അങ്ങനെ അക്കാര്യത്തില്‍ സമാധാനമായി. സിദ്ധിമാനായ റാം റഹീമിനെ എല്ലാരുംകൂടി 20വര്‍ഷത്തെ തീര്‍ഥാടനത്തിന് പറഞ്ഞയച്ചു. ഭയങ്കര സംഭവമാണെന്ന് കരുതി ആരാധിച്ചുപോന്നവര് അപ്പോ ആരായി. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഒരാളെയാണല്ലോ ഈശ്വരാ ഇത്രയുംനാള്‍ പാലുകൊടുത്ത് പൂജിച്ചതെന്ന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നതാണ് ബുദ്ധി. പാപനിവാരണത്തിനും അതാണുത്തമം. പിണറായീം കോടിയേരീം പറഞ്ഞതാ ഈ തട്ടുപ്പുദൈവങ്ങളെ വിശ്വസിക്കരുതെന്ന്. അനുഭവിച്ചോ.
പഴയതുപോലെ പുലിത്തോലും കുപ്പിപ്പാലുമൊന്നും ജയിലില്‍ കൊടുക്കരുതെന്ന് പ്രത്യേക ഉത്തരവുണ്ട്. ഒരു സാദാ തടവുകാരന്. വലിയ ഡക്കറേഷന്സൊന്നും ആവശ്യമില്ല. മറ്റുദൈവങ്ങളെവിളിച്ച് പൊട്ടിക്കരഞ്ഞുപോയി പാവം. ഈ കരിച്ചില്കണ്ടിട്ടും മനസലിയാത്തവര് ചങ്ങാതിയുടെ ശിക്ഷ പോരാ എന്ന വാദവുമായി രംഗത്തെത്തി. സകല വാഹനങ്ങളും കെട്ടിടങ്ങളുമൊക്കെ കത്തുകയാണ്. ഇനി ശിക്ഷ കൂട്ടിയിട്ട് വീണ്ടും ദുരന്തം വിളിച്ചുവരുത്തണോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്.
ആരും കൊതിച്ചുപോകുന്ന ലൈഫായിരുന്നു ആള്‍ദൈവത്തിന്റേത്. സിനിമയിലൊക്കെ പാട്ടുസീനില്മാത്രം കാണുന്ന ഒരുതരം ജീവിതം. അതുകൊണ്ടാണോ എന്നറിയില്ല കക്ഷി പിടിച്ച സിനിമകളിലും ഇതൊക്കെത്തന്നെയായിരുന്നു. റാം റഹിമിന്റെ ആരാധകരെ മാനിച്ച് സിനിമ കേരളത്തിലുള്‍പ്പെടെ റീമേക്ക് ചെയ്തിറക്കാനും പദ്ധതികള്‍ നടന്നിരുന്നു. പക്ഷെ, ദൈവം ചതിച്ചു. സിനിമാമേഖലയെ കടുത്ത പ്രതിസന്ധികളിലാക്കിക്കളഞ്ഞു റാം റഹീം.