തൊടുപുഴയില്‍ വില്പനയ്ക്കെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പേര് എക്സൈസിന്റെ പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ ചാഴിക്കാട്ട് ആശുപത്രി പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പുഴയിലേക്ക് എടുത്ത്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
തൊടുപുഴ കരിങ്കുന്നം സ്വദേശി പ്രകാശ്, പാലാ സ്വദേശി ബിജു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചാഴിക്കാട്ട് ആശുപത്രി പരിസരത്ത് കഞ്ചാവ് കൈമാറുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലതെത്തിയത്. രണ്ട് മണിയോടെ പ്രകാശും ബിജുവും കാറില്‍ പരിസരതെത്തി. ഇതോടെ എക്സൈസ് സംഘം വാഹനം വളഞ്ഞു. മറ്റു രണ്ട് വാഹനങ്ങളും പ്രതികളെത്തിയ വാഹനത്തെ അനുഗമിച്ചിരുന്നു. എക്സൈസ്് ഉദ്യോഗസ്ഥരെ കണ്ടതോടെ ഈ വാഹനങ്ങളിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ഇതിനിടെ ബിജു സമീപത്തെ തൊടുപുഴയാറ്റിലേക്ക് എടുത്തുചാടി. മറുകരയെത്തിയെങ്കിലും നാട്ടുകാര്‍ സംഘടി്ച്ചതോടെ അവിടെ നിന്ന് വീണ്ടും പുഴയിലേക്ക് ചാടി. നാട്ടുകാരും എക്സൈസ് ഉദ്യോഗസ്ഥരും പിന്തുടര്ന്നാണ് ബിജുവിനെ കീഴടക്കിയത്. വാഹനത്തില്‍ നാല് പായ്്ക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തൊടുപുഴയിലും കോട്ടയം ജില്ലയുടെ പലഭാഗങ്ങളിലും സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് കടത്തുന്ന കഞ്ചാവ് പലയിടങ്ങളിലായി ഒളിപ്പിച്ച് പിന്നീട് ആവശ്യകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി. സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ്.