റിപ്പബ്ലിക് ദിനാഘോഷം വടക്കൻ കേരളത്തിൽ പ്രൗഡഗംഭീരമായി ആഘോഷിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന പരേഡിൽ സായുധ പൊലീസ്, എക്സൈസ് തുടങ്ങി വിവിധ വിഭാഗങ്ങൾ അണിനിരന്നു. സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും പരേഡിനെത്തി. പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എ.കെ.ബാലൻ ദേശീയപതാക ഉയര്‍ത്തി.
പാലക്കാട് റയിൽവേ ആസ്ഥാനത്ത് ഡിവിഷനൽ റയിൽവെ മാനേജർ നരേഷ് ലാൽ വാനി ദേശീയപതാക ഉയർത്തി. റയിൽവേ പൊലീസ്, റയിൽവേ സംരക്ഷണ സേന വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി വി.എസ്.സുനിൽകുമാർ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം, മന്ത്രി റിപ്പബ്ലിക് ദിനസന്ദേശം നല്കി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരൻ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. സമകാലീന വിഷയങ്ങൾ ഉൾപ്പെടുത്തി നിശ്ചലദൃശ്യങ്ങൾ അവതരിപ്പിച്ചു. വയനാട് കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്ത് മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയായിരുന്നു.