സോളര്‍ വിവാദവും കെഎസ്ആര്‍ടിസിയും തമ്മിലെന്താണ് ബന്ധം? സിംപിളാണ് ഉത്തരം. സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം കെഎസ്ആര്‍ടിസി സിഎംഡിയുടെ കസേര തെറിച്ചു. എം ജി രാജമാണിക്യം പുറത്ത്. സോളര്‍ കമ്മിഷന് വിമര്‍ശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ക്രമസമാധാനത്തില്നിന്ന് മാറ്റിയ നടപടിയിലാണ് രാജമാണിക്യം ബലിയാടായത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള നീക്കംനടത്തിയ ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ എന്തിന് അനീതികാട്ടി?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. നയവും പരിപാടികളും സര്‍ക്കാരിന്റേതാണ്. അത് നടപ്പാക്കാനുള്ള ആള് മാത്രമാണ് ഒരുദ്യോഗസ്ഥന്. സമ്മതിക്കുന്നു. പക്ഷെ ഇവിടെ സിഎംഡി സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റുന്നതിന് ഒരു ന്യായവുമില്ല. കെഎസ്ആര്‍ടിസിയെ നവീകരിക്കാനും രക്ഷിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്, തിരസ്കരിക്കുകയാണ്, അതല്ല പ്രധാനമെന്ന് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. രാജമാണിക്യത്തെ ലക്ഷ്യമിട്ടവരെ ഒത്തുവന്ന സമയത്ത് തൃപ്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍. തികഞ്ഞ നീതികേട്.