ആശ്വാസമാകാൻ കണക്കുപറച്ചിൽ മതിയോ ?

Thumb Image
SHARE

ക്രിസ്മസ് കഴിഞ്ഞ് പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങുകയാണ്. ആഘോഷഭരിതമാണ് മനസ്സുകള്‍. തീരദേശ ജനതയ്ക്ക് ഒഴികെ. ക്രിസ്മസ് ദിനത്തില്‍ 9 മണി ചര്‍ച്ച തീരമേഖലയുടെ മരവിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തിരിച്ചെത്താനുള്ളവരുടെ കണക്കുകള്‍ സംബന്ധിച്ച അനിശ്ചിതത്വം ക്രിസമസ് കഴിഞ്ഞാല്‍ തീരുമെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഇന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പാകെ ഒരു കണക്ക് അവതരിപ്പിച്ചു. അതുപ്രകാരം 143 പേരെയാണ് തിരിച്ചുകിട്ടാനുള്ളത്. ഇതാണ് അന്തിമകണക്കെന്നും മന്ത്രി പറഞ്ഞുവച്ചു. കഴിഞ്ഞദിവസം വരെ സര്‍ക്കാരിന്റെ 165 മലയാളികള്‍ ഉള്‍പ്പെടെ 207 ആയിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭ പറയുന്ന കണക്ക് ഇപ്പോഴും 310 ആണ്. മാത്രവുമല്ല, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് മറ്റൊരു കണക്കും. അതുകൊണ്ട്, ഇനി കണക്കില്‍ തിരിമറി വേണ്ടെന്ന ഇണ്ടാസ് ഫലിക്കില്ല മിനിസ്റ്റര്‍. സര്‍ക്കാരിന്റെ കണക്ക് അന്തിമമാണെന്ന് വരുത്താന്‍ ഈ കര്‍ശനമായ പറച്ചില്‍ മതിയാവില്ല. വ്യക്തത വേണം. ഒപ്പം, തീരദേശജനതയുടെ മുറിവുണക്കാന്‍ കേരളം എന്തുചെയ്യുന്നുണ്ട് എന്ന വലിയചോദ്യം വേറെ.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- എഴുപതിലേറെ പേര്‍ മരിച്ചെന്ന് ഉറപ്പിക്കുകയും ഇരുന്നൂറോളം മനുഷ്യരെയെങ്കിലും കാണാതാവുകയും ചെയ്ത ദുരന്തത്തെ ഇപ്പോഴും കേരളം നിസ്സംഗതയോടെയാണ് കാണുന്നത്. ഭരണയന്ത്രങ്ങള്‍ അതിന്റെ പതിവുവേഗത്തില്‍ മാത്രം ചലിക്കുന്നു. മനുഷ്യസ്നേഹികളെന്ന് സ്വയം വിചാരിക്കുന്ന പൊതു മലയാളി സമൂഹം തീരത്തേക്ക് പോകുന്നത് ഇപ്പോഴും കാറ്റുകൊള്ളാനാണ്. പക്ഷേ, അറിയുക, അത് ആലംബമില്ലാതായ അനേകം ജീവിതങ്ങളുടെ കണ്ണീരുകലര്‍ന്ന കാറ്റാണ്.

MORE IN 9MANI CHARCHA
SHOW MORE