കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പേയുള്ളു. സോളറിന്റെ ചൂടേറ്റവരും ചൂടേല്ക്കാത്തവരും. നേരത്തെയുണ്ടായിരുന്ന എ, ഐ ഗ്രൂപ്പുകളില്‍ സോളറില്‍ അബദ്ധത്തിലോ മനപൂര്‍വമായോ പെടാതെ പോയവര്‍ ഒരുമിച്ച് ഒരു വിശാല ഗ്രൂപ്പുണ്ടാക്കുന്നത് നന്നാവും. സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടിന് മുമ്പ് കേസില്‍ പെടുമെന്നൊന്നും അറിയാത്ത കാലത്ത് അതൊരു തുല്യദുഖിതരുടെ കൂട്ടമായിരുന്നു. പെടാത്തവന് പെട്ടവനെ നോക്കി സങ്കപ്പെട്ട കാലം. സരിത നായരുടെ നമ്പര്‍ ഇല്ലാത്തവന് കോണ്‍ഗ്രസില്‍ ആരുമല്ലെന്നൊരു തോന്നലുണ്ടായ കാലം. ഇതിപ്പോ ചിലരൊക്കെ കുടുങ്ങുമെന്നു കാണുമ്പോള്‍ ആ ഒരു മനോഭാവത്തിനൊക്കെ മാറ്റം വന്നിട്ടുണ്ടാവും. വലിയൊരു നിര ഇല്ലാതാവുമ്പോള്‍ അവസരം കിട്ടുന്നവരുടെ പ്രസരിപ്പിന്റെ കാലമായിരിക്കും ഇനി കേരള പ്രദേശ് കോണ്‍ഗ്രസില്‍. പക്ഷേ ഇപ്പോ കെപിസിസി ആസ്ഥാനം ഒരു കൂട്ടമരണം കഴിഞ്ഞ വീടുപോലെയാണ്. അതുകൊണ്ട് തല്ക്കാലം ആ സന്തോഷം മറ്റുള്ളവര്‍ പ്രകടിപ്പിക്കേണ്ടതില്ല.