കേരള പൊലീസ് ഇനി ടെന്നീസും കളിക്കും. പൊലീസുകാരെ ടെന്നീസ് കളി പരിശീലിപ്പിക്കാനുള്ള ആദ്യ ടെന്നീസ് കോർട്ട് തൃശൂർ രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിൽ തയാറായി.
എ.ഡി.ജി.പി കെ. പദ്മകുമാർ പൊലീസുകാരുടെ ടെന്നീസ് കളിക്ക് തുടക്കം കുറിച്ചു. ഇനി വരും ദിവസങ്ങളിൽ തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ സേനാംഗങ്ങൾ വിശ്രമവേളകളിൽ ടെന്നീസ് കളിച്ച് പരിശീലിക്കും. അങ്ങിനെ ഫുട്ബാളിനും വോളിബോളിനുമൊക്കെ പിന്നാലെ ടെന്നീസിലും കേരള പൊലീസെന്ന ടീമുണ്ടാക്കിയെടുക്കാനാവുമോയെന്ന് ഒരു കൈ നോക്കാൻ തന്നെയാണ് തീരുമാനം.
കേരള പൊലീസിലെ ആദ്യ കളിമൺ കോർട്ടാണ് ലക്ഷങ്ങൾ മുടക്കി തൃശൂരിൽ ഒരുക്കിയെടുത്തത്. ഒരു ടീമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ ടെന്നീസ് കളിക്കാൻ കഴിവും താൽപര്യവുമുള്ള പൊലീസുകാർക്ക് അവസരം ഒരുക്കുകയെന്നതും ലക്ഷ്യമാണ്. അതുവഴി പൊലീസിന്റെ ശാരീരികക്ഷമത വർധിക്കുമെന്നും കരുതുന്നു. തൃശൂരിൽ വിജയമെന്ന് കണ്ടാൽ മറ്റ് ക്യാംപുകളിലേക്കും വ്യാപിപ്പിക്കും. പൊലീസുകാരെ കളിപഠിപ്പിക്കാൻ തൃശൂർ ടെന്നീസ് അക്കാദമിയിലെ താരങ്ങളും രംഗത്തുണ്ട്.