പമ്പിങ് സബ്സിഡി വിതരണത്തെച്ചൊല്ലി ആലപ്പുഴയില്‍ നെല്‍കര്‍ഷകരും കൃഷിവകുപ്പും തമ്മില്‍ തര്‍ക്കം. 2015 ല്‍ കൃഷി ഇറക്കിയവരെ ഒഴിവാക്കി 2016 ല്‍ കൃഷിയിറക്കിയവര്‍ക്ക് പണം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ലാന്‍ഡ് റവന്യൂ കമ്മീഷണറെ വിവരങ്ങള്‍ ധരിപ്പിക്കാമെന്ന് പുഞ്ചകൃഷി ഓഫീസര്‍ ഉറപ്പുനല്കിയശേഷമാണ് കര്‍ഷകര്‍ ശാന്തരായത്.
കുട്ടനാട്ടില്‍ 2015 ല്‍ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പമ്പിങ് സബ്സിഡി ഇതുവരെ നല്‍കിയിട്ടില്ല. മൂന്ന് ഗഡുക്കള്‍ ഇവര്‍ക്ക് കുടിശികയുണ്ട്. അതേസമയം 2016 ലെ പുഞ്ചകൃഷിക്കാര്‍ക്ക് സബ്സിഡി തുക അനുവദിക്കാന്‍ കൃഷിവകുപ്പ് നീക്കം തുടങ്ങുകയും ചെയ്തു. ഇതറിഞ്ഞ രണ്ടാം കൃഷിക്കാര്‍ പുഞ്ചകൃഷി ഓഫീസില്‍ പ്രതിഷേധവുമായെത്തി. ആദ്യം കൃഷി ഇറക്കിയവര്‍ക്ക് ആദ്യം ആനുകൂല്യം എന്നത് അട്ടിമറിക്കപ്പെട്ടെന്ന് കര്‍ഷകര്‍ പറയുന്നു.
നെല്‍കൃഷിയുടെ സബ്സിഡി തുകകള്‍ ലഭിക്കുന്നതിന് നിരവധി നടപടി ക്രമങ്ങളുണ്ട്. വിതക്കുന്ന സമയത്ത് പമ്പിങ് കോണ്‍ട്രാക്ടറും കര്‍ഷകനും ഒപ്പിട്ട ഫോം എ ഹജരാക്കണം. വിളവെടുപ്പിന് ശേഷം ലഭിച്ച നെല്ലിന്റെ വിശദാംശങ്ങളടക്കം ഫോം ബിയും പുഞ്ചകൃഷി ഓഫീസില്‍ നല്‍കണം. ഫോം ബിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി തുക നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. എന്നാല്‍ 2015 ലെ രണ്ടാംകൃഷി സമയത്ത് തിരഞ്ഞെടുപ്പായിരുന്നു. ഒപ്പം ജില്ലാ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജീവനക്കാര്‍ തിരക്കിലും. അതിനാല്‍ ബി ഫോം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം മുന്‍ഗണനാക്രമത്തില്‍ പിന്നിലായത് അംഗീകരിക്കില്ലെന്നാണ് പണം കിട്ടാനുള്ളവരുടെ നിലപാട്. ലഭിച്ച പരാതി ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പുഞ്ചകൃഷി ഓഫീസര്‍ ഉറപ്പു നല്കി.