ്ഞു.ഇവര്‍ക്ക് കൃഷിയെന്നാല്‍ ലാഭത്തിനപ്പുറം ആത്മസംതൃപ്തിയാണ്.
ജൈവകീടനാശിനികള്‍ ഉപയോഗിച്ചാണ് കൃഷി. രാസവളങ്ങളെ പരമാവധി ഒഴിവാക്കി ജൈവവളങ്ങള്‍ തന്നെയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിയുടെ സീസണ് കഴിഞ്ഞാല്‍ ഈ പാടങ്ങളിലെല്ലാം നെല്‍കൃഷിയിറക്കും. രാവിലേയും വൈകിട്ടും കൃഷിയിടത്തിലെത്തി പരിപാലിക്കുന്ന യുവാക്കളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമെല്ലാം കര്‍ഷകര്‍ക്കും ആവേശമാണ്.