ആലപ്പുഴ നീരേറ്റുപുറത്ത് ആറ്റുതീരമിടിഞ്ഞ് റോഡ് തകര്‍ന്ന സ്ഥലം പരിശോധിക്കാനെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. റോഡ് തകര്‍ന്ന് ഒരാഴ്ചയായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. ഒടുവില്‍ നാളെ മുതല്‍ പണി തുടങ്ങുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പിന്മേല് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.
ഉച്ചയോടെയാണ് ഇടിഞ്ഞുവീണ ആറ്റുതീരം പരിശോധിക്കാന്‍ ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ നാല് ജീവനക്കാരെത്തിയത്. ജീവനും സ്വത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുന്നതുവരെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ആറ്റുതീരംകെട്ടി സുരക്ഷിതമാക്കുന്നതിന് പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ മൂന്നുദിവസമായിട്ടും ആരും കരാര്‍ ഏറ്റെടുക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാട്ടുകാര്‍ സമരത്തില്‍ ഉറച്ചുനിന്നതോടെ വിവരം മന്ത്രി തോമസ് ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് മന്ത്രി ഇടപെട്ട് കരാര്‍ നല്കി.
ഒരാഴ്ച മുന്‍പാണ് ചക്കുളത്തുകാവ് എന്‍.എസ്.എസ് കരയോഗത്തിന്റെ ഓഫിസ് മുതല്‍ ടി.എം.ടി ഹൈസ്കൂള്വരെയെത്തുന്ന റോഡിന്റെ ഇരുപത് മീറ്ററോളം ഭാഗം പൂര്‍ണമായും തകര്‍ന്നത്. റോഡിനൊപ്പം സമീപത്തെ വീടുകളുടെ മതിലിന്റെ അടിഭാഗംവരെ മണ്ണ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.