ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ബവ്റിജസ് മദ്യവില്പനശാലയ്ക്കെതിരെ വ്യാപക പ്രതിഷേധം. കല്ലുമല തെക്കേ ജംക്ഷനിലെ മദ്യവില്പനശാലയ്ക്കെതിരെയാണ് ജനകീയകൂട്ടായ്മ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കല്ലുമലയില്നിന്ന് മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി പൗരസമിതിയുടേയും മദ്യവിരുദ്ധ ജനകീയ മുന്നണിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. മാര്‍ച്ചില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളും, വീട്ടമ്മമാരും, സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ളവരും പങ്കെടുത്തു. മാവേലിക്കര, കുറത്തികാട് എന്നീവിടങ്ങളില്നിന്നും പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. മാര്‍ച്ച് കെപിസിസി ട്രഷറര്‍ ജോണ്സണ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാവേലിക്കര സി.ഐ. പി.ശ്രീകുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരം അവസാനിച്ചത്.
മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് പൗരസമിതിയുടേയും മദ്യവിരുദ്ധ ജനകീയ മുന്നണിയുടേയും തീരുമാനം. ഇതിനായി വിപുലമായ ആക്ഷന്‍ കൗണ്‍സിലിനും രൂപം നല്കി. പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാവേലിക്കര മിച്ചല്‍ ജംക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പനശാല കഴിഞ്ഞ ദിവസം ജനവാസകേന്ദ്രമായ കല്ലുമല തെക്കേ ജംക്ഷനിലെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. എന്നാല്‍ മദ്യശാല തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മദ്യശാലയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു.