തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കിട്ടാത്തതിനാൽ തൊഴിലാളികൾക്ക് വരുമാനത്തിനായി ബദൽ സംവിധാനം ഏർപ്പെടുത്തുകയാണ് പാലക്കാട് നെല്ലായ ഗ്രാമപഞ്ചായത്ത്. ദിവസേന മുന്നൂറു രൂപ കൂലിയിൽ കാർഷിക മേഖലയിൽ തൊഴിൽ നൽകുന്നതാണ് പദ്ധതി.
850 തൊഴിലുറപ്പു തൊഴിലാളികളാണ് നെല്ലായ ഗ്രാമപഞ്ചായത്തിലുളളത്. കൃഷിക്കാവശ്യമായ ജോലികൾക്ക് തൊഴിലാളികളുടെ സേവനം ലഭിക്കും. സമീപ പഞ്ചായത്തുകളിലേക്കും തൊഴിലാളികളെ ലഭ്യമാക്കാൻ പഞ്ചായത്ത് തയ്യാറാണ്. കൃഷിചെയ്യാൻ ആളില്ലാതെ തരിശിട്ടിരിക്കുന്ന ഭൂമിയിൽ ഉൾപ്പെടെ വിളയിറക്കാനാകും. കൃഷി മെച്ചപ്പെടുന്നതിനൊപ്പം തൊഴിലുറപ്പു തൊഴിലാളികൾക്ക് ജോലിയും കൂലിയും ലഭിക്കും. ദിവസക്കൂലിക്ക് ആറുനൂറു രൂപ കൊടുക്കേണ്ടിവരുമ്പോൾ ഇവിടെ തൊഴിലുറപ്പുകാർക്ക് മുന്നൂറു രൂപ മാത്രം മതി.
കഴിഞ്ഞ ആറുമാസമായി തൊഴിലുറപ്പുകാർക്ക് വേതനം കിട്ടുന്നില്ല. സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾ മാത്രമാണ് തൊഴിലുറപ്പു ജോലിയിലുളളത്. ഇൗ സാഹചര്യത്തിലാണ് വരുമാനവും ജോലിയും ഉറപ്പാക്കുന്ന ബദൽ മാർഗത്തിന്റെ പ്രാധാന്യം.