കോളജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം വിവാദമായതിന്റെ പേരില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റാന്‍ നീക്കമെന്ന് പി.ടി.തോമസ് എംഎല്‍എ. എസ്എഫ്ഐ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയ്ക്കെതിരായ സര്‍ക്കാര്‍ നീക്കമെന്നും പി.ടി.തോമസ് ആരോപിച്ചു. ആയുധം കണ്ടെടുത്ത സംഭവം സര്‍ക്കാരിന് തന്നെ നാണക്കേടായതിന്റെ പേരിലുളള പ്രതികാരമാണ് പ്രിന്‍സിപ്പലിനെതിരായ നടപടിക്ക് പിന്നിലെന്നും പി.ടി.കുറ്റപ്പെടുത്തി.
ചുമതലയേറ്റെടുത്തതു മുതല്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീനയ്ക്കെതിരെ കടുത്ത നിലപാടിലായിരുന്നു ക്യാംപസിലെ പ്രധാന വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ. വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് ക്യാംപസില്‍ പ്രവേശനം നിഷേധിച്ചതടക്കമുളള നടപടികള്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായതായിരുന്നു എസ്എഫ്ഐ പ്രകോപനത്തിന്റെ കാരണം. ഇതിനൊടുവിലാണ് ഈ വര്‍ഷം ജനുവരിയില്‍ പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോളജിനു മുന്നിലിട്ട് കത്തിച്ചത്. ഈ സംഭവത്തില്‍ കോളജ് യൂണിയന് ചെയര്മാന് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുമെടുത്തിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുമ്പ് കോളജില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു ഇതിന്റെ പേരില്‍ ംഎസ്എഫ്ഐ നേതൃത്വം പ്രിന്‍സിപ്പലിനെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആയുധം കണ്ടെടുത്ത സംഭവം നിയമസഭയിലടക്കം ചര്‍ച്ചയായതോടെ സര്‍ക്കാരിന് നാണക്കേടുണ്ടായെന്നും ഇതിന്റെ പേരിലാണ് ബീനയെ സ്ഥലം മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നുമാണ് പി.ടി.തോമസിന്റെ കുറ്റപ്പെടുത്തല്‍. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലേക്ക് സ്ഥലം മാറ്റാനാണ് നീക്കമെന്നും പി.ടി.ആരോപിച്ചു.
അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങാനാണ് സാധ്യത. എന്നാല്‍ ഇടത് അധ്യാപക സംഘടനാംഗമായ ബീനയ്ക്കെതിരായ നീക്കം പ്രതിരോധിക്കാന്‍ സംഘടനയ്ക്കുളളിലും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.