മധ്യകേരളത്തിൽ ഹര്‍ത്താല്‍ പൂര്‍ണം. വാഹനം തടഞ്ഞതിന്റെ പേരില്‍ ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളൊഴിച്ചാല്‍ പൊതുവില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്.
സ്വകാര്യ വാഹനങ്ങള്‍ കാര്യമായി തന്നെ നിരത്തിലിറങ്ങി. പക്ഷേ,കെഎസ്ആര്‍ടിസിയും ,സ്വകാര്യ ബസുകളും സര്‍വീസ് നടത്താഞ്ഞതിനാല്‍ ജനം വലഞ്ഞു. റെയില്‍വെ സ്റ്റേഷനില്‍ എത്തിപ്പെട്ടവരും കുടുങ്ങി. സന്നദ്ധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളായിരുന്നു റെയില്‍വെ സ്റ്റേഷനില്എത്തിയവരുടെ ആശ്രയം. പൊതുവില്‍ സമാധാനപരമായിരുന്നു ഹര്‍ത്താലെങ്കിലും ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
കോട്ടയത്ത് തുറന്നു പ്രവര്‍ത്തിച്ച എസ്ബിഐ ശാഖ യുഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു.വാഹനം തടയാനുളള പ്രവര്‍ത്തകരുടെ ശ്രമം പൊലീസുമായുളള ഉന്തിലും തളളിലും കലാശിച്ചു..
ഹര്‍ത്താലനുകൂലികളുടെ കല്ലേറില്‍ കൊച്ചി പാലാരിവട്ടത്ത് കാറിന്റെ ചില്ല് തകര്‍ന്നു.പൊലീസെത്തുമ്പോഴേക്കും കല്ലെറിഞ്ഞവര്‍ ഓടിരക്ഷപ്പെട്ടു. തോപ്പുംപടിയില്‍ ഹൈക്കോടതിയുടെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ മധ്യകേരളത്തിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.