കൊച്ചി ബ്രോഡ്വേയിലെ എസ്ബിഐ ശാഖയ്ക്കുമുന്നില്‍ കുത്തിയിരിപ്പു സമരവുമായി വീട്ടമ്മ. ബാങ്കുകളുടെ ലയനത്തെത്തുടര്‍ന്ന് ജോലി നഷ്ടമായ ദിവസവേതനക്കാരി ജൂഡി ജോര്‍ജാണ് രണ്ടുദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്നത്. തന്നെ തിരിച്ചെടുക്കുന്നതുവരെ ബാങ്കിനു മുന്നില്‍ സമരം തുടരാനാണ് ജൂഡിയുടെ തീരുമാനം.
എറണാകുളം ജില്ലയിലെ എളമക്കര സ്വദേശിനിയായ ജൂഡി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എസ്ബിടിയുടെ ബ്രോഡ്്വേ ശാഖയില്‍ പ്യൂണായി ജോലി ചെയ്യുകയായിരുന്നു. പ്രായമായ അമ്മയും കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തിന് ആശ്വാസമായിരുന്നു ജൂഡിക്ക് ബാങ്കില്‍ നിന്നു ലഭിച്ചിരുന്ന ചെറിയ വരുമാനം. പതിവുപോലെ തിങ്കളാഴ്ച ബാങ്കിലെത്തിയ ജൂഡിയോട് ഇന്നുമുതല്‍ ജോലി ചെയ്യേണ്ടെന്ന് മാനേജര്‍ പറയുകയായിരുന്നു. ഒരു മുന്നറിയിപ്പുപോലുമില്ലാതെ ജോലി നഷ്ടപ്പെട്ടതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ജൂഡി.
ബാങ്ക് ലയനത്തോടെ ജൂഡിയെപ്പോലെ ആയിരത്തി ഇരുന്നൂറോളം ദിവസവേതനക്കാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. ദിവസവേതനക്കാര്‍ക്കു സംഭവിച്ചതുപോലെ ജോലി പോകുമോയെന്ന ഭീതി ബാങ്കിലെ സ്ഥിരം ജീവനക്കാര്‍ക്കുമുണ്ട്.