രാജകീയം ഈ വീടുകൾ

വീടുകളുടെ വലുപ്പം , എലിവേഷന്‍റെ പ്രൗഢി , ഇന്‍റീരിയർ അലങ്കാരങ്ങൾ എന്നിവകൊണ്ട് ഏറെ ശ്രദ്ധേയമായ വീടുകളാണ് മലപ്പുറം ജില്ലയിലെ മങ്കടയിലുള്ള പി ടി ബംഗ്ലാവ്. വള്ളുവനാട് കോവിലകത്തിന്‍റെ പിന്തുടർച്ചക്കാരിൽ നിന്നും മേടിച്ച ആറര ഏക്കർ സ്ഥലത്താണ് രാജകീയ പ്രൗഢിയോടെ കൊട്ടാര സദൃശമായ ബംഗ്ലാവ് പണിതുയർത്തിയിരിക്കുന്നത്. പ്രമുഖ ബിസിനസ് ഗ്രൂപ്പായ പി ടി ഗ്രൂപ്പിലെ 3 സഹോദരങ്ങളുടെതാണ് കൊട്ടാരങ്ങളുടെ മാതൃകയിൽ പണിതുയര്‍ത്തിയിരിക്കുന്ന ഈ വീടുകൾ.  വീടുകളുടെ പ്ലാനും എക്സ്റ്റീരിയർ - സ്ട്രക്ച്ചറൽ  രൂപകൽപ്പനയും നിർവഹിച്ചിരിക്കുന്നത് കോഴിക്കോടുള്ള ടീം20 കൺസൾട്ടൻസിലെ ചീഫ് ഡിസൈനർ നസീർഖാനാണ് . പ്രൗഢി ഒട്ടും ചോരാതെ വീടുകളുടെ ഇന്‍റീരിയർ ഡിസൈനും  ഇന്‍റീരിയർ ഏകോപനവും നിർവഹിച്ചിരിക്കുന്നത് കോഴിക്കോടുള്ള ജാബിർ ബിൻ അഹമ്മദാണ്. 

സഹോദരങ്ങളുടെ വീടുകളായതുകൊണ്ട് രൂപഭംഗിയിൽ ഏറെ സാമ്യത തോന്നാമെങ്കിലും എലിവേഷന്‍റെ ഡീറ്റെയിലിങ്ങിൽ തികച്ചും വ്യത്യസ്തത കാണാനാകും ഉയരവും ആകാരഭംഗിയും തലയെടുപ്പും കേരളത്തിലെ സാധാരണ വീട് ഡിസൈനിൽ നിന്നും ഈ വീടിനെ വേറിട്ട് നിർത്തുന്നു. 

 ഡിസൈനിലെയോ മെറ്റീരിയലിലെയോ ആവർത്തനങ്ങളൊന്നുമില്ലാതെ തികച്ചും വ്യത്യസ്ത രീതികളിലാണ് 3 വീടുകളുടെയും  ഇന്‍റീരിയ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുറം മോടിയുടെ പ്രൗഢിക്ക് ഒട്ടും കോട്ടം വരാതെ രാജകീയ പ്രൗഢിയിൽ തന്നെയാണ് ഈ വീടിന്‍റെ അകത്തളങ്ങളുടെ ഓരോ ഇഞ്ച് സ്ഥലവും അണിയിച്ചൊരുക്കിയിരിക്കുന്നത്.