ഹജ് യാത്രാകേന്ദ്രമായി കരിപ്പൂരിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് ജനകീയ പ്രതിഷേധസംഗമം. മലബാർ ഡവലപ്മെന്റ് ഫോറമാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.
കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്ന സ്വകാര്യ ലോബിക്കെതിരെയായിരുന്നു ജനകീയ പ്രതിഷേധം. കരിപ്പൂരിൽ നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ് സർവീസ് പുനസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. റൺവെയുടെ പേരുപറഞ്ഞാണ് വലിയവിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ നിന്ന് മാറ്റിയത്. വിമാനത്താവളനവീകരണം പൂർത്തിയാക്കിയിട്ടും ഇക്കാര്യത്തിൽ തടസം ഉന്നയിക്കുന്നത് സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. കരിപ്പൂരിനെ ഇല്ലാതാക്കി മറ്റ് വിമാനത്താവളങ്ങള്‍ക്ക് സൗകര്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ചരിത്രകാരൻ എം ജി എസ് നാരായണനും പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ തീരുമാനം.