കോഴിക്കോട് അടിവാരം ബസ്റ്റാന്ഡിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ദീര്‍ഘദൂര ബസുകളക്കം സ്റ്റാന്‍ഡില്‍ കയറുന്നില്ല. 12 വർഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്‍ഡിനാണ് ദുര്‍ഗതി.
2005ലാണ് പുതുപ്പാടി പഞ്ചായത്ത് അടിവാരത്ത് പുതിയ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തത്. വിവിധ സ്കീമുകളിലായി ലക്ഷങ്ങൾ മുടക്കിയ പദ്ധതി. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സ്റ്റാൻഡിൽ പ്രവേശിക്കുമെന്നാണ് ആദ്യം നൽകിയ ഉറപ്പ്. സ്വകാര്യബസുകൾ ഈ സ്റ്റാൻഡ് കണ്ടിട്ടേയില്ല. പേരിനുമാത്രം ഒന്നോ രണ്ടോ കെഎസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലെത്തുമായിരുന്നു.
പക്ഷേ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ആ വരവും നിലച്ചു. ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്ററുടെ ഒാഫിസും പൂട്ടി. ശുചിമുറിക്കുവേണ്ടി മാത്രമാണ് ഇപ്പോൾ സ്റ്റാൻഡിലേക്ക് ബസ് തൊഴിലാളികളെത്തുന്നത്. നിർമാണത്തിനുശേഷം പഞ്ചായത്ത് അധികൃതരും ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.