കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് യാത്രക്കാരെ വലച്ചു. വിഷുവിന് മുമ്പുള്ള ബോണസും കഴിഞ്ഞ വര്‍ഷത്തെ ഡി.എയും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നേതാക്കളുമായി എ.ഡിഎം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംയുക്ത തൊഴിലാളിസംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.
2016 , 17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍ , 2017 ഏപില്‍ എന്നീ രണ്ടു ഗഡു ഡിഎ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. സംയുകത സമര സമിതി ഇതുസംബന്ധിച്ച് നല്കിയ പരാതിയെ തുടര്‍ന്ന് ജില്ലാലേബര്‍ ഒാഫീസര്‍ മൂന്നുതവണ യോഗം വിളിച്ചെങ്കിലും ബസുടമകള്‍ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയത്. 1965 ലെ ബോണസ് ആക്ട് വരുന്നതിന് മുമ്പും ശേഷവും വിതരണം ചെയ്തിരുന്ന കസ്റ്റമറി ബോണസ് നല്‍കാത്തതിലാണ് തൊഴിലാളികളുടെ പ്രതിഷേധം.
എന്നാല്‍ ജില്ലയിലെ 95 ശതമാനം തൊഴിലാളികള്‍ക്കും ബോണസ് ആക്ട് ബാധകമല്ലെന്നും ഉല്‍സവ ബത്ത എന്ന പേരില്‍ നിശ്ചിത തുക നല്കാന് തയാറാണെന്നുമാണ് ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷന്റെ വാദം. പുതിയ ബോണസ് ആക്ട് പ്രകാരം 20 ല്‍ കൂടുതല്‍ തൊഴിലാളികളുളള സ്ഥാപനത്തില്‍ മാത്രമേ ബോണസിന് അര്‍ഹതയുള്ളൂ എന്നും ഇതുസംബന്ധിച്ച് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉടമകള്‍ പറയുന്നു.ഇന്ന് തൊഴിലാളിയൂണിയന്‍ നേതാക്കളേയും ബസ് ഉടമകളേയും കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചേക്കും. കെ എസ് ആര് ടിസി ബസ് ജീവനക്കാരുടെ പണിമുടക്കിന് പിന്നാലെ സ്വകാര്യബസുകളും പണിമുടക്കുന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാകും.