കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ജലസംഭരണിയില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതില്‍ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. സൂപ്രണ്ടുള്‍പ്പെടെ ആശുപത്രിയുടെ മേല്‍നോട്ടച്ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത നല്‍കിയ നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.
രോഗികള്‍ ശേഖരിച്ച വെള്ളത്തില്‍ എലിയുടെ വാലും രോമവും കണ്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. പ്രതിഷേധത്തിനിടെ ജില്ലാ മെഡിക്കല്‍ ഓഫിസറും ആശുപത്രി സൂപ്രണ്ടും വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടില്‍ ആശുപത്രി അധികാരികള്‍ക്ക് വീഴ്ചയുണ്ടായതായി തെളിഞ്ഞു.
ആശുപത്രിയില്‍ സുരക്ഷാ വീഴ്ചയുണ്ടായി. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖയും അറ്റകുറ്റ പ്രവൃത്തികളുടെ റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കായില്ല. കുടിവെള്ളത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ഇത് പരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകും