അത്യുന്നതങ്ങളിൽ മുഖ്യമന്ത്രി; ഭൂമിയിൽ ജനങ്ങൾക്ക് സമാധാനം

parayathe-vayya-cm
SHARE

നമ്മുടെ മുഖ്യമന്ത്രിക്കു വേണ്ടി പണ്ടൊരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ പോയപ്പോള്‍ പ്രതിഷേധിച്ചവരൊക്കെ ഇപ്പോള്‍ മനസറിഞ്ഞ് പശ്ചാത്തപിക്കുന്നുണ്ടാകും.  നമ്മുടെ മുഖ്യമന്ത്രിക്ക് ജനപ്രീതി കൂടുന്നതിനൊപ്പം സുരക്ഷാഭീതിയും കൂടുകയാണ്. മുഖ്യമന്ത്രിക്ക് കേരളത്തിലെല്ലാവരും കൂടി പിരിവെടുത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുക്കുന്നത് ഗൗരവമായി പരിഗണിക്കണം. ഇല്ലെങ്കില്‍ നാട്ടുകാര്‍ക്ക് മുഖ്യമന്ത്രിയെ പേടിച്ചു പുറത്തിറങ്ങി നടക്കാന്‍ വയ്യെന്ന ചീത്തപ്പേര് മുഖ്യമന്ത്രി പിണറായി വിജയന്് നേരിടേണ്ടി വരും.   

ഇന്ധനസെസില്‍ പ്രതിപക്ഷം സമരം തുടങ്ങിയതോടെ കേരളത്തിന്റെ മുഖ്യമന്ത്രി വീണ്ടും ഹെലികോപ്റ്ററിലാണ്. കൊല്‍ക്കത്തയില്‍ കര്‍ഷകത്തൊഴിലാളിസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട് ജില്ലയിലെ ചാലിശേരിയിലേക്ക് പോയത് ഹെലികോപ്റ്ററില്‍. അവിടന്ന് കണ്ണൂരിലേക്കും യാത്ര ഹെലികോപ്റ്ററില്‍.  13ന് പാലക്കാട് നിന്നു പരിപാടികള്‍ കഴിഞ്ഞു  മടങ്ങിയതും ഹെലികോപ്റ്റര്‍ മാര്‍ഗമാണ്. 

ഈ യാത്രകളൊക്കെ സ്വകാര്യവ്യവസായഗ്രൂപ്പുകളുടെ ഹെലികോപ്റ്ററിലായിരുന്നു. മുഖ്യമന്ത്രിയോട് അവരാരെങ്കിലും കോപ്റ്റര്‍ വാടക വാങ്ങുമോയെന്നറിയില്ല.  ഹെലികോപ്റ്റര്‍ വാടകയ്ക്കു കൊടുത്ത് ജീവിക്കേണ്ട ഗതികേടുള്ളവരല്ല കോപ്റ്റര്‍ ഉടമകളൊന്നും. അപ്പോള്‍ അവര്‍ക്കെന്തു ലാഭമെന്നു കാടു കയറി ചിന്തിക്കേണ്ട കാര്യമൊന്നും നമുക്കിപ്പോഴില്ല. ഇനിയിപ്പോള്‍ ഒരു യാത്രയ്ക്ക് അഞ്ചും പത്തും ലക്ഷം മുടക്കിയാണ് യാത്രയെങ്കിലും ആരും സാമ്പത്തികപ്രതിസന്ധിയൊന്നും പറ‍ഞ്ഞ് കുറ്റപ്പെടുത്തരുത്. മുഖ്യമന്ത്രി ഹെലികോപ്്റ്ററില്‍ തന്നെ സഞ്ചരിച്ചാല്‍ മതിയെന്നാഗ്രഹിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍.  

വളരെ ഒറ്റപ്പെട്ട ഒരു സംഭവം. മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ട, സുരക്ഷ ഉറപ്പിച്ച വഴിയരികില്‍ കുഞ്ഞിന് മരുന്നു വാങ്ങാന്‍ നിര്‍ത്തിയ കുടുംബത്തിന് നേരിട്ട പൊലീസ് അതിക്രമം.  

ഇന്ധനസെസ് കൂട്ടിയതിന്റെ പേരില്‍ പ്രതിപക്ഷം സമരം തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയാണ് വീണ്ടും  കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം. മുഖ്യമന്ത്രി പോകുന്ന വഴിയിലെല്ലാം പൊലീസ് തോന്നും പോലെ സുരക്ഷാനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പൊതുജനം മണിക്കൂറുകള്‍ പെരുവഴിയില്‍ കിടന്നു. കൊച്ചിയിലും കോട്ടയത്തുമൊക്കെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ജനം അനുഭവിച്ചു.  

നമ്മുടെ മുഖ്യമന്ത്രിക്ക് അങ്ങനെ പേടിയുണ്ടെന്നൊക്കെ പരിഹസിക്കുന്നത് ശരിയല്ല. നേരിട്ട ഭീഷണികള്‍ എങ്ങനെ കൈകാര്യം ചെയ്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് ഓര്‍മയുണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷം ഇങ്ങനെയൊന്നും പറയില്ല.  

ചോദ്യവും ഉത്തരവുമൊന്നും പുതുമയല്ല. എന്തിനാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷയെന്നു ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാഭീഷണിയുള്ളതിനാല്‍ സെഡ് പ്ലസ് സുരക്ഷയെന്നറിയില്ലേയെന്നു ഉത്തരം.  പിണറായിക്ക് ജനപ്രീതി കൂടുന്നുവെന്ന് പാര്‍ട്ടി, അതുകൊണ്ട് സുരക്ഷാഭീഷണിയും കൂടുകയാണെന്ന് പൊലീസ്. കരുത്തനായ മുഖ്യമന്ത്രിയെ കിട്ടാന്‍ ഭാഗ്യം ചെയ്ത കേരളം അദ്ദേഹത്തിന്റെ സുരക്ഷയുടെ കരുത്തു കൂടി അനുഭവിക്കണം. അനുഭവിച്ചേ പറ്റൂ. ജാഗ്രതക്കുറവ് ഒരു പ്രശ്നമാണ്.  ജാഗ്രതക്കൂടുതലും പ്രശ്നമാണെന്ന് കേരളം കൊണ്ടറിയുകയാണ്.  

ജാഗ്രതക്കുറവ് ഒരു പ്രശ്നമാണ്. പക്ഷേ ഇവിടെയിപ്പോള്‍ പൊലീസിന് ജാഗ്രത കൂടുന്നതാണ് പ്രശ്നമെന്നാണ് ഭരണമുന്നണിയുടെ പ്രശ്നം. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷ വേണമെന്ന് തീരുമാനിക്കാന്‍ രാഷ്ട്രീയനേതൃത്വത്തിന് കഴിയില്ല. അത് പ്രഫഷണല്‍ മികവുള്ള സുരക്ഷാസേന തന്നെയാണ് തീരുമാനിക്കേണ്ടത്. പക്ഷേ ആ സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ വലയ്ക്കരുതെന്ന് പറയേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. അനൗചിത്യം മുഖ്യമന്ത്രിക്കു മനസിലാകുന്നില്ലെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ടത് പാര്‍ട്ടിയാണ്. പക്ഷേ അതിത്തിരി ബുദ്ധിമുട്ടായിരിക്കുമെന്ന് നമുക്കറിയാവുന്നതാണ്. ഇപ്പോള്‍ ഓരോ സ്ഥലത്തെയും പൊലീസ്മേധാവിമാരുടെ ഭക്തിക്കനുസരിച്ചാണ് പൊതുജനം വലയുന്നതെന്ന് വ്യക്തമാണ്. കൂടുതല്‍ സുരക്ഷയൊരുക്കി പ്രീതി നേടാന്‍  പൊലീസ് ശ്രമിക്കുമ്പോള്‍ അതൊന്നും കുഴപ്പമില്ലെന്ന് ഭരണനേതൃത്വവും. അടുത്തിടെയായി മുഖ്യമന്ത്രി ഇതരസംസ്ഥാനങ്ങളില്‍ യാത്ര പോകുമ്പോഴും മുന്‍കൂറായി ഒരു എ.ഡി.ജി.പി. സുരക്ഷ വിലയിരുത്താന്‍ യാത്ര ചെയ്യുന്നുണ്ട്.  നേരത്തെ ഇങ്ങനെയൊരു പതിവില്ലായിരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കണ്ണൂര്‍ പാര്‍ട്ടി സമ്മേളനസെമിനാര്‍ യാത്രയില്‍ നിന്നു കണ്ടു പഠിച്ചതാണ് ഈ പുതിയ പതിവെന്നും പൊലീസില്‍ തന്നെ അടക്കം പറച്ചിലുകളുണ്ട്. മറ്റു മുഖ്യമന്ത്രിമാരൊക്കെ വരുന്നതുകണ്ടിട്ടുണ്ടോ എന്ന ചോദ്യവുമായി ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സഞ്ചരിക്കുന്ന ദൃശ്യങ്ങളൊക്കെയായാണ് സൈബര്‍ സഖാക്കള്‍ ഈ ജാഗ്രതക്കൂടുതലിനെ ന്യായീകരിക്കുന്നത്.  

ആരൊക്കെ എങ്ങനെയൊക്കെ വിമര്‍ശിച്ചാലും കനത്ത സുരക്ഷ ഭരണനേതൃത്വത്തിന് താല്‍പര്യമാണെന്ന് മനസിലായാല്‍ പൊലീസിന് അത് നടപ്പാക്കാന്‍ ആയിരം വഴികളുണ്ട്. 

ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന ഒറ്റ ഡയലോഗില്‍ ചോദ്യങ്ങളൊക്കെ നിശബ്ദമാകും. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വേണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പക്ഷേ സുരക്ഷയുടെ പേരില്‍ ഇപ്പോള്‍ കാണിച്ചു കൂട്ടുന്ന കോലാഹലങ്ങള്‍ അപഹാസ്യമാണ്.  

നമ്മുടെ മുഖ്യമന്ത്രി കുറയ്്ക്കാം എന്നു പറയുന്നതുവരെ സുരക്ഷയുടെ പേരില്‍ കാണിച്ചുകൂട്ടുന്ന മേളങ്ങളൊന്നും കുറയില്ല. മുഖ്യമന്ത്രി അതൊട്ടു പറയാനും പോകുന്നില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കുമറിയാം. അതറിയാവുന്നതുകൊണ്ട് പാര്‍ട്ടിയും സുരക്ഷാബഹളത്തില്‍ നിയന്ത്രണം വേണമെന്നു പറയാന്‍ പോകുന്നില്ല. അപ്പോള്‍ അദ്ദേഹം പരമാവധി ഹെലികോപ്റ്ററില്‍ തന്നെ പോകട്ടെ. ഇങ്ങനെ സ്വകാര്യവ്യവസായികളുടെ ഔദാര്യത്തില്‍ പോകുന്നത് നമുക്ക് നാണക്കേടാണെങ്കില്‍ ഒരു ഹെലികോപ്റ്റര്‍ തന്നെ അദ്ദേഹത്തിനു വേണ്ടി വാങ്ങിക്കാന്‍ കേരളം മുന്‍കൈയെടുക്കണം. പണ്ടു പറഞ്ഞതൊന്നും കാര്യമാക്കണ്ട. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊതുപ്രശ്നമാണ്. വേണമെങ്കില്‍ ജനങ്ങള്‍ തന്നെ പിരിവെടുത്ത് ഒരു കോപ്റ്റര്‍ സംഭാവനയായി നല്‍കിയേക്കും.  

ഒന്നാം പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മന്ത്രി പി.രാജീവ് 2016ല്‍ പോസ്റ്റ് ചെയ്ത  പഴയൊരു ഫേസ്ബുക്ക് കുറിപ്പ് ഈയിടെ എപ്പോഴും വൈറലാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇനി പൈലറ്റ് വാഹനങ്ങളുടെ അകമ്പടി വേണ്ടെന്ന് ജനകീയസര്‍ക്കാര്‍ തീരുമാനിച്ചു. വി.ഐ.പി. സുരക്ഷ പുനരവലോകനം വഴി പിണറായി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത് അഞ്ഞൂറോളം പൊലീസുകാരെ എന്നായിരുന്നു പോസ്റ്്. ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്ന ഇസഡ് പ്ലസ് സുരക്ഷയും പിന്‍വലിച്ചുവെന്നും അവകാശപ്പെട്ടിരുന്നു. പക്ഷേ ആ നടപടി ജനകീയമാണ് എന്നവകാശപ്പെട്ട മന്ത്രിക്കു പോലും ഇന്നീ ബഹളങ്ങള്‍ ന്യായീകരിക്കേണ്ടി വരും.  

സുരക്ഷാനടപടികളുടെ കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മോശമാക്കിയിരുന്നില്ല. പ്രതിഷേധിക്കുമെന്ന സംശയത്തില്‍ ആദിവാസികളുടെ മേല്‍ക്കച്ച അഴിച്ചു പരിശോധിച്ചസംഭവങ്ങളൊക്കെ യു.ഡി.എഫ് കാലത്തുണ്ടായിട്ടുണ്ട്. ഇത്രയും കാലം ജനമധ്യത്തില്‍ ജീവിച്ച, ഇനിയുമങ്ങോട്ട് പദവിയില്‍ നിന്നു മാറിയാല്‍ ജനമധ്യത്തില്‍ ജീവിക്കേണ്ടി വരുന്ന നേതാക്കള്‍ അധികാത്തിലേറുമ്പോള്‍ പെട്ടെന്നു സുരക്ഷയും ഭീഷണിയുമൊക്കെ കുതിച്ചുയരുന്നതിന്റെ പരിഹാസ്യത അവര്‍ക്കു തന്നെയാണ് ബോധ്യപ്പെടേണ്ടത്. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കു സുരക്ഷ ആവശ്യമുണ്ട്. പക്ഷേ അത് ജനങ്ങളില്‍ നിന്നാണെന്നു തോന്നലുണ്ടാക്കുന്നത് ദയനീയമാണ്.  ഹെലികോപ്റ്ററില്‍ തന്നെ യാത്രകള്‍ തുടരട്ടെ. മുഖ്യമന്ത്രിക്കായാണെങ്കില്‍ വാടകയില്ലാതെ ഹെലികോപ്റ്റര്‍ എത്തിക്കാന്‍ വന്‍വ്യവസായികള്‍ എപ്പോഴും തയാറാണ്. അതൊന്നും കിട്ടാത്തപ്പോഴാണ് സ്വകാര്യകോപ്റ്ററുകള്‍ വാടകയ്ക്കെടുത്തുള്ള യാത്ര. എന്തായാലും വേണ്ടില്ല, മുഖ്യമന്ത്രി താഴെയിറങ്ങിയാല്‍ വലയുന്നത് ജനം മാത്രമല്ല, കേരളത്തിലെ പൊലീസ് സേന ഒന്നാകെയാണ്. മുഖ്യമന്ത്രിയുടെ യാത്രയില്‍ 100 മീറ്റര്‍ ഇടവിട്ട് പൊലീസിനെ മണിക്കൂറുകള്‍ നിര്‍ത്തുന്ന എസ്.പിമാരുണ്ട് കേരളത്തില്‍. കോപ്റ്ററിലാണ് കേരളസഞ്ചാരമെങ്കില്‍  പാവം ആയിരക്കണക്കിനു പൊലീസുകാര്‍ മണിക്കൂറുകള്‍ പെരുവഴിയില്‍ നോക്കുകുത്തിയാകുന്നതെങ്കിലും ഒഴിവാക്കാമല്ലോ.  

അങ്ങനെ ഇനി മുഖ്യമന്ത്രി സ്വന്തം നാട്ടിലൂടെ സഞ്ചരിക്കുന്നത് ഹെലികോപ്റ്ററില്‍ മാത്രമാക്കിയാലും തീരാത്ത ചില പ്രശ്നങ്ങളുണ്ട്. മുഖ്യമന്ത്രി എവിടെപ്പോയാലും അന്നാട്ടിലെ യൂത്ത് കോണ്‍ഗ്രസുകാരെയൊക്കെ ഇപ്പോള്‍ പൊലീസ് പിടിച്ച് കരുതല്‍ തടങ്കലിലാക്കുകയാണ്. ഇത്രയും കനത്ത ബന്തവസുണ്ടായിട്ടും പോകുന്നിടത്തെല്ലാം കരിങ്കൊടി കാണുന്നതാണ് പ്രകോപനം. എന്തു നിയമം, എന്തു ജനാധിപത്യമെന്നൊന്നും ആരും ചോദിക്കരുത്. ഇത് കേരളമാണ്. പിണറായി വിജയന് കരിങ്കൊടി കാണാതിരിക്കാന്‍ അല്‍പം ജനാധിപത്യവിരുദ്ധതയൊക്കെ സഹിക്കേണ്ടിവരും.  

കരുതല്‍ തടങ്കലും ഈ പുതിയ സുരക്ഷാസീസണിലെ പ്രധാന ആയുധമാണ്. മുഖ്യമന്ത്രിക്ക് ജില്ലയില്‍ പരിപാടിയുണ്ടെങ്കില്‍ അവിടത്തെ പ്രധാന യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ പോയിട്ടാണെങ്കിലും കരുതല്‍ തടങ്കലിലെടുക്കുക. 

അതായത് കരിങ്കൊടി കാണാതിരിക്കാന്‍ വേണ്ടി സ്ഥലത്തെ പ്രതിപക്ഷയുവജനനേതാക്കളെയൊക്കെ തടങ്കലിലാക്കുക. മനോഹരമായ ജനാധിപത്യപ്രതിപക്ഷസങ്കല്‍പങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പുലരുന്നത്.  

പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയെ ശാരീരികമായി നേരിട്ട പൊലീസുകാരനെതിരെ ഒരു നടപടിയും ആലോചനയിലില്ലെന്ന് പൊലീസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ എന്തു നടപടിയെടുത്താലും അതൊട്ടും കൂടുതലല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴുമുള്ള നിലപാട്.  

ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കേരളത്തിന്റെയാകെ തലവേദനയായി മാറരുത്. സ്വന്തം നാട്ടിലിറങ്ങിനടക്കാന്‍ ഇത്രയും സന്നാഹം വേണമെന്ന് മുഖ്യമന്ത്രിക്കു തോന്നുന്നിടത്തോളം ഈ സുരക്ഷ തുടരും. ഇനിയും സുരക്ഷ കൂടാനേ സാധ്യതയുള്ളൂ. അപ്പോള്‍ മുഖ്യമന്ത്രി നാട്ടിലുണ്ടെന്നറിഞ്ഞാല്‍ പ്രബുദ്ധ കേരളീയര്‍ ഒരല്‍പം ഒതുങ്ങിജീവിക്കുകയേ വഴിയുള്ളൂ. യൂത്ത് കോണ്‍ഗ്രസുകാര്‍ നാടുവിടുന്നതും പരിഗണിക്കണം. എല്ലാം ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പോരാട്ടമാണ്

MORE IN PARAYATHE VAYYA
SHOW MORE