എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് സമാന്തരമായി ബെയ്്്ലി പാലത്തിന്റെ നിർമാണം തുടങ്ങി. കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്. പാലത്തിലൂടെ ഗതാഗതം സാധ്യമാകാൻ ഒന്നരമാസം വേണ്ടിവരുമെന്നാണ് കണക്ക്.
സൈന്യത്തിന്റെ ആദ്യ സംഘം അഞ്ച് മീറ്റർ ഉയരത്തിലുള്ള തൂൺ നിർമിക്കുന്നതിനായിരുന്നു നിർദേശിച്ചത്. എന്നാൽ മണ്ണിന്റെ ഘടനയനുസരിച്ച് ഉയരത്തിൽ തൂൺ നിർമിക്കുന്നതിന് ഏറെ കാലതാമസം വരും. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിനും കാരണമാകും. ഈ സാഹചര്യത്തിലാണ് രൂപരേഖയിൽ പാലത്തിന്റെ പൊക്കം കുറച്ചത്. കുളക്കട കടവിൽ 1.60 മീറ്ററും ഏനാത്ത് കടവിൽ രണ്ടരമീറ്ററും ഉയരത്തിലാണ് ബെയ്്്ലി പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുക, വെള്ളപ്പൊക്കം വന്നാൽ ഗതാഗതം തടസപ്പെടുമെന്ന ആശങ്ക പരിഹരിക്കാനും നടപടിയായി.
തൂണും അപ്രോച്ച് റോഡും നിർമിക്കുന്നതിന് ഒരുമാസ കാലാവധിയാണ് കെഎസ്ടിപി പറയുന്നത്. തുടർന്ന് ബെയ്്ലി പാലം സ്ഥാപിക്കുന്നതിന് ഒരാഴ്ച മാത്രം മതിയാകും. ഏനാത്ത് കടവിൽ 260 മീറ്ററും കുളക്കട കടവിൽ 126 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് നിർമിക്കേണ്ടത്. 54.5 മീറ്റർ നീളവും 3.2 മീറ്റർ വീതിയിലുമുള്ള പാലത്തിനാണ് സൈന്യം അന്തിമ രൂപരേഖ തയാറാക്കിയിരിക്കുന്നത്.