നിലവാരം കുറഞ്ഞ കടുക് ചായം പൂശി മാർക്കറ്റിലിറക്കുന്നു. കഴിഞ്ഞദിവസം ഇളമ്പച്ചിയിലെ ഒരു വീട്ടുടമ പയ്യന്നൂരിലെ കടയിൽ നിന്നു വാങ്ങിയ കടുകിലാണ് മായം കണ്ടത്. വീട്ടിൽ കൊണ്ടു വന്നു കഴുകി ഉണക്കുന്നതിന് വെള്ളത്തിലിട്ടപ്പോഴാണ് കടുകിന്റെ കളർ ഇളകിത്തുടങ്ങിയത്. പാത്രത്തിലെ ജലമാകെ കറുപ്പ് നിറമായി.
കടുകിൽ പാതിയും ചുവപ്പു നിറവും. മറ്റേതെങ്കിലും സാധനം കടുക് മാതൃകയിലാക്കി വിൽക്കുന്നതാണോ അതല്ല നിലവാരമില്ലാത്ത കടുകിന് വർണം പൂശുന്നതാണോ എന്ന് വ്യക്തമല്ല. വിപണിയിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന പല സാധനങ്ങൾക്കും വ്യാജൻമാർ ഉള്ള സാഹചര്യത്തിൽ കടുക് മണിയിലും മായം കലർത്തുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ആരോഗ്യത്തെ സാരമായി ബാധിക്കുന്ന മായം ചേർക്കലിനെതിരെ പരിശോധനയും നടപടിയും കർശനമല്ലെന്ന അഭിപ്രായമുണ്ട്.