കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ കോളനിയില്‍ ആശുപത്രി മാലിന്യം തള്ളിയ ലോറി നാട്ടുകാര്‍ പിടികൂടി. പരാതിയെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഇരുട്ടിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയിലെ മലിനജലം തള്ളാനെത്തിയ ലോറിയാണ് കോളനിക്കാര്‍ പിടികൂടിയത്. മൂന്നുപേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വഴിയരികില്‍ ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നി റസിഡന്‍സ് അസോസിയേഷന് കാര്യം അന്വേഷിച്ചു. മാലിന്യം തള്ളുകയാണെന്ന് വ്യക്തമായതോടെ ലോറിയിലുള്ളവരെ തടഞ്ഞു. രാവിലെ പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടാം തവണയാണ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ ചേര്‍ന്ന് തടയുന്നത്. കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.