E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ദൈവം കൈവിട്ട ആൾദൈവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുര്‍മീത് റാം റഹിം സിങിന്റെ അനുഗ്രഹത്താലുണ്ടായ വായില്‍ തോന്നിയതിന്റെ ഒരെപ്പിസോഡാണ് നിങ്ങളിന്നു കാണാന്‍ പോകുന്നത്. ആള്‍ദൈവം എന്ന വാക്കിന്റെ പഞ്ചാബി വാക്കുപയോഗിച്ചാണ് സ്വന്തം നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. ആളു പുലിയാണ്, ആളു കോഴിയാണ് എന്നൊക്കെ പറയുന്നപോലെ ആളു ദൈവമാണ് എന്ന് പറഞ്ഞ് പറഞ്ഞായിരിക്കണം ഈ ആള്‍ദൈവം എന്ന വാക്കു തന്നെ ഉണ്ടായത്. അതേതായാലും ഈ ആള്‍ദൈവം ഒരു പുലിയാണ്. കോഴിയുമാണെന്ന് കോടതി കണ്ടെത്തി. അതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ശരിക്കും ഇദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണോ കോടതി ശിക്ഷിച്ചതെന്ന് എനിക്ക് ശക്തമായ സംശയമുണ്ട്. 

അഭിനയമെന്ന് വച്ചാല്‍ മൂന്നാലോസ്കാര്‍ ഒരുമിച്ച് കൊടുത്തുപോകും. നവരസങ്ങള്‍ കൂടാതെ ഒരു പത്ത് പന്ത്രണ്ട് രസം സ്വന്തമായി കണ്ടുപിടിച്ചിട്ടുണ്ട്. ലോകത്തെ സകല കളറിലുമുള്ള ഡ്രസ് എടുത്തുടുത്താണ് അഭിനയം. കണ്ടാല്‍ അഭിനയിക്കുന്നവനെ എടുത്തുടുക്കാന്‍ നമക്ക് തോന്നിപ്പോകും ഡയലോഗെന്നു വച്ചാല്‍ ഒന്നൊന്നര ഡയലോഗാണ്. മലയാളത്തിലെങ്ങാനും അഭിനയിക്കാന്‍ വന്നാല്‍ ഇദ്ദേഹത്തിന് ഡയലോഗെഴുതാന്‍ ഇന്നൊരാളേ ജീവിച്ചിരിക്കുള്ളു നൂറില്‍കുറവ് ആളുകള്‍ തല്ലാന്‍ വന്നാല്‍ റാം റഹിം അറ്റന്‍ഡ് ചെയ്യില്ല. പിള്ളേരെക്കൊണ്ട് വിരട്ടുകയേ ഉള്ളു. ഒരിടിക്ക് 120 പേരുടെ മരണം. അതാണ് സ്റ്റൈല്‍. പാറക്കല്ല് ഹെഡ് ചെയ്ത് പൊട്ടിക്കുക. കൊമ്പനാനയെ കുനിച്ച് നിര്‍ത്തി ഇടിക്കുക എന്നിവയാണ് ഹോബി. പറക്കാന്‍ തോന്നിയാല്‍ ഹെലിക്കോപ്റ്ററിനും പാരച്ചൂട്ടിനും കാത്തു നില്‍ക്കില്ല പിന്നെ പാട്ടും പാടും. അതിന്റെ വരികള്‍ പെറ്റ തള്ളപോലും സഹിക്കില്ല ഇതുവരെ അവാര്‍ഡ് കമ്മിറ്റികള്‍ തിരിച്ചറിയാതെ പോയ മഹാപ്രതിഭ. ഇപ്പോള്‍ കേന്ദ്രത്തിലുള്ള പിടിപാടും അവിടത്തെ സിനിമാ അവാര്‍ഡിന്റെ നിലവാരവും വച്ചു നോക്കിയാല്‍ അടുത്തപടത്തിന് പുരസ്കാര മഴ പ്രതീക്ഷിക്കാം 

റാം റഹിം യഥാര്‍ഥത്തില്‍ കാലത്തിനൊത്ത സാമിയാണ്. രാജ്യത്ത് ബാക്കിയെല്ലാം മാറിയില്ലേ. പണ്ട് ഹോട്ടല്‍ എന്നു പറഞ്ഞാല്‍ ഉടുപ്പിടാതെ ഒരു തോര്‍ത്തും തോളത്തിട്ടു വന്ന് കഴിക്കാന്‍ എന്താ വേണ്ടത് എന്നു ചോദിക്കുന്ന ഒരു ചേട്ടനെയാണ് നമുക്ക് ഓര്‍മ വരിക. ഇപ്പോഴേ സിനിമാ താരങ്ങളെപ്പോലെ വസ്ത്രം ധരിച്ച വെയിറ്റര്‍മാരല്ലേ. പണ്ട് കമ്യൂണിസ്റ്റുകാര്‍ എന്നു പറഞ്ഞാല്‍ കട്ടന്‍ ചായയും പരിപ്പുവടയും ദിനേശ് ബീഡിയുമായി നടന്ന ടീംസായിരുന്നില്ലേ. ഇപ്പഴോ ഐ ഫോണും പിസയും ബ്രാന്‍ഡഡ് ഷര്‍ട്ടുമായില്ലേ. പിന്നെ എന്തിന് ഈ ആത്മീയ നേതാക്കള്‍ മാത്രം ഇങ്ങനെ കാവിയും ധരിച്ച് കുറിയുമടിച്ച് നടക്കണം. റാം റഹിം അത്രയേ ചിന്തിച്ചു കാണുള്ളു. റാം റഹിമിന് ദേരാ സച്ചാ സൗദാ എന്നും പറഞ്ഞ് വിശ്വസികളുടെ സംഘടനയുണ്ട്. അതില്‍ അഞ്ചു കോടിയിലധികം ആളുണ്ടെന്നാണ് പറയപ്പെടുന്നത്. ഗുര്‍മീതിനെ എന്തിനു പറയുന്നു. ഇതിനെയൊക്കെ ദൈവമെന്ന് പറഞ്ഞ് ആരാധിക്കുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. കേരളത്തിലും വന്ന് ആത്മീയത പ്രചരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം 

മാനഭംഗക്കേസില്‍ ഗുര്‍മീതിനെ അകത്താക്കാന്‍ കോടതി തീരുമാനിച്ചതോടെ അനുയായികള്‍ ഇളകി. ഇളകി എന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ സിപിഎമ്മുകാരെപ്പോലെ കോടതിയിലേക്ക് പ്രകടനം നടത്തിയോ ജഡ്ജിയുടെ കോലം കത്തിച്ചോ ആയിരുന്നില്ല ഇളകിയത്. ഒരു മൂന്നാല് സംസ്ഥാനങ്ങള്‍ അവരങ്ങ് കത്തിച്ചു. സിംപിള്‍. സ്വന്തം ആളായതു കാരണം സര്‍ക്കാരൊന്നും ചെയ്യാന്‍ നിന്നില്ല. ആള്‍ ദൈവത്തിന്റെ ആള്‍ക്കാരായ കാരണം മറ്റ് ദൈവങ്ങളും ഇടപെട്ടില്ല. പത്ത് മുപ്പത്തഞ്ച് പേരങ്ങ് തട്ടിപ്പോയി. 

നിവൃത്തികെട്ട് ഹൈക്കോടതി പ്രധാനമന്ത്രിയെയും ഹരിയാന മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു. എന്നുവച്ചാല്‍ പറ്റുന്ന ഏറ്റവും നല്ല ഭാഷയില്‍. പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ സംഭവത്തെ അപലപിച്ചു. മുമ്പ് ഈ ഫ്രോഡ് ഒരു മഹാനാണെന്നും പറഞ്ഞ് ട്വീറ്റ് ചെയ്ത ആളാണ് നരേന്ദ്ര മോദി. സ്വച്ഛ ഭാരത കലാപരിപാടിയില്‍ തൂക്കുകയോ തുടക്കുകയോ ചെയ്തത് കണ്ടിട്ട്. ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ ആകെ ഗട്ടറില്‍ വീണ അവസ്ഥയിലാണ്. കള്ള സാമിയെ അകത്താക്കിയാല്‍ അയാളുടെ ആളുകള്‍ നാടുനീളെ കത്തിക്കുമെന്ന് ഇന്റലിജന്‍സൊന്നും പറഞ്ഞു കാണില്ലേ എന്തോ? എന്തിനാ പറയുന്നത് ഖട്ടറുടെ സ്വന്തം ആളല്ലേ, ഇതൊക്കെ നേരിട്ട് അറിയാമായിരിക്കുമല്ലോ. ഇലക്ഷന് റാം റഹിമിന്റെ പിന്തുണക്ക് വേണ്ടി ഓച്ഛാനിച്ചു നിന്നതൊക്കെ ശരിതന്നെ അതിലപ്പുറം എന്തിനാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് ഈ വിധേയത്വം? 

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തില്‍ ഏതെങ്കിലും ബിജെപിക്കാരന്‍ മരിച്ചാല്‍ കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും സമാധാനം വരുത്താന്‍ പദയാത്ര പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു ബിജെപി ദേശീയ അധ്യക്ഷനുണ്ടല്ലോ ഡല്‍ഹിയില്‍ 

ഇപ്പോഴെന്താണ് അമിത് ഷാ ജിക്ക് ഹരിയാനയില്‍ ക്രമസമാധാന നില തകര്‍ന്നതായി തോന്നുന്നില്ലേ? പത്രം വായനയൊക്കെ നിര്‍ത്തിയോ? അതോ 37 മരണം അത്ര വലിയ കാര്യമൊന്നുമല്ലേ? 

കേരളത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ പോലെ ഹരിയാനയില്‍ വിളിച്ചു വരുത്താന്‍ ഗവര്‍ണറൊന്നുമില്ലേ? അതോ വിളിച്ചാല്‍ പോകാത്ത മുഖ്യമന്ത്രിയാണോ? കേരളത്തില്‍ വന്നാലുടന്‍ സംസ്ഥാനത്തിന്റെ സമാധാനത്തിന് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്ന ഒരു നിയമമന്ത്രിയുണ്ടായിരുന്നല്ലോ 

ഇപ്പോള്‍ ഇങ്ങനെ വടക്കേ ഇന്ത്യ കത്തുമ്പോള്‍ ഏതമ്പലത്തില്‍ പോയി പ്രാര്‍ഥിക്കാനാണാവോ രവിശങ്കര്‍ പ്രസാദിന്റെ പരിപാടി? അതുപോട്ടെ. കശ്മീരില്‍ കലാപം തടയാന്‍ അവരിലൊരാളെ ജീപ്പിനു മുകളില്‍ കെട്ടിവച്ച് കൊണ്ടു പോയപോലെ ഈ റാം റഹിമിനെ കെട്ടിയ ഒരു ജീപ്പ് ഒന്നോടിച്ചാല്‍ എങ്ങനെയുണ്ടാകും. നിയമ തടസം വല്ലതും കാണുമോ? 

സംസ്ഥാനത്ത് ക്രമസമാധാനം മോശമായാലുടന്‍ ഗവര്‍ണറെയും കേന്ദ്രമന്ത്രിമാരെയും കണ്ട് പരാതി പറയുന്ന ഒരു ബിജെപി സംസ്ഥാന പ്രസിഡന്റ് നമുക്കുണ്ടല്ലോ. സമാധാനത്തിന്റെ കുമ്മനപ്രാവ് 

എന്താ കുമ്മനം ജി കേരളത്തിലാണോ ഹരിയാനയിലാണോ ആദ്യം രാഷ്ട്രപതി ഭരണം വേണ്ടത്? കേരളത്തില്‍ പറഞ്ഞതൊക്കെ നമുക്കൊന്ന് വടക്കേ ഇന്ത്യയിലും നടപ്പാക്കി നോക്കണ്ടേ? 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിക്കാര്‍ പറയുന്നത് കേരളമാണ് ഇന്ത്യയിലെ ഊള സംസ്ഥാനമെന്നാണ്. അത് ചില ദേശീയ ചാനലുകാരും ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ മൊത്തം കൊള്ളയും കൊലയുമാണെന്നാണ് അവരുടെ ഒരിത്. നമ്മള്‍ കാണുന്ന കേരളമല്ല അവര്‍ കാണുന്നത്. നമ്മളു കാണുന്നത് ഇങ്ങനെയാ. ഉത്തരേന്ത്യയിലിരുന്ന് ബിജെപിക്കാരന്‍ നോക്കുമ്പോള്‍ കേരളത്തിന് ചില കുറവുകളുണ്ടെന്നത് വാസ്തവമാണ്. ഇവിടെ പശുവിന്റെ പേരു പറഞ്ഞ് ആളുകളെ കൊല്ലുന്നില്ല. ഓക്സിജനില്ലെന്ന് പറഞ്ഞ് കുട്ടികളെയും കൊല്ലുന്നില്ല. പിന്നെ ഇവിടെയീ ആവശ്യമില്ലാത്ത സാക്ഷരതയും ആരോഗ്യനിലവാരവുമൊക്കെ ഉണ്ടു താനും. 

നമ്മളീ കാണുന്ന കേരളമല്ല ബിജെപിക്കാര്‍ കാണുന്നത്. അവരു കാണുമ്പോ ഇവിടെ എന്നും യുദ്ധമാണ്. സിപിഎമ്മുകാര്‍ രാവിലെ എണീറ്റ് ആര്‍ എസ് എസുകാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഉച്ചക്ക് തീരുമാനമെടുക്കുന്നു. വൈകുന്നേരം കൊല്ലുന്നു. അതാണ് ബിജെപി കാണുന്ന കേരളം 

വടക്കേ ഇന്ത്യയില്‍ ഒരു കലാപമുണ്ടായപ്പോള്‍ അത് സ്വന്തം വീട്ടിനപ്പുറം നടന്ന പ്രശ്നമായി കണ്ട് വിഷമിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് ഇനിയെപ്പോഴെങ്കിലും ഡല്‍ഹിയില്‍ പോകുമ്പോള്‍ കുമ്മനം ജി ഒന്ന് അറിയാവുന്ന ഹിന്ദിയില്‍ സ്വന്തം നേതാക്കളോട് പറഞ്ഞേക്കണേ. അപ്പോളിനി ഒരു ഇടവേള വേഗം തിരിച്ചു വരാം