ആലപ്പുഴ ചെറിനാട് റയില്‍വേ സ്റ്റേഷന് സമീപത്തെ അടിപ്പാതകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇരുന്നൂര്‍ മീറ്റര്‍ വ്യത്യാസത്തില്‍ രണ്ട് അടിപ്പാതകളുടെ നിര്‍മാണമാണ് നടക്കുന്നത്. ആലപ്പുഴ ചെറിയനാട് റയില്‍വേ സ്റ്റേഷന് സമീപമുള്ള ഇടമുറി, കളത്തറക്കുറ്റി ലെവല്‍ക്രോസുകളില്‍ മൂന്നുമാസം കഴിഞ്ഞാല്‍ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകില്ല.
ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടിടത്തും അടിപ്പാതകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ പാളത്തിന് കീഴിലെ മണ്ണ് നീക്കം ചെയ്ത് നിലം കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞു. വശങ്ങളില് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മാവേലിക്കര-കായംകുളം റൂട്ട് ആയതുകൊണ്ട് ട്രെയിന്‍ ഗതാഗതത്തെ തടസപ്പെടുത്താത്തവിധമാണ് ജോലികള്‍ പുരോഗമിക്കുന്നത്. പാളങ്ങള്‍ക്ക് കീഴില്‍ ഇരുമ്പ് ബീമിട്ടശേഷമാണ് നിര്‍മാണം. അടിപ്പാതയുടെ രണ്ട് വശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡിനായി മണ്ണിട്ടിട്ടുണ്ട്.
സംരക്ഷണഭിത്തി കെട്ടിയശേഷം റോഡ് നിര്‍മിക്കും. മൂന്ന് മാസംകൊണ്ട് പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന അടിപ്പാതകള്‍ക്ക് രണ്ടിനുകൂടി രണ്ട് കോടിയിലധികം രൂപ ചെലവ് വരും. പുതിയ അടിപ്പാത ഉപകാരപ്പെടുമെന്ന് നാട്ടുകാരും പറയുന്നു. അതേസമയം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്താണ് അടിപ്പാത നിര്‍മിക്കുന്നതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. മേല്‍പ്പാലമാണ് വേണ്ടതെന്ന നാട്ടുകാരുടെ ആവശ്യം റയില്‍വേ നിരസിച്ചുവെന്നാണ് പ്രധാന ആരോപണം.
Advertisement