ഒരാഴ്ച നീളുന്ന ഉല്‍സവങ്ങളില്‍ അവസാന ദിവസം ഒടുവിലത്തെ ഐറ്റമായിരിക്കും മൊത്തത്തില്‍ ആ ഉല്‍സവത്തിന്റെ ഒരു ഹൈലൈറ്റ്. അത് നൃത്തസംഗീത നാടകമോ, ഗാനമേളയോ, ചിലപ്പോ ഏതെങ്കിലും ആട്ടക്കഥയുമായി കഥകളിയുമായിരിക്കും. അതുപോലെയാണ് ഇന്ന്. പ്രധാനപ്പെട്ട ഐറ്റം വഴിയെ വരുന്നുണ്ട്. അതിനുമുമ്പ് വേദി ഒന്ന് സജ്ജമാക്കണം. ആള്‍ക്കൂട്ടത്തെ വരുത്തണം. അതിനുള്ള ചില മേമ്പൊടികളുമായി തുടങ്ങുകയാണ്. പാളിയ സമരം എന്ന ടൈറ്റിലിലാണ് ആദ്യത്തെ രണ്ട് ഐറ്റങ്ങളുടെ വരവ്. രണ്ടും കോണ്‍ഗ്രസുകാരാല്‍ കോണ്‍ഗ്രസിന് തന്നെ സംഭവിക്കുന്ന നാണക്കേടുകളാണ്. ആദ്യമായി നിയമസഭയിലെ ഉപവാസസമരത്തിലേക്ക് പോകാം. അവിടെ ശൈലജ ടീച്ചറെ രാജിവപ്പിക്കാനാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉപവാസം സംഘടിപ്പിച്ചത്. കോടതി പരാമര്‍ശമായിരുന്നു പിടിവള്ളി. ആ പിടിവള്ളി കോടതി തന്നെ അങ്ങ് തിരിച്ചെടുത്തു. അതോടെ ഉപവാസത്തിന്റെ പിടിവള്ളി അയഞ്ഞുപോവുകയും ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാന ടീച്ചറായ എ.കെ.ആന്റണി കഴിഞ്ഞദിവസം ചില ക്ലാസും ഉപദേശവുമായി കേരളത്തിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പാലക്കാട്ടെ കോണ്‍ഗ്രസുകാര്‍ക്കായിരുന്നു ആദ്യത്തെ റിഫ്രഷ്മെന്റ് ക്ലാസ്. എങ്ങനെ നന്നായി സമരം ചെയ്യാം എന്നവിഷയത്തിലൂന്നിയായിരുന്നു ആന്റണിസാറിന്റെ ക്ലാസുതന്നെ. എന്നുവച്ചാല്‍, നന്നായി വെയിലുകൊള്ളാനും നിരാഹാരമിരിക്കാനും പൊലീസിന്റെ അടി വാങ്ങിക്കാനുമൊക്കെ ശേഷിയുള്ളവര്‍ മതിയത്രെ ഇനി പാര്‍ട്ടിയില്‍. അല്ലാത്തവര്‍ കസേരയിലെ ഇരുത്തം നിര്‍ത്തി വീട്ടില്‍ പോയി കിടക്കാനാണ് ഉപദേശം. ഇതൊക്കെ കേട്ട് ഇന്ന് കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനെത്തി. സംഗതി ജോറാവുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായ ജെബി മേത്തറിന്റെ ഉദ്ഘാടന പ്രസംഗം കേട്ടല്ലോ അല്ലേ. അതുകേട്ട സ്ഥിതിക്ക് ഇനി ബാക്കി കാണുന്നതാണ് നല്ലത്. കൂടെയുള്ള ഡൊമിനിക് പ്രസന്റേഷന് ഉപദേശിച്ച ബുദ്ധിയാണോന്നറിയില്ല. ജെബി മേത്തര്‍ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ നല്ല ഭംഗിയായി അങ്ങ് തേച്ച് കൊടുത്തു. ആന്റണിസാറിന്റെ ക്ലാസുകൊണ്ടൊന്നും ഇന്നാട്ടിലെ കോണ്‍ഗ്രസ് ഗതിപിടിക്കില്ലെന്നാണ് അവര്‍തന്നെ പറയുന്നത്.