കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതികളായവര്‍ക്ക് എതിരേ ചുമത്തിയ വകുപ്പുകള്‍ നിസ്സാരമാണെന്ന ആക്ഷേപം തുടക്കംതൊട്ട് വന്നു. അതിനു പുറമേയാണ് ഡ്രൈവര്‍ ഷെഫീക്ക് അസഭ്യം പറഞ്ഞുവെന്ന് നല്കിയ പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചുെവന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ആക്ഷേപം കനത്തപ്പോള്‍, പൊലീസിന്റെ നടപടി ശരിയായോ എന്ന് അന്വേഷിക്കാന്‍ ഐ.ജി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡ്രൈവറെ ആക്രമിച്ചവര്ക്കുമേല് ചുമത്തിയത് സ്റ്റേഷന് ജാമ്യത്തില്‍ വിടാവുന്ന കുറ്റം. ഡ്രൈവര്‍ക്കുമേല്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. ചിലര്‍ ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവയ്ക്കുന്ന പ്രചാരണ വാചകമാണ് അവനൊപ്പം എന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കൊപ്പം നിന്നവര്‍ ഉപയോഗിച്ച അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിനു ബദലാണ് ഈ പ്രചാരണമെന്ന് വ്യക്തം.
കുറ്റത്തിന് ലിംഗഭേദമില്ല. അതിനാല്‍ ഡ്രൈവര്‍ക്കൊപ്പം നില്ക്കുന്നതില് ഒരു തെറ്റുമില്ല. പക്ഷേ അവള്‍ക്കൊപ്പം എന്നതിനു ബദലായി അവനൊപ്പം എന്നുപറയുന്നതിനോട് യോജിക്കാന്‍ വയ്യ. അവന് അനുഭവിക്കാത്ത ലിംഗഭേദം അവള് അനുഭവിക്കുന്നുണ്ട്. കൊച്ചി സംഭവം അത് ഇല്ലാതാക്കുന്നില്ല.