നാട്ടില്‍ ഇപ്പോ വെറൈറ്റി സംഭവങ്ങളൊക്കെ നടക്കുന്നത് സിനിമാക്കാര്‍ക്കിടയിലാണ്. രാഷ്ട്രീയം, ദേശസ്നേഹം തുടങ്ങിയ വിഷയങ്ങളില്‍ വരെ നമ്മുടെ താരങ്ങള്‍ വാ തുറക്കാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തകള്‍ ഇങ്ങനെ ചറപറേന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അങ്കമാലി ഡയറീസിലൂടെ വന്ന ലിച്ചി അഥവാ രേഷ്മ രാജന് പരസ്യമായി കരയേണ്ടിവന്നത്. സംഗതി, മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചു വന്നാ ആരുടെ നായിക ആവണം എന്ന് ലിച്ചിയോട് ഒരു ചോദ്യം. ഏതൊരു യുവതിയും പറയുന്നതുപോലെ ലച്ചിയും പറഞ്ഞു ദുല്‍ഖറിനെ മതിയെന്ന്. ദുല്‍ഖറിന്റെ അച്ഛനായി മമ്മൂട്ടി വന്നോട്ടെ എന്നുകൂടി പറഞ്ഞു. അതോടെ ഇക്കാ ഫാന്‍സിന് കുരുപൊട്ടി. അവര്‍ പൊങ്കാലയും തുടങ്ങി. കാരണം ഫാന്‍സിനെ സംബന്ധിച്ച് മമ്മൂട്ടിക്ക് ഒരു ഇക്കക്കപ്പുറം പ്രായം ആയിട്ടില്ലാന്നാണ് വയ്പ്.
ഫാന്‍സിന്റെ തെറിയഭിഷേകം കണ്ടാല്‍ ലിച്ചിയല്ല, സാക്ഷാല്‍ മമ്മൂട്ടി വരെ കരഞ്ഞുപോകും. അത്രയ്ക്ക് ഭീകരമാണത്. നമ്മള്‍ മലയാളികള്‍ക്ക് ഒരു ശീലമുണ്ട്, നമുക്ക് പരിചയമില്ലാത്തവരെപ്പോലും വയസിന്റെ അടിസ്ഥാനത്തില്‍ ചേട്ടാ, ചേച്ചീ അമ്മാവാ, അപ്പൂപ്പാ എന്നൊക്കെ കയറിയങ്ങ് വിളിക്കും. ആ രീതി വച്ചുനോക്കിയാല്‍ പത്തറുപത്തഞ്ച് വയസ്സൊക്കെ പിന്നിട്ട ഒരാളെ ബഹുമാനത്തോടെ വല്യച്ചനെന്നോ അമ്മാവനെന്നോ വിളിക്കാം. അങ്കിള്‍ എന്നുവിളിച്ച് വേണമെങ്കില്‍ അല്‍പം മോഡേണാണെന്ന് സ്വയം വിചാരിക്കുകയും ചെയ്യും. അതില്‍ യാതൊരു അപാകതയുമില്ല. പക്ഷേ ഫാന്‍സ് കാരണം ലിച്ചിക്ക് ഫെയ്സ് ബുക്കില്‍ വന്ന് ലൈവായി കരയേണ്ടിവന്നു. ലിച്ചിയെപ്പോലെയൊരു നടിക്ക് അടുത്ത സിനിമ കിട്ടണമെങ്കില്‍ കരയാതെ നിവൃത്തിയുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ ചുരുങ്ങിയ പക്ഷം ദിലീപുപോലുമല്ലല്ലോ ഈ ലിച്ചി. ഇക്ക ഫാന്‍സിന്റെ മനസിലൊക്കെ മമ്മൂട്ടി എന്നു വച്ചാല്‍ കിങ്ങിലെ ജോസഫ് അലക്സാണെന്നാണ് വിചാരം.
അല്ലെങ്കിലും ലിച്ചി പറഞ്ഞതിലെന്താ തെറ്റ്? അച്ഛനായും മകനായും എത്രയെത്രവേഷങ്ങളാണ് മമ്മൂട്ടി എന്ന മഹാനടന്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ളത്. ഇതൊന്നും ഈ ഫാന്‍സ് കണ്ടിട്ടില്ലേ. അമിതാഭ് ബച്ചന്‍റേയൊക്കെ രണ്ടാം വരവ് എങ്ങനെയായിരുന്നു എന്നൊക്കെ ഇടയ്ക്കൊന്ന് ആലോചിക്കുന്നതും നന്നാവും. പക്ഷേ പറഞ്ഞി്ട്ട് കാര്യമില്ല. ഇങ്ങനെയൊക്കെ പെരുമാറാന്‍ ഫാന്‍സുകാരുടെ ഉള്ളില്‍ ഇക്കയായിട്ട് പറഞ്ഞു പഠിപ്പിച്ച ഡയലോഗുകള്‍ തന്നെ ആവോളം ഉണ്ടല്ലോ.
ഇനി ചില ഗൗരവമേറിയ സംശയങ്ങളാണ്. ഇങ്ങനെ പോയാല്‍ ദുല്‍ഖര്‍ മമ്മൂട്ടിയെ എന്തുവിളിക്കും? ഇക്കാ എന്ന് വിളിക്കണോ? ഇനി അതിന് ദുല്‍ഖര്‍ തയ്യാറായാല്‍ തന്നെ ദുല്‍ഖറിന്റെ മകള്‍ അതായത് മമ്മൂട്ടിയുടെ കൊച്ചുമകള്‍ മമ്മൂട്ടിയെ എന്തുവിളിക്കും? ഇങ്ങനെ സംശയങ്ങള്‍ ട്രോളുകളായി പെരുമഴ പെയ്തപ്പോള്‍ എന്തായാലും ഇക്കയുടെ മനസ് പതറിക്കാണം. കാരണം സ്വന്തം മകനും കൊച്ചുമകളും ഇക്കാന്ന് വിളിക്കുന്നത് കേള്‍ക്കാനുള്ള ആത്മധൈര്യമൊന്നും ഏതായാലും അദ്ദേഹത്തിന് ഉണ്ടാവില്ല.
കോമണ്‍സെന്‍സില്ലെങ്കില്‍ പിന്നെ നടനെന്നോ നടിയെന്നോ എംപിയെന്നോ മന്ത്രിയെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അല്ലാതെ ഇക്കയെ നായകനായി കണ്ടില്ല എന്നതിന്റെ പേരില്‍ വരട്ടുചോറി ബാധിച്ചവരെപ്പോലെ പെരുമാറുന്നവരെ ഫാന്‍സ് എന്നല്ല വിളിക്കേണ്ടത്. ഒന്നുകില്‍ തന്റെ സൈബര്‍ സൈന്യത്തെ സര്‍വസൈനാധിപന് ഒന്നു നിയന്ത്രിക്കാമായിരുന്നു. കരയിപ്പിക്കേണ്ടിയിരുന്നില്ല.
ഏതായാലും ഫാന്‍സുകാരായിട്ട് അത് ഇക്ക ഫാന്‍സായാലും ഏട്ടന്‍ ഫാന്‍സായാലും നല്ല ചീത്തപ്പേര് മമ്മൂക്കയ്ക്കും ലേലേട്ടനുമൊക്കെ നല്ലവണ്ണം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആരേയും ഇതില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. വാളെടുത്തവന്‍ വാളാല്‍ എന്ന ബൈബിള്‍ വചനം ഒന്ന് ഓര്‍ക്കുകയേ വേണ്ടൂ. വി.ടി.ബല്‍റാമൊക്കെ പറയുന്നത് ഇക്ക മാപ്പുപറയണം എന്നുവരെയാണ്.