ആലപ്പുഴയില്‍ കനാല്‍ നവീകരണത്തിനായുള്ള കേന്ദ്ര പദ്ധതിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമമെന്ന് ആരോപണം. പൂര്‍ത്തിയാക്കാത്ത പദ്ധതിയുടെ പേരിലാണ് മുപ്പതുലക്ഷം രൂപ കരാറുകാരന് കൊടുക്കാന്‍ മണ്ണഞ്ചേരി പഞ്ചായത്തിന്റെ നീക്കം. ഇതിനെതിരെ കമ്മിറ്റി അംഗങ്ങള്‍ രംഗത്തുവന്നു
ഇതാണ് പദ്ധതി മാതൃക. ചേര്ത്തലമുതല് നീണ്ടുകിടക്കുന്ന എഎസ് കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് മല്‍സ്യം വളര്‍ത്തലും ഇരുകരകളില്‍ പച്ചക്കറി കൃഷിയും. 2012 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഹരിയാലി പദ്ധതിയില്‍ ഇതുള്‍പ്പെടുത്തി മുപ്പത്തിയാറു ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ കാണുന്നത് പക്ഷേ കേന്ദ്രവിഹിതത്തില്‍ നവീകരിച്ചതല്ല. നാട്ടിലെ റസിഡന്‍സ് അസോസിയേഷന് വിജയകരമായി നടപ്പാക്കിയതാണ്. തൊട്ടടുത്തുള്ള ഈ കാടു പിടിച്ച പ്രദേശം കാണുക. ഇതാണ് പദ്ധതി മേഖല. പ്രരംഭ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കരാറുകാരന് ആറുലക്ഷം രൂപ വാങ്ങി.കനാല്‍ നവീകരിച്ചതായി അംഗീകരിച്ച് ശേഷിക്കുന്ന മുപ്പതുലക്ഷം രൂപ അനുവദിക്കാനാണ് ഗുണഭോക്തൃ സമിതിയുടെ നീക്കം. ഇതിനെതിരെ കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തി
കനാലിലെ പോളവാരല്‍ കാടു വെട്ടിത്തെളിക്കല്‍ എന്നീ പ്രവര്‍ത്തികള്‍ തുടരെ ചെയ്തില്ലെങ്കില്‍ പദ്ധതി ഒരു കാലത്തും പൂര്‍ത്തിയാവില്ല. കരാറുകാരനെക്കൊണ്ട് അത് ചെയ്യിക്കാതെ മുന്‍ ഭരണസമിതിയുടെ കാലത്തെ പദ്ധതിക്ക് വെറുതെ പണം അനുവദിക്കാനുള്ള നീക്കത്തില്‍ അഴിമതി ആരോപിക്കപ്പെടുന്നു. കനാലിലെ മീന്‍ വളര്‍ത്തലും തീരത്തെ പച്ചക്കറി കൃഷിയും പ്രാവര്‍ത്തികമാണെന്ന് പൊതുജനം നടപ്പാക്കി കാട്ടിക്കൊടുത്തിട്ടും പഞ്ചായത്ത് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.