കേരളത്തില്‍ ഇടതുമുന്നണിയെ തകര്‍ത്തത്് ഭരണവിരുദ്ധവികാരമാണോ? ഒന്നും നേടിയില്ല, ഒന്നും നഷ്ടപ്പെട്ടുമില്ല എന്ന് പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും കണ്ണടച്ചാല്‍ കേരളത്തിലാകെ ഇരുട്ടാകുമോ? ഭരണവിരുദ്ധവികാരമല്ലാതെ മറ്റെന്തു കാരണമാണ് ഇടതുമുന്നണിക്ക് ഈ ദയനീയ പ്രകടനത്തില്‍ സമ്മതിക്കാനാകുക. യു.ഡി.എഫിന്റെ ഉജ്വലമായ പ്രകടനത്തില്‍ ശരിക്കും കോണ്‍ഗ്രസിന് എത്രമാത്രം പങ്കുണ്ട്? ഒപ്പം ബി.ജെ.പിയുടെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത് ശരിക്കും ആരാണ്? 

ശബരിമല സമരത്തിന്റെ പശ്ചാത്തലമില്ല. തുടര്‍ഭരണത്തിലൂടെ ചരിത്രം തിരുത്തിയ ഇടതുമുന്നണി സര്‍ക്കാരിന് സ്വാഭാവിക ഭരണവിരുദ്ധവികാരമെന്ന ലളിതന്യായം പോര. തൃശൂരില്‍ ജയിച്ചത് സുരേഷ് ഗോപിയെന്ന് സമാധാനിക്കാന്‍ ശ്രമിക്കുന്ന ഇടതുമുന്നണിക്ക് ആലത്തൂരില്‍ ജയിച്ചത് കെ.രാധാകൃഷ്ണനെന്നു സമ്മതിക്കാന്‍ പക്ഷേ പ്രയാസമുണ്ടാകും. 

എങ്കിലും മൊത്തത്തില്‍ വലിയ പരാജയമാണെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുത്തും എന്നു പറഞ്ഞാല്‍ തിരുത്തും. ആരു തിരുത്തും. മുഖ്യമന്ത്രി തിരുത്തും. ആരെ തിരുത്തും. തിരുത്തണമെന്നു പറയുന്നവരെ തിരുത്തും. തിരുത്തണമെന്ന് ഇനി പറയാന്‍ സാധ്യതയുള്ളവരെയും ഇപ്പോഴേ തിരുത്തിയിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശനങ്ങളോട് രാജ്യത്തു നിലനില്‍ക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ അസഹിഷ്ണുവായ ഭരണാധികാരിയെക്കുറിച്ച് പ്രകീര്‍ത്തനങ്ങള്‍ തുടങ്ങാം. സ്തുതിഗീതങ്ങളല്ലാതെ ചെറുതായൊരു ചൂണ്ടുവിരല്‍ പോലും വച്ചുപൊറുപ്പിക്കില്ലെന്ന് പിണറായി വിജയന്‍ താക്കീത് നല്‍കുന്നത് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്കു മാത്രമല്ല. പാര്‍ട്ടിക്കു കൂടിയാണ്. 

ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള അനുഭാവം മുതല്‍, ഭരണവിരുദ്ധ വികാരം, മുടങ്ങിയ ക്ഷേമപെന്‍ഷന്‍, സിവില്‍ സപ്ലൈസിലെ അലംഭാവം, പൊലീസ് നയം, അഴിമതി തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയുടെ പിന്നിലുണ്ട്. പക്ഷേ ഇതേ കാരണങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായും ഈ തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. ഭരണ–രാഷ്ട്രീയപ്രശ്നങ്ങളിലെല്ലാം രാഷ്ട്രീയവിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞ മുന്നണിയും പാര്‍ട്ടിയും പെട്ടു പോയത് പിണറായി വിജയനു നേരെ വ്യക്തിപരമായി ഉയര്‍ന്ന ആരോപണങ്ങളിലാണ്. ആ ആരോപണങ്ങളോട് പിണറായിയും കുടുംബവും സ്വീകരിച്ച സമീപനത്തിലാണ് ഇടതുപക്ഷത്തിന് ഉത്തരം മുട്ടിയത്. എന്താണ് വസ്തുതയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടു പോലും വിശദീകരിക്കാനുള്ള മര്യാദ പിണറായി വിജയന്‍ കാണിച്ചിട്ടില്ല. എന്നിട്ടും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ഇടതുപക്ഷത്തു നിന്ന്  തിരുത്തണമെന്നാവശ്യപ്പെട്ടവരാരും മുഖ്യമന്ത്രിക്കു നേരെ വിരല്‍ ചൂണ്ടിയിട്ടില്ല. പക്ഷേ രാഷ്ട്രീയവിമര്‍ശനങ്ങളോടു പോലും മുഖ്യമന്ത്രിയുടെ സഹിഷ്ണുത എത്രയാണെന്ന് കേരളം കണ്ടു.

മാര്‍ കൂറിലോസ് ഉന്നയിച്ച ഏതു കാര്യത്തെയും മുഖ്യമന്ത്രിക്ക് തിരിച്ചും വിമര്‍ശിക്കാം. രാഷ്ട്രീയവിമര്‍ശനമാണ് കൂറിലോസ് ഉന്നയിച്ചത്. പക്ഷേ അതുന്നയിച്ച വ്യക്തിയെ അധിക്ഷേപിക്കുകയാണ് പിണറായി ചെയ്യുന്നത്. വിമര്‍ശനവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തയാളൊന്നുമല്ല പിണറായി. എന്തുകൊണ്ട് അദ്ദേഹം നരേന്ദ്രമോദിക്കെതിരെ സംസാരിക്കുന്നില്ല എന്ന് ശക്തമായ ചോദ്യമുയരാറുണ്ട്. നരേന്ദ്രമോദിയെ അല്ല, മോദിയുടെ രാഷ്ട്രീയത്തെയാണ് വിമര്‍ശിക്കേണ്ടത് എന്നാണ് പിണറായി ആരാധകര്‍ നിരത്താറുള്ള പ്രതിരോധം. പക്ഷേ രാഹുല്‍ഗാന്ധിയുടെ കാര്യത്തിലാകുമ്പോള്‍ ഈ മര്യാദ ബാധകമല്ല. 

വിമര്‍ശനവും കടന്ന് അധിക്ഷേപം തന്നെയാണ് രാഹുല്‍ഗാന്ധിക്കെതിരെ പിണറായി ആവര്‍ത്തിച്ചത്. അതായത് രാഷ്ട്രീയവിമര്‍ശനങ്ങളും വ്യക്തിഅധിക്ഷേപവും തമ്മിലുള്ള വ്യത്യാസവും പിണറായിക്കറിയാം. ആരെയാണ് വിമര്‍ശിക്കേണ്ടതെന്നും ആരെയാണ് അധിക്ഷേപിക്കേണ്ടതെന്നും പിണറായിക്ക് വ്യക്തമായി അറിയാം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ പിണറായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കില്ല, അധിക്ഷേപിക്കുക തന്നെ ചെയ്യും. ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന മാര്‍ കൂറിലോസിന്റെ രാഷ്ട്രീയവിമര്‍ശനത്തിനും വ്യക്തിഅധിക്ഷേപമാണ് മറുപടി. 

രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ തിരഞ്ഞു പിടിച്ച് വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്ന് സാമാന്യബോധമുള്ളവര്‍ക്കു മനസിലാകും. ഇനിയൊരിക്കലും അങ്ങനെയൊരു വിമര്‍ശനത്തിനും ആരും മുതിരരുത്. അഥവാ പറഞ്ഞുപോയാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്കിരയാകേണ്ടിവരും.  വിമര്‍ശിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെയാണ് ഇന്ത്യ ഈ തിരഞ്ഞെടുപ്പില്‍ തിരുത്തിയത്. കേരളത്തിലും തിരുത്തേണ്ടതെന്തെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി കാണിച്ചു തരുകയാണ് പിണറായി വിജയന്‍ ചെയ്തത്. ഭരണവിരുദ്ധവികാരം ഇടതുമുന്നണിക്ക് തിരിച്ചടിയായെങ്കില്‍ ആ എരിതീയിലേക്ക് എപ്പോഴും എണ്ണ പകര്‍ന്നു കൊണ്ടിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്ന് കൂടി കാണാതെ ഒരു തിരുത്തലും സാധ്യമാകില്ല. 

മുഖ്യമന്ത്രി കേരളത്തെ തിരുത്തുമ്പോള്‍ മുഖ്യമന്ത്രിയെ കേരളം തന്നെ തിരുത്തേണ്ടി വരും. . അത് പിണറായി വിജയന്റെ ശൈലി എന്ന ന്യായം വേണ്ട. രാഷ്ട്രീയവിമര്‍ശനത്തിന് അധിക്ഷേപമാണ് ശൈലിയെങ്കില്‍ ആ ശൈലി പിണറായി വിജയന്‍ തിരുത്തണം. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തേണ്ട പല കാര്യങ്ങളും പിണറായി വിജയനും മാതൃകയാക്കി തിരുത്തേണ്ടതാണ്. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ മൗനം പാലിച്ച്,  ചോദ്യങ്ങളെ പാടേ അവഗണിച്ച് അതിജീവിക്കാമെന്ന മോദി മോഡല്‍ കേരളത്തിലും കൊണ്ടു വന്നത് പിണറായിയാണ്. കേരളത്തിനും ചോദ്യങ്ങള്‍ക്കുത്തരം വേണം. കേരളത്തിലും ചോദ്യങ്ങളും ഉത്തരങ്ങളും തിരിച്ചുവരണം. സുതാര്യത തിരിച്ചുവരണം. വിയോജിപ്പുകളും സംവാദങ്ങളും തിരിച്ചുവരണം. 

കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശരിക്കും ആഹ്ലാദിക്കാനുള്ളത് ആര്‍ക്കാണ്. കയ്യിലുള്ള രണ്ടു സീറ്റുകള്‍ പോയിട്ടും വന്‍നേട്ടമുണ്ടാക്കിയ യു.ഡി.എഫിനാണോ ചരിത്രത്തില്‍ ആദ്യമായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്ന ബി.െജ.പിക്കാണോ? തൃശൂരില്‍ കെ.മുരളീധരനെ മൂന്നാമതാക്കിയത് ജനങ്ങളാണോ കോണ്‍ഗ്രസാണോ?  കൂടുതല്‍ ആഴത്തിലും വിശാലമായും സമീപിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നതെന്താണെന്ന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ ജനവിധി

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 18 സീറ്റില്‍ മികച്ച വിജയം നേടി. സി.പി.എമ്മിനെ ഒരു സീറ്റില്‍ പിടിച്ചു കെട്ടി. പക്ഷേ ഒരു സീറ്റ് ചരിത്രത്തിലാദ്യമായി ബി.ജെ.പിക്കു നേട്ടമായി. ശക്തമായ മല്‍സരമെന്ന പ്രതീതിയുണ്ടായിരുന്ന സീറ്റുകളില്‍ പോലും ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടിയ ഉജ്വല പ്രകടനങ്ങളില്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് അഭിമാനിക്കാം. പക്ഷേ പതിനെട്ടിന്റെയും തിളക്കം  കുറയ്ക്കുന്ന തിരിച്ചടി തൃശൂരിലുണ്ടായി. അതിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചര്‍ച്ചകള്‍ ഒടുവില്‍ ഡി.സി.സിയിലെ കൂട്ടത്തല്ലില്‍ വരെ എത്തി നില്‍ക്കുന്നു. 

ഏതു നിര്‍ണായകസാഹചര്യത്തിലും സങ്കുചിത താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിനോട് എന്താണ് ചെയ്യുന്നതെന്ന് ആ പാര്‍ട്ടി തന്നെയാണ് ചിന്തിക്കേണ്ടതും നടപടിയെടുക്കേണ്ടതും. ദേശീയ തലത്തിലെ മുന്നേറ്റം പോലെ കേരളത്തില്‍ മുന്നണിയോട് തുടര്‍ച്ചയായ ഒരു അനുഭാവം ഉണ്ടാകണമെന്നില്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. തമ്മില്‍തല്ലും കുതികാല്‍വെട്ടും അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടികളും തിരിച്ചുവരും. 

ബി.ജെ.പിക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാനേറെയുണ്ട് കേരളത്തിലെ ജനവിധിയില്‍. തൃശൂരില്‍ സുരേഷ്ഗോപിയുടെ ആധികാരികമായ ജയം മാത്രമല്ല. ആകെ വോട്ടു ശതമാനത്തില്‍ നേട്ടമുണ്ടായതും ബി.ജെ.പിക്കു മാത്രമാണ്. 1,97, 77,478 പേരാണ് കേരളത്തില്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. അതില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് 38, 37,003 വോട്ട് ലഭിച്ചു. 19.61 ശതമാനം.  കഴിഞ്ഞ തവണത്തെ 31 ലക്ഷത്തി ചില്ലറയില്‍ നിന്ന് 6,65,611 വോട്ടിന്റെ വര്‍ധന. യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ടുകളില്‍ വന്‍ചോര്‍ച്ചയുണ്ടായ അതേ നേരത്തു തന്നെയാണ് ബി.ജെ.പിയുടെ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. 

ലോക്സഭാതിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതാണ്. കേരളത്തിന്റെ രാഷ്ട്രീയചിത്രത്തിലുണ്ടായിരിക്കുന്ന മാറ്റമാണ് ഭരണപ്രതിപക്ഷങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടത്. 

ആര്‍ക്കും അത്യാഹ്ലാദമോ അതിനിരാശയോ നല്‍കാത്ത ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ത്യന്‍ ജനത 2024ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  താല്‍പര്യങ്ങളും താക്കീതുകളും ഒളിച്ചുവയ്ക്കാത്ത വിധി. ജനങ്ങള്‍ പഠിക്കേണ്ടതു പഠിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്. അടുത്തത് രാഷ്ട്രീയപാര്‍ട്ടികളുടെ ഊഴമാണ്. ജനങ്ങള്‍ പഠിപ്പിക്കുന്നത് മനസിലായാല്‍ സ്വാഭാവികമായി തന്നെ തിരുത്തലുകളുണ്ടാകും. അതല്ലെങ്കില്‍ തിരുത്താനുള്ള ചുമതല ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുന്നുവെന്ന ആശ്വാസമാണ് 2024ലെ പൊതുതിരഞ്ഞെടുപ്പ്. 

ENGLISH SUMMARY:

Parayathe vayya on loksabha election kerala result