കാന്‍സറിന്റെ തീരാവേദനയില്‍ ദുരിതജീവിതം നയിക്കുന്ന കണ്ണൂര്‍ ഇരിട്ടിയിലെ ശ്രീജക്കും കുടുംബത്തിനും അമ്പായത്തോടില്‍ പുതിയഭവനം തയാറായി. മനോരമ ന്യൂസ് കേരള കാനിന്റെ ഭാഗമായി ലുലൂഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി നല്കിയ അഞ്ചുലക്ഷം രൂപയും നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത തുകയും ഉപയോഗിച്ചാണ് നൂറ്റിപ്പതിനാല് ദിവസം കൊണ്ട് ശ്രീജയ്ക്കും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങിയത്.
കാന്‍സര്‍ രോഗബാധിതയായ ശ്രീജ ഭര്‍ത്താവ് ഗിരീഷിന്റെ കൈയ്യും പിടിച്ച് രണ്ട് കുട്ടികള്‍ക്കുമൊപ്പം പുതിയ ഭവനത്തിലേക്ക് കാല്‍വെച്ചു. സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമ്പോഴാണ് സഹായഹസ്തങ്ങള്‍ നീണ്ടതും പന്ത്രണ്ട് സെന്റ് സ്ഥലത്ത് സ്വന്തം വീട് യാഥാര്‍ഥ്യമായതും. ഇടവക വികാരിക്കൊപ്പം നാട്ടുകാര്‍ കൈകോര്‍ത്തതോടെ അഭിരാമിന്റെ ചികില്‍സാസഹായത്തിന് പിന്നാലെ വീടും തയാറായി. ക്ഷീണമെല്ലാം മറന്ന് പുതുജീവിതത്തിലേക്ക് സന്തോഷത്തോടെയാണ് ശ്രീജ കടക്കുന്നത്.
എട്ടരലക്ഷം രൂപചെലവിട്ട് പൂര്‍ത്തീകരിച്ചിരിക്കുന്ന വീട്ടിലെ ഭൂരിഭാഗം ജോലികളും സൗജന്യമായിരുന്നു. അമ്പായത്തോട് ടൗണില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ കുടുംബത്തിന് പുതിയ വീടിന്റെ താക്കോല്‍ സമ്മാനിച്ചു. വാടകവീട്ടില്‍ നിന്ന് പന്ത്രണ്ടുസെന്റിലെ പുത്തന്വീട്ടിലേക്കുള്ള ശ്രീജയുടെ മാറ്റം കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ്.ഭാര്യക്ക് കൈത്താങ്ങായി എന്നും ഒപ്പമുണ്ടായിരുന്ന ഗിരീഷിനും ഇനി ശ്രീജക്കും മക്കള്‍ക്കുമൊപ്പം സ്വന്തംവീട്ടില്‍ ജീവിതം തുടരാം.