വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയുടെ നിലനില്‍പ്പ്. പക്ഷേ വൈദ്യുതിയില്ലാത്ത തോട്ടമാണെങ്കില്‍ എങ്ങനെ മോട്ടോര്‍ ഉപയോഗിച്ച് വിളകള്‍ നനക്കും. കാര്‍ഷിക പരീക്ഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ചെന്നാല്‍ ഈ പ്രശ്നത്തിനുള്ള പരിഹാരം നേരില്‍ കാണാം.
കാരിക്കുഴി പാടത്തെ കര്‍ഷകനായ ഷാജിച്ചേട്ടന് ദിവസവും അന്‍പതുകിലോമീറ്റര്‍ ബൈക്കോടിക്കും. റോഡിലൂടെയല്ല. തോട്ടത്തില്‍ ദാ ഇങ്ങനെ. രണ്ടര ഏക്കര്‍ നിലത്ത് പന്ത്രണ്ടുപേര്‍ ചേര്‍ന്നാണ് കൃഷി. വേനല്‍ കടുത്തതോടെ വിളകള്‍ കരിഞ്ഞു. വൈദ്യുതി കണക്ഷന് അടുത്തില്ലാത്തതിനാല്‍ പമ്പിങ് സാധിക്കാത്ത സ്ഥിതി. പെട്രോള്‍ മോട്ടോറാണ് പകരം സംവിധാനം. ഇതിന് പതിനായിരം രൂപക്കടുത്ത് ചെലവുവരും. കൂടിയാലോചനക്കൊടുവില്‍ ആക്രിക്കടയില്‍നിന്ന് അറുനൂറ് രൂപ നല്കി പ്രവര്‍ത്തിക്കാത്ത ഒരു മോട്ടോര്‍ വാങ്ങി. റീടെസ്റ്റ് നടത്താത്തതിനാല്‍ റോഡിലിറക്കാന്‍ നിര്‍വ്വാഹമില്ലാത്ത ബൈക്കും തോട്ടത്തില്‍ കൊണ്ടുവന്നു. പിന്നിലെ ടയര്‍ അഴിച്ച് അവിടെ ബെല്‍റ്റിട്ട് മോട്ടോറുമായി ഘടിപ്പിച്ചു. കുഴല്‍ക്കിണറിനടുത്ത് ഇവ സ്ഥാപിച്ചതോടെ ജലക്ഷാമം മാറി
ദിവസവും രാവിലെ നനച്ച് തുടങ്ങിയതോടെ തോട്ടത്തില്‍ പച്ചപ്പ് മടങ്ങിയെത്തി. പയറും വെണ്ടയും മത്തനുമൊക്കെയായി നല്ല വിളവും. ഹോഴ്സ് പവറിലല്ല ഹണ്‍ഡ്രസ് സിസിയിലാണ് വെള്ളം കുതിക്കുന്നത്.