തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ പാർവതീദേവിയുടെ നടതുറപ്പ് ഉൽസവത്തിന് ഇന്നു തുടക്കം. രാത്രി എട്ടുമണിക്കാണ് നടതുറക്കുക. ഉൽസവത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.
ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസത്തേക്കാണ് മംഗല്യവരദായിനിയായ പാർവതീദേവിയുടെ നടതുറക്കുക. രണ്ടാഴ്ച നീളുന്ന നടതുറപ്പ് ഉല്‍സവത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. അരലക്ഷം പേർക്ക് ക്യൂനിൽക്കാൻ കഴിയുന്ന നടപ്പന്തൽ നിർമാണം പൂർത്തിയായി. ദിവസവും അന്നദാനം ഉണ്ടാകും. അരവണപ്പായസവും അവൽ നിവേദ്യവും പ്രസാദമായി നൽകുന്നതിന് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മൂന്നൂറോളം പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും.