വെറുപ്പിലല്ല വിശ്വാസമെന്ന് ഇന്ത്യന്‍ ജനത അടിവരയിട്ടു. ലോക്സഭാതിരഞ്ഞെടുപ്പു ഫലത്തെ ഒറ്റ വാചകത്തില്‍ ഇങ്ങനെ ചുരുക്കാം. ധ്രുവീകരണത്തെ പരാജയപ്പെടുത്താനാകില്ലെന്ന ആധിക്ക്  അന്ത്യം കുറിച്ചു. .ഏകാധിപത്യമല്ല, പ്രാതിനിധ്യമാണ് വേണ്ടതെന്ന് ഉറക്കെ പറഞ്ഞു. സര്‍വാധികാര, സമഗ്രാധിപത്യ വിദ്വേഷരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയ്ക്ക് നമ്മുടെ രാജ്യം തന്നെ തടയിട്ടു.  ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ പടുത്തെടുത്ത ഏകാധിപത്യത്തിന് ജനാധിപത്യം തന്നെ മരുന്നായി.  നമ്മുടെ രാജ്യം തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാതൃക. 

അതിനു മാത്രം എന്തു സംഭവിച്ചു, എന്തു മാറ്റമുണ്ടായി എന്നു നിഷ്ക്കളങ്കപ്പെടുന്നുണ്ടോ? ഇന്ത്യ  പത്തു വര്‍ഷത്തിനു ശേഷം ജനാധിപത്യത്തിന്റെ ആത്മാവിനെ വീണ്ടെടുത്തു. ശക്തമായ പ്രതിപക്ഷം കൂടിയാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് തലയുയര്‍ത്തി പറഞ്ഞു. സമഗ്രമായ പ്രാതിനിധ്യമാണ് ഇന്ത്യയുടെ കരുത്തും നീതിയുമെന്ന് ആഴത്തില്‍ കുറിച്ചു. 2024 ലോക്സഭാതിരഞ്ഞെടുപ്പ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വീണ്ടെടുപ്പു കൂടിയാണ്. ഇന്ത്യയുടെ വീണ്ടെടുക്കല്‍. 

സാങ്കേതികമായി മാത്രം കാണാനാഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും കാണാം. എന്തു സംഭവിച്ചു, മൂന്നാം തവണയും മോദി തന്നെ അധികാരം നിലനിര്‍ത്തി. ബി.ജെ.പി സഖ്യസര്‍ക്കാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും രാജ്യം ഭരിച്ചേക്കാം. എന്തു മാറ്റമുണ്ടായി. മാറ്റമുണ്ടാകുന്നത് പ്രതിപക്ഷബെഞ്ചുകളില്‍ മാത്രമല്ല. ഭരണപക്ഷത്തു തന്നെയാണ് ഏറ്റവും പ്രധാന മാറ്റം. ദൈവമെന്നു സ്വയം പ്രഖ്യാപിച്ച നരേന്ദ്രമോദി വീണ്ടും മനുഷ്യനായിരിക്കുന്നു. അതു തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നേട്ടം. ശരീരഭാഷയിലും ശബ്ദത്തിലും മോദി  ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നു, ദൈവവും അവതാരവുമല്ല, പ്രധാനമന്ത്രി മാത്രമായിരിക്കുന്നു. ആത്മാനുരാഗത്തിന്റെ പല വേര്‍ഷനുകള്‍ക്കു സാക്ഷ്യം വഹിച്ച ശേഷം രാജ്യം വീണ്ടും രാഷ്ട്രീയം സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സ്വന്തം ജനതയെ തമ്മിലടിക്കാനും വെറുക്കാനും സംശയിക്കാനും പ്രേരിപ്പിച്ചുകൊണ്ടേയിരുന്ന ഭരണകൂടരാഷ്ട്രീയത്തോട് ഒന്നടങ്ങിയേ പറ്റൂവെന്ന് ജനത പറയുന്നു. നിയന്ത്രണങ്ങളില്ലാത്ത അധികാരം ഭരണകൂടങ്ങളെയും ഭരണാധികാരികളെയും എത്രത്തോളം ദുഷിപ്പിക്കുമെന്ന് തിരിച്ചറിയാന്‍ കടന്നു പോയ പത്തു വര്‍ഷങ്ങള്‍ ഇന്ത്യക്ക് ഉപകാരപ്പെടും

പ്രകീര്‍ത്തനങ്ങളുടെ ആത്മാര്‍ഥത കുറഞ്ഞു. കേട്ടിരിക്കുമ്പോഴുള്ള ആത്മഹര്‍ഷത്തിനും മങ്ങലുണ്ട്. നരേന്ദ്രമോദി, മോദിയുടെ ഗാരന്റി വിട്ട്  മുന്നണിയെക്കുറിച്ചും ഘടകകക്ഷികളെക്കുറിച്ചും സംസാരിച്ചു തുടങ്ങി.  കഴിഞ്ഞ പത്തുവര്‍ഷം ആകെയെടുത്താലും നരേന്ദ്രമോദി മുന്നണിയെന്ന വാക്ക് ഇത്രയും ആവര്‍ത്തിച്ചുപയോഗിച്ചിട്ടുണ്ടാകില്ല. ഭരണഘടനയെക്കുറിച്ചും അദ്ദേഹം പലയാവര്‍ത്തി പറഞ്ഞു.   അഞ്ചു വര്‍ഷവും ഇനി ഈ മുന്നണിയാണ് ഭരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് സഖ്യകക്ഷികളെ ആവര്‍ത്തിച്ചു മോഹിപ്പിക്കേണ്ടിയും വന്നു. മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തി എന്നതില്‍ മാത്രമൂന്നിയാണ് മോദി തിരഞ്ഞെടുപ്പിനു ശേഷം സംസാരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ അധികാരം എന്നത് ചരിത്രപരമായ നേട്ടമാണ്. ഇതിനു മുന്‍പ് ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ്  സര്‍ക്കാരിനു മാത്രം ലഭിച്ച നേട്ടം. പക്ഷേ പത്തു വര്‍ഷത്തിനു ശേഷവും അധികാരത്തില്‍ തുടരാനാകുന്നത് ചരിത്രനേട്ടമായി മാത്രം വാഴ്ത്തപ്പെടേണ്ട സാഹചര്യത്തില്‍ നിന്ന് വിജയം പരാജയം പോലെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കിയത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തന്നെയാണ്. ഈ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി  ഉയര്‍ത്തിയ അവകാശവാദങ്ങളും പ്രചാരണങ്ങളും രാഷ്ട്രീയചരിത്രത്തില്‍ മായാതെ കിടക്കും.  നാനൂറു സീറ്റിനുമപ്പുറം എന്ന അവകാശവാദത്തെയും വോട്ടെണ്ണുന്നതിനു മുന്‍പേ സത്യപ്രതിജ്ഞയ്ക്കു മുഹൂര്‍ത്തം കുറിച്ച ആത്മവിശ്വാസത്തെയും ജനത നിലം തൊടീച്ചു. ചുരുക്കത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരായി മാറിയിരിക്കുന്നു. അഥവാ നയിക്കുന്നത് എന്‍.ഡി. എ സര്‍ക്കാരിനെയാണെന്ന് ഇപ്പോഴാണ് നരേന്ദ്രമോദി അംഗീകരിക്കുന്നത്. ആ സമവായ ശബ്ദത്തിലേക്ക് നരേന്ദ്രമോദിയെ എത്തിച്ചുവെന്നതിലാണ് ഈ തിരഞ്ഞെടുപ്പില്‍ ജനത വിജയിച്ചത്. അതിനവരെ പ്രാപ്തരാക്കിയത് പ്രതിപക്ഷസഖ്യമാണ്. 

ഇന്ത്യന്‍ ജനതയ്ക്ക് മാറിച്ചിന്തിക്കാനുള്ള സാധ്യതയും പ്രതീക്ഷയും പ്രത്യാശയും നല്‍കിയത് ഇന്ത്യ മുന്നണിയാണ്. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും എം.കെ.സ്റ്റാലിനും ശരദ് പവാറും സീതാറാം യെച്ചൂരിയും ഒപ്പം ചേര്‍ന്നു നിന്ന എല്ലാ നേതാക്കളും പാര്‍ട്ടികളും ചേര്‍ന്നാണ് ആ മുന്നണി യാഥാര്‍ഥ്യമാക്കിയത്. കനത്ത വെല്ലുവിളികള്‍ക്കിടയിലും പരിഹാസങ്ങള്‍ക്കിടയിലും ജനാധിപത്യത്തിന്റെ ഭാവിക്കായി ഒന്നിച്ചു നിന്ന എല്ലാ പാര്‍ട്ടികളോടും നേതാക്കളോടും ഈ രാജ്യം കടപ്പെട്ടിരിക്കുന്നു. ഭരണകൂട ഏജന്‍സികളുടെ വേട്ടയാടല്‍ ഭയക്കാതെ, പ്രലോഭനങ്ങള്‍ വകവയ്ക്കാതെ പോരാടി നിന്ന ഒരു കൂട്ടം രാഷ്ട്രീയനേതാക്കളാണ് ഭാവി ഇന്ത്യയുടെ പ്രതിപക്ഷപ്രതിരോധം യാഥാര്‍ഥ്യമാക്കിയത്. 

തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമ്പോള്‍ രാജ്യം കാണുന്നത് ഒരു പുതിയ മോദിയെ ആണെങ്കില്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷസഖ്യത്തില്‍ ഉറച്ചു നിന്ന നേതാക്കള്‍ക്കാകെയുള്ളതാണ്. പരമാവധി വിട്ടുവീഴ്ചകളുമായി ആ സഖ്യത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുള്ളതാണ്. അധികാരത്തിലെത്താനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷം പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നു. ഏകാധിപത്യ, ഏകപക്ഷീയ ഭരണത്തിനു നേരെ ചോദ്യങ്ങളുയരും. നാനാത്വത്തിനു വേണ്ടി ചൂണ്ടുവിരലുകള്‍ ഉയരും. നിര്‍ണായകതീരുമാനങ്ങളിലെല്ലാം ഇനി ഘടകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും ഇടപെടാനാകും. 

അപ്പോഴും ഈ ജനവിധി പ്രതിപക്ഷത്തിനും ഒരു പാടു പാഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനതയ്ക്കു വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിരുന്നുവെങ്കില്‍ അധികാരവും അകലെയായിരുന്നില്ലെന്ന് ജനവിധി ഓര്‍മപ്പെടുത്തുന്നു. കക്ഷിതാല്‍പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രതാല്‍പര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോഴാണ് രാഷ്ട്രീയം ജനങ്ങള്‍ അംഗീകരിക്കുന്നതെന്ന് ഈ വിധി പഠിപ്പിക്കുന്നു. അതേ പ്രതിബദ്ധതയില്ലാതെ അതിജീവിക്കാനാകില്ലെന്ന് വ്യക്തമായി ഓര്‍മിപ്പിക്കുന്നു. 

നിസാരമായ കാരണങ്ങളുടെ പേരില്‍  ഏകോപനമില്ലാതെ പരസ്പരം മുഖം തിരിച്ചു നിന്ന് രാജ്യത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ഇപ്പോഴെങ്കിലും പ്രതിപക്ഷപാര്‍ട്ടികള്‍ തിരിച്ചറിയുന്നുവെങ്കില്‍ നല്ലത്. അധികാരത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഉയരുന്ന എല്ലാ സംശയങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു ഫലം ഉത്തരമാകേണ്ടതാണ്.  രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നല്‍കിയ വര്‍ധിതവീര്യം ജനങ്ങളിലേക്ക് മടങ്ങേണ്ടതെങ്ങനെയെന്ന സംശയങ്ങള്‍ക്കും അറുതിയാകേണ്ടതാണ്. ബംഗാളില്‍ സാധ്യമാകാതെ പോയ ഐക്യം ഉള്‍പ്പെട്ട കക്ഷികള്‍ക്കെല്ലാം വീണ്ടു വിചാരമുണ്ടാക്കേണ്ടതാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുക, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതിനപ്പുറം ഒരു കുറുക്കുവഴിയുമില്ലെന്ന് തിരഞ്ഞെടുപ്പു ഫലം ബി.ജെ.പിയെ മാത്രമല്ല, പ്രതിപക്ഷത്തെയും ഓര്‍മിപ്പിക്കുന്നു. കരുത്തുറ്റ പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശക്തിയാണ്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കു മുന്നില്‍ പ്രതിരോധിക്കാനും ധ്രുവീകരണരാഷ്ട്രീയത്തെ ചെറുക്കാനും ഇന്ത്യമുന്നണിക്കു കഴിയണമെന്ന് ജനവിധി ഓര്‍മിപ്പിക്കുന്നു. ഒപ്പം വ്യക്തമായ ദിശാബോധത്തോടെയുള്ള രാഷ്ട്രീയപദ്ധതികള്‍ രൂപീകരിക്കുന്നതില്‍ സൂക്ഷ്മത വേണമെന്നും.  എക്സിറ്റ് പോളുകള്‍ക്കു പിന്നാലെ ഓഹരിവിപണിയിലുണ്ടായ നിഗൂഢവ്യതിയാനങ്ങള്‍ അന്വേഷിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ദേശീയ ശ്രദ്ധ പുതിയ രാഷ്ട്രീയസാഹചര്യത്തിലേതാണ്. 

മോദിയുടെ ഗാരന്റി എന്ന ഔദാര്യത്തില്‍ നിന്ന് എന്‍.ഡി.എയുടെ കൂട്ടുത്തരവാദിത്തം എന്ന തിരുത്തലാണ് ഈ ജനവിധിയുടെ സൗന്ദര്യം. രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തിലാകെ പടര്‍ന്നു കയറിയ പേടി ഇല്ലാതാകുന്നുവെന്നതുകൂടിയാണ് ഈ തിരഞ്ഞെടുപ്പിന്റെ ജയം. ഭരണാനുകൂലപാര്‍ട്ടിക്കെതിരെ, നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കാന്‍ പോലും ഭയന്നിരുന്ന ജനതയ്ക്ക് ഊര്‍ജം തിരികെ കിട്ടുന്നു. ഇനി ചോദ്യങ്ങളും ഉത്തരങ്ങളും തിരിച്ചുവരണം. സുതാര്യതയും ഉത്തരവാദിത്തവും തിരിച്ചു വരണം. ജനാധിപത്യത്തിന്റെ ആത്മാവിലേക്ക് ജനത പകരുന്ന പ്രകാശമാകാന്‍ 2024ലെ പൊതുതിര‍ഞ്ഞെടുപ്പു ഫലത്തിന് കഴിയണം. 

ENGLISH SUMMARY:

Parayathe vayya on loksabha election 2024