വീടിന്റെ ഓടിനകത്തു കയറിക്കൂടിയ പാമ്പുകളെ വീട്ടുകാരൻ കുഞ്ഞു അറിഞ്ഞില്ല. ഓട് മേഞ്ഞ വീട്ടിൽ തലയ്ക്കു മീതെ പാമ്പുകളും താഴെ കട്ടിലിൽ കിടത്തവുമായി തിരുവേഗപ്പുറ വിളത്തൂർ കരുവാൻകുഴിയിൽ കുഞ്ഞു കഴിഞ്ഞത് ദിവസങ്ങളോളം. കിടപ്പു മുറിയുടെ ഓടിനകത്ത് കയറിക്കൂടിയ പാമ്പിൻകൂട്ടങ്ങൾ വീട്ടുകാരെ ശല്യമൊന്നും ചെയ്തില്ലെങ്കിലും പാമ്പുകളെ കണ്ടപാടെ വീട്ടുകാർ ഞെട്ടി. നാളുകൾക്കു ശേഷം കുഞ്ഞുവിന്റെ മകളാണ് പാമ്പുകളെ ആദ്യം കണ്ടത്.
ഇതോടെ വീട്ടുകാരെല്ലാം ഇറങ്ങിയോടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പാമ്പ് പിടിത്തക്കാരൻ കൈപ്പുറം അബ്ബാസ് എത്തി പാമ്പുകളെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ഭീതിയൊഴിഞ്ഞത്. മഴകനത്തു കാടും തോടും നിറഞ്ഞതിനാൽ സുരക്ഷിത താവളം തേടിയാണ് പാമ്പുകൾ വീടിനകത്ത് എത്തിയത്. നാലു പാമ്പുകളുണ്ടായിരുന്നുവെന്നും കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപാമ്പുകളായിരുന്നു ഇവയെന്നും അബ്ബാസ് പറഞ്ഞു. പാമ്പുകളെ പിന്നീട് വനംവകുപ്പിനു കൈമാറി.