മൂവാറ്റുപുഴയിൽ കോടതിയിൽ സാക്ഷിപറയാനെത്തിയ വനിതാ ഡോക്ടറെ മറ്റൊരു കേസിലെ പ്രതി കയ്യേറ്റം ചെയ്തു. പ്രതിക്ക് അകമ്പടിയായി എത്തിയ പൊലീസുകാരുടെയും മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു സംഭവം.
മൂവാറ്റുപുഴ ആശൂപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സിനി ഐസക്കിനെ കഞ്ചാവുകേസിൽ പ്രതിയായ തൃക്കാരിയൂർ സ്വദേശി രാജുവാണ് ആക്രമിച്ചത്. പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന രാജുവിന് തൊട്ടടുത്തായി, ബഞ്ചിലാണ് ഡോക്ടർ അടക്കമുള്ളവർ ഇരുന്നത്. പരുക്കേറ്റ ഡോക്ടറെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം പൊലീസ് കേസെടുത്തു. അതേസമയം, കഴിഞ്ഞയാഴ്ച വൈദ്യപരിശോധനക്കായി ആശൂപത്രിയിൽ എത്തിച്ചപ്പോൾ മറ്റൊരു ഡോക്ടറെയും ഇതേ പ്രതി ആക്രമിച്ചിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.