ക്യാൻസർ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന മൊബൈൽ പരിശോധന സംഘം ഗ്രാമീണ മേഖലയിൽ സജീവമാകുന്നു. സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിലുള്ള സംരംഭം പത്തനംതിട്ട ജില്ലയിലെ നൂറുകണക്കിന് രോഗികൾക്ക് ഇതിനകം സഹായമായിട്ടുണ്ട്. നിർധനരായ രോഗികൾക്ക് മരുന്നും പരിചരണവും പൂർണമായും സൗജന്യമെന്നതാണ് പ്രത്യേകത.
ക്യാൻസർരോഗ വിദഗ്ധന്റെ നേതൃത്വത്തിലാണ് മാസത്തിലൊരിക്കൽ മെഡിക്കൽ സംഘം വീടുകളിൽ പരിശോധനയ്ക്കെത്തുന്നത്. ഇവരുടെ വരവ് ക്യാൻസർബാധിതർക്ക് ആശ്വാസത്തിനൊപ്പം പുതു പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. നിർധന രോഗികൾക്ക് ചികിൽസയ്ക്കൊപ്പം മരുന്നുകളും പൂർണമായും സൗജന്യം. ക്യാൻസർ ചികിൽസയ്ക്ക് ഏറെ പ്രചാരമുള്ള പരുമല മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള 13 പഞ്ചായത്തുകളിലെ ക്യാൻസർ ബാധിതർക്ക് സഹായം ലഭിക്കുന്നുണ്ട്. പതിവായി ചികിൽസ തേടുന്നവർക്കൊപ്പം പുതിയതായി പരിശോധനയിൽ കണ്ടെത്തുന്ന രോഗികൾക്കും സമാന സഹായങ്ങൾ നൽകുന്നതിനുള്ള സൗകര്യമുണ്ട്.
മനോരമ ന്യൂസിന്റെ കേരള ക്യാൻ പരമ്പരയുടെ പ്രചോദനം ഉൾക്കൊണ്ട് പല ആശുപത്രി അധികൃതരും പ്രത്യേകം ക്യാൻസർ ബോധവൽക്കരണ പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. രോഗബാധിതരുടെ ബന്ധുക്കളെ ബോധവൽക്കരിക്കുന്നതിനൊപ്പം രോഗികളെ പരിചരിക്കുന്നതിനുള്ള പരിശീലനവും ഇവർക്ക് നൽകുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.