കണ്ണൂര്‍ കാട്ടാമ്പള്ളി പുഴയില്‍ കല്ലുമക്കായ ചാകര. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് കടലില്‍ മാത്രം കാണുന്ന കല്ലുമക്കായ പുഴയിലേക്കും ഒഴുകിയെത്തിയത്. ഒരാഴ്ചക്കാലമായി പകലും രാത്രിയും കല്ലുമക്കായ ശേഖരിക്കാന്‍ നൂറുകണക്കിനാളുകളാണ് പുഴയിലെത്തുന്നത്.
ഒരാഴ്ചക്കാലമായി കട്ടാമ്പള്ളി പ്രദേശത്ത് ഉല്‍സവമാണ്. രാത്രിയും രാവിലേയും പകലുമെല്ലാം കല്ലുമക്കായ ശേഖരിക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും യുവാക്കളുമാണ് പുഴയുടെ തീരത്ത്.പുഴയില്‍ കല്ലുമക്കായ വളരാറില്ലെങ്കിലും ഇത്തവണ കാട്ടാമ്പള്ളി പുഴ കല്ലുമക്കായ കൊണ്ട് നിറഞ്ഞു. കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടര്‍ തുറന്നതോടെ കടല്‍വെള്ളം പുഴയിലേക്ക് ഒഴുകിയതോടെയാണ് കല്ലുമക്കായയും എത്തിയത്.ഒഴുക്കുശക്തമാകുന്ന സമയത്ത് കൂട്ടത്തോടെയാണ് കല്ലുമക്കായ ഒഴുകിയെത്തുന്നത്.
ചെറുവള്ളങ്ങളിലും ഫൈബര്‍ വള്ളങ്ങളിലും എത്തിയാണ് ആളുകള്‍ കല്ലുമക്കായ ശേഖരിക്കുന്നത്. കല്ലുമക്കായ ചാകര കാണാനും ഒട്ടേറെപേര്‍ എത്തുന്നുണ്ട്. കുറച്ചുദിവസം കൂടി മാത്രമേ കല്ലുമക്കായ ചാകര പുഴയില്‍ ഉണ്ടാകുവെന്നാണ് നിഗമനം.