ലീഗിനായി ചൂണ്ട എറിയുന്ന സിപിഎം; പുതിയ കളികളുടെ രാഷ്ട്രീയം

PARAYATHE-VAYYA
SHARE

മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നതാരാണ്? അതെന്തായാലും മുസ്‍ലിംലീഗല്ല, സി.പി.എമ്മാണ്. സി.പി.എമ്മിന് ഒരു വര‍്ഷം മുന്‍പു വരെ മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയായിരുന്നു. ഇന്നലെ മുതല്‍ സി.പി.എമ്മിന് മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയല്ല, ജനാധിപത്യപാര്‍ട്ടിയാണ്. അതുകൊണ്ട് മു‍സ്‍ലിംലീഗ് ഇനി മുതല്‍ വര്‍ഗീയപാര്‍ട്ടിയല്ല.  അക്കാര്യത്തില്‍ അന്തിമതീരുമാനമായിക്കഴിഞ്ഞു. ഒരു കാര്യം എം.വി.ഗോവിന്ദന്‍ പറഞ്ഞത് ശരിയാണ്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. അത് കേരളത്തിലെ കോണ്‍ഗ്രസ് മനസിലാക്കിയാല്‍ കോണ്‍ഗ്രസിനു കൊള്ളാം.  

മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന കാര്യത്തില്‍ ഇതുവരെ  സംശയമില്ലാതിരുന്ന ഒരു കൂട്ടരേയുള്ളൂ. അത്രയും വ്യക്തത മുസ്‍ലിംലീഗിനു പോലുമുണ്ടായിരുന്നില്ല.  അതു മാത്രമല്ല, കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ കേരളം നേരിടാന്‍ പോകുന്ന മഹാവിപത്തിനെക്കുറിച്ചും മതേതരത്വത്തിന്റെ കാവല്‍ക്കാരായ സി.പി.എം നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ കേരളം പേടിക്കേണ്ട ഒരു പാര്‍ട്ടിയാണ് മുസ്‍ലിംലീഗെന്ന് പറ‍ഞ്ഞു പേടിപ്പിച്ച് പേടിപ്പിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് പെട്ടെന്ന് സി.പി.എം അക്കാര്യം തിരിച്ചറിഞ്ഞത്. മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയല്ല. ഇനി മുതല്‍ ലീഗിെന പേടിക്കേണ്ടതില്ല. അതിനേക്കാള്‍ വലിയൊരു സത്യം കൂടി സി.പി.എം സംസ്ഥാനസെക്രട്ടറി തുറന്നു പറ​ഞ്ഞു. മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് സി.പി.എം ഇതുവരെ പറഞ്ഞിട്ടില്ല. കേട്ടവര്‍ക്കാണ് തെറ്റിയത്. 

ആരും പുറകിലേക്ക് തിരഞ്ഞ് കഷ്ടപ്പെടേണ്ട. കാര്യകാരണവും സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.  കാര്യം മുസ്‍ലിംലീഗുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചതൊക്കെ ചരിത്രത്തിലുണ്ട്. സപ്തപക്ഷിമുന്നണി സര്‍ക്കാരിനു മുന്‍പും ലീഗിനെ സി.പി.എം വര്‍ഗീയപാര്‍ട്ടിയെന്ന് തീര്‍ത്തു വിളിച്ചിട്ടുമുണ്ട്.  അടുത്ത കാലം മുന്‍പ് വരെ പിന്നെയും വര്‍ഗീയപാര്‍ട്ടിയെന്ന് പലയാവര്‍ത്തി വിളിച്ചു. പക്ഷേ അഴിമതി പാര്‍ട്ടിയെന്നു വിളിച്ച  കേരളാകോണ്‍ഗ്രസിനെ ഇടതുമുന്നണി സ്പര്‍ശമേല്‍പിച്ച് ശുദ്ധീകരിച്ചതുപോലെ ലീഗിന്റെ വര്‍ഗീയതയും ഇടതുമുന്നണിയോട് ചേര്‍ന്നാല്‍ ഇല്ലാതാകുന്നതേയുള്ളൂവെന്ന് സി.പി.എമ്മിന് നല്ല വിശ്വാസമുണ്ട്.  അതിലിപ്പോ ധാര്‍മികതയൊന്നും ചികയാന്‍ പോയിട്ടു കാര്യമില്ല. രാഷ്ട്രീയം എം.വി.ഗോവിന്ദനേക്കാള്‍ സങ്കീര്‍ണമായി വിശദീകരിക്കാനറിയുന്ന നേതാക്കളൊന്നും തല്‍ക്കാലം ജീവിച്ചിരിക്കുന്നില്ല. ചുരുക്കിപ്പറ‍‍ഞ്ഞാല്‍ യു.ഡി.എഫില്‍ ഇളകാതെ നില്‍ക്കുന്ന മുസ്‍ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണ്. എല്‍.ഡി.എഫിനോട് ഒരല്‍പം ചാഞ്ചല്യമൊക്കെ ഉണ്ടാകാവുന്ന സാഹചര്യമാണെങ്കില്‍ മുസ്‍ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണ്. അത്രമേല്‍ ലളിതമാണ് വര്‍ഗീയത.  

സി.പി.എമ്മിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മുസ്‍ലിംലീഗിനുമറിയാം കോണ്‍ഗ്രസിനുമറിയാം. കൂടുതല്‍ അറിയേണ്ടത് കോണ്‍ഗ്രസിനു തന്നെയാണെന്ന് പക്ഷേ കോണ്‍ഗ്രസിനു മനസിലായിട്ടില്ല . അഥവാ മനസിലായാലും എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസിനു വ്യക്തതയുമില്ല.  ലീഗിനോട് എപ്പോള്‍ ചോദിച്ചാലും, ഉത്തരം തന്ത്രപരമാണ്. ഇപ്പോള്‍ മുന്നണി മാറേണ്ട കാര്യമൊന്നുമില്ലല്ലോ. അതല്ലാതെ സി.പി.എം ഞങ്ങളെ വര്‍ഗീയപാര്‍ട്ടിയെന്ന് നിരന്തരം ആക്ഷേപിച്ചിരുന്നവരാണെന്നോ ഈ ചൂണ്ടയുമായി വരേണ്ടെന്നോ ഒന്നും ലീഗ് പറയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.  അതാണ് സി.പി.എമ്മും പറയുന്നത്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ല. ഇപ്പോള്‍ സി.പി.എമ്മിന് ലീഗിനോട് പ്രശ്നമൊന്നുമില്ല. ലീഗിനും സി.പി.എമ്മിനോടു പ്രശ്നങ്ങളില്ല. പിന്നെ പ്രശ്നങ്ങളുള്ളത് ആര്‍ക്കിടയിലാണ്? കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ട്. അഭിപ്രായഭിന്നതകളുണ്ട്. സമീപനത്തില്‍ വിയോജിപ്പുകളുണ്ട്. മുന്നണിയില്‍ ഞങ്ങള്‍ക്കു പ്രശ്നങ്ങളൊന്നുമില്ലെന്ന് മുസ്‍ലിംലീഗ് സൗമ്യമായി പ്രതിരോധിക്കുമ്പോഴും സി.പി.എമ്മിനേക്കാള്‍ ഇപ്പോള്‍ ലീഗിന് പ്രശ്നങ്ങളുള്ളത് കോണ്‍ഗ്രസിനോടു തന്നെയാണ്. അത് വഷളാകാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസിനറിയില്ല. കോണ്‍ഗ്രസിനിപ്പോഴും കോണ്‍ഗ്രസിന്റെ അവസ്ഥ മനസിലായിട്ടില്ല. അത് കേരളത്തിലായാലും ഗുജറാത്തിലായാലും ഡല്‍ഹിയിലായാലും കോണ്‍ഗ്രസിന്റെ തിരിച്ചറിവില്ലായ്മയാണ് ഇപ്പോള്‍ മതേതരരാഷ്ട്രീയത്തിന്റെ പ്രശ്നം.  

സി.പി.എം വാതില്‍ തുറന്നിരിക്കുന്നുവെന്ന സന്ദേശം ലീഗിനു കിട്ടിക്കഴി‍ഞ്ഞു. കുറച്ചു നാളായി തന്നെ സി.പി.എമ്മിന് ലീഗിനോടു മൃദുസമീപനമാണ്. കെ.റെയില്‍ വിവാദത്തിലും ഗവര്‍ണര്‍ വിവാദത്തിലും സി.പി.എമ്മിനൊപ്പമായിരുന്നു മുസ്‍ലിംലീഗിന്റെയും നിലപാട്. മാനസികമായി സി.പി.എമ്മിനോടാണ് ഇപ്പോള്‍ ലീഗിന് കൂടുതല്‍ പൊരുത്തപ്പെടാനാകുന്നത്. ഏറ്റവുമൊടുവില്‍ ശശി തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടും ലീഗിന്റെ നിലപാടും തമ്മിലുണ്ടായ വിടവ് കേരളം കണ്ടതാണ്.  ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലുണ്ടായ ആശയക്കുഴപ്പവും ലീഗിന്റെ ഉറച്ച നിലപാടും മുന്നണിയിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. ഒടുവില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഒരു നിലപാട് രൂപീകരിക്കേണ്ടി വന്നു. മുന്നണി ഒറ്റക്കെട്ടെന്ന് പരസ്യമായി ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും പ്രതിപക്ഷം ആശയക്കുഴപ്പത്തിലാകുന്നത് ആവര്‍ത്തിക്കുക തന്നെയാണ്. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റില്‍ ഏകസിവില്‍കോഡ‍് സ്വകാര്യബില്ലായി വന്നപ്പോഴുണ്ടായ ആശയക്കുഴപ്പവും വലിയ പ്രശ്നമല്ലെന്ന് പരസ്യമായി വിശദീകരിക്കാം. പക്ഷേ ആശയക്കുഴപ്പം അണികള്‍ കണ്ടു പോയി.  

എ‌ന്നു വച്ചാല്‍ മുസ്‍ലിംലീഗിനും ഇടതുമുന്നണിയിലേക്ക് സ്വാഗതപ്രഖ്യാപനം മുന്നിലുണ്ട്. ഇറങ്ങിപ്പോകാന്‍ ഒരു കാരണമോ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരു സാഹചര്യമോ ഉണ്ടോയെന്നത് തീര്‍ത്തും മുസ്‍ലിംലീഗിന്റെ ചോയ്സ് മാത്രമായിരിക്കുന്നു. കോണ്‍ഗ്രസ് പേടിക്കുക തന്നെ വേണം. ലക്ഷ്യബോധമില്ലാതെ, ദിശാബോധമില്ലാതെയുള്ള പോക്കില്‍ എവിടെ, എങ്ങനെയെല്ലാം പരുക്കേല്‍ക്കുന്നുവെന്നറിയാന്‍ ഗുജറാത്തും ഡല്‍ഹിയുമൊക്കെ മുന്നില്‍ തന്നെയുണ്ട്. കോണ്‍ഗ്രസിനെ ജനങ്ങള്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് സ്വയം ഉപേക്ഷിച്ചുകളഞ്ഞോയെന്ന് ഹിമാചലിലെ തിളക്കത്തിനിടയിലും പാര്‍ട്ടി സ്വയം പരിശോധിച്ചേ പറ്റൂ.  മുസ്‍ലിംലീഗ് ഇല്ലാത്ത യു.ഡി.എഫ് എന്ന ചോദ്യം തല്‍ക്കാലം ആലോചിക്കാന്‍ പോലും കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ല. ഉടനെ ആലോചിക്കേണ്ടി വരില്ലെന്ന് ലീഗ് പരസ്യമായി സമാശ്വസിപ്പിക്കുന്നുമുണ്ട്. മുന്നണിയില്‍ ഒപ്പം നില്‍ക്കുന്ന കക്ഷികളുടെ കൂറോ പ്രത്യയശാസ്ത്രദാര്‍ഢ്യമോ ഒക്കെ തന്നെയാണ് മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ജീവശ്വാസം. പലപ്പോഴും ത്യാഗമനോഭാവത്തോടെ മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്ന മതേതരപാര്‍ട്ടികളുടെ ഉറപ്പാണ് കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തുന്നതും പക്ഷേ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ തന്നെ ഇറങ്ങേണ്ടി വരുമ്പോഴോ?  ഗുജറാത്തില്‍ കാണുന്നതെന്താണ്? ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കണ്ടതെന്താണ്? നരേന്ദ്രമോദിയുടെ താരപരിവേഷത്തിന്റെ പകിട്ടിനെ പ്രതിരോധിച്ചു തന്നെയാണ് 2017 വരെ ഗുജറാത്ത് ജനത കോണ്‍ഗ്രസിനെ കൈവിടാതെ പിടിച്ചു നിന്നത്. നിരന്തരമായ തിരിച്ചടികള്‍ക്കിടയിലും 40 ശതമാനത്തിനു മുകളില്‍ വോട്ട് കോണ്‍ഗ്രസിന് ഗുജറാത്തില്‍ എന്നുമുണ്ടായിരുന്നു. അവിടേക്കാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ പടര്‍ന്നു കയറിയത്. ബി.ജെ.പി വിറച്ചുവെന്ന് അവരുടെ പ്രചാരണപരിപാടികളുടെ സ്വഭാവം തന്നെ വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രി മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തീവ്രമായ പ്രചാരണവുമായി മുന്നില്‍ നിന്നതും മറ്റൊന്നും കൊണ്ടല്ല. കോണ്‍ഗ്രസിനൊഴികെ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും കളം മനസിലാകുന്നുണ്ട്. കാറ്റ് മാറുന്നതും കാരണങ്ങളും മനസിലാകുന്നുണ്ട്.  

ഗുജറാത്തില്‍ അടിത്തറയ്ക്ക് ഇളക്കമുണ്ടെന്നു തോന്നലുണ്ടായപ്പോഴേ ബി.ജെ.പി പ്രചാരണത്തില്‍ സകല അടവുകളും പയറ്റി. ഭൂരിപക്ഷം പോലും കുറയുന്നത് തിരിച്ചടിയാണെന്ന ബോധ്യത്തോടെ അടപടലം പ്രചാരണം നടത്തി. പണക്കൊഴുപ്പിലും പാര്‍ട്ടി സംവിധാനത്തിന്റെ കെട്ടുറപ്പിലും ബി.ജെ.പിയോട് മല്‍സരിക്കാന്‍ ഇന്ന് മറ്റാരുമില്ല. അതും പോരാതെ ധ്രുവീകരണരാഷ്ട്രീയത്തിന്റെ സകല സാധ്യതകളും ബി.ജെ.പി. പ്രയോഗിച്ചു. സിവില്‍കോഡ് പ്രചാരണത്തിലുടനീളം നിറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ പാഠം പഠിപ്പിച്ചവരെ അമിത് ഷാ തന്നെ നേരിട്ടു വെല്ലുവിളിച്ചു.  വ്യക്തമായ വര്‍ഗീയധ്രുവീകരണമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് എന്തു ചെയ്യും? കോണ്‍ഗ്രസ് അവിടെ നിസഹായരാണ്, കോണ്‍ഗ്രസിന് മൂല്യങ്ങള്‍ കൈവിടാനാകില്ല എന്നാണ് വിശദീകരണം. മതേതരമൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകുന്നില്ല എന്നാണ്. പക്ഷേ വാസ്തവം അതാണോ. ചെയ്യാവുന്നതൊന്നും കോണ്‍ഗ്രസ് ഗുജറാത്തില്‍ ചെയ്തിട്ടില്ല. ദേശീയ നേതൃത്വം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ല. 2017ലെ തീവ്രപ്രചാരണത്തിനൊന്നും പാര്‍ട്ടി ശ്രമിച്ചതേയില്ല. നിശബ്ദ പ്രചാരണമാണെന്നും പരീക്ഷണം വിജയിക്കുമെന്നുമായിരുന്നു അവകാശവാദം. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ മാത്രം കേന്ദ്രീകരിച്ചു. അരവിന്ദ് കേജരിവാള്‍ അമ്പതിലേറെ തവണ ഗുജറാത്ത് പ്രചാരണത്തിനെത്തിയപ്പോള്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്തെത്തിയത് ഒരേ ഒരു തവണ. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ പ്രചാരണത്തില്‍ സജീവമായില്ല. തോല്‍ക്കാമെന്നു തീരുമാനിച്ചാണ്  കോണ്‍ഗ്രസ്  ഗുജറാത്തില്‍ ഇത്തവണ മല്‍സരിക്കാനിറങ്ങിയത്. അതും മോദി പ്രഭാവത്തിനിടെയും കഴിഞ്ഞ തവണ ബി.ജെ.പിയെ വിറപ്പിച്ച ഗുജറാത്തില്‍. കോണ്‍ഗ്രസ് ജയിക്കേണ്ടെന്നു തീരുമാനിച്ചാല്‍ മറ്റാര്‍ക്കും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമാകില്ല. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബി.ജെ.പി. പദ്ധതി വിജയിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ മാത്രം കുഴപ്പമാണ്. മറ്റാരെയും കുറ്റപ്പെടുത്താനാകില്ല. 

പാര്‍ട്ടിയോട് ജനങ്ങള്‍ക്കുള്ള ഒരു ചോദ്യത്തെയും കോണ്‍ഗ്രസ് നേരിടുന്നില്ല. കഴിഞ്ഞ തവണ ഗുജറാത്തില്‍ വിജയിച്ച 77 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഇരുപതോളം പേര്‍ കളം മാറി ബി.ജെ.പിയിലേക്ക് ചാടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാലും അവര്‍ ബി.ജെ.പി. പാളയത്തിലെത്തുമെങ്കില്‍ പിന്നെന്തിനാണ് കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതെന്നാണ് ജനങ്ങള്‍ ഉയര്‍ത്തിയ ഒരു ചോദ്യം. പോകുന്നവരെല്ലാം അവസരവാദികളാണെന്ന മറുപടി ജനങ്ങളുടെ ആശങ്കയെ എങ്ങനെ അഭിമുഖീകരിക്കുന്നു? നിരന്തര തിരിച്ചടികള്‍ക്കിടയിലും 40 ശതമാനം വോട്ടുവിഹിതത്തില്‍ നിന്ന് താഴേക്കു പോകാതെ  ഒപ്പം നിന്ന ജനങ്ങള്‍ ക്ഷമ നശിച്ചാണ് കൈവിട്ടതെന്ന് കോണ്‍ഗ്രസല്ലാതെ മറ്റാരാണ് തിരിച്ചറിയേണ്ടത്? ഹിമാചലിലെ ആശ്വാസത്തെയും കോണ്‍ഗ്രസ് ശരിയായി തന്നെ മനസിലാക്കേണ്ടതുണ്ട്. ഹിമാചലിലും കാടിളക്കി പ്രചാരണം നടന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢയുടെ നാട്ടില്‍ അഭിമാനപോരാട്ടവും മോദി കാര്‍ഡുമെല്ലാം തരാതരം പ്രയോഗിക്കപ്പെട്ടു. പക്ഷേ ദേശീയ നേതാക്കളോ താരപ്രചാരകരോ ഇല്ലാതെ തന്നെ ഹിമാചല്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.  

ഹിമാചലിലെ തിളക്കത്തിനുപോലും പരിഹരിക്കാനാകാത്ത ഗുജറാത്ത് ക്ഷീണത്തിന് കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ കയറ്റുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്. ബി.ജെ.പി.യുടെ ധ്രുവീകരണ രാഷ്ട്രീയത്തിനു  മുന്നില്‍ കോണ്‍ഗ്രസ് ഉദാസീനരായി ലക്ഷ്യബോധമില്ലാതെ നിസംഗരായി നിന്നാലും മറ്റാരും തങ്ങള്‍ക്കു ഭീഷണിയാകരുത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇപ്പോഴും വിശ്വാസത്തോടെ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്ന ജനതയോട് കോണ്‍ഗ്രസ് പറയുന്നത് ഒന്നുമാത്രമാണ്. ഞങ്ങള്‍ ഒന്നും ചെയ്യാന്‍ പോകുന്നുമില്ല. മറ്റാരെയും ഒന്നു പൊരുതി നോക്കാന്‍ പോലും നിങ്ങള്‍ അനുവദിക്കുകയും ചെയ്യരുത്.  ആം ആദ്മി പാര്‍ട്ടിക്ക് ലക്ഷ്യബോധമുണ്ട്. കൃത്യമായ ദിശാബോധമുണ്ട്. കെജരിവാള്‍ ഹിന്ദുത്വയ്ക്കെതിരെ നില്‍ക്കുന്നുമില്ല. ന്യൂനപക്ഷവിരുദ്ധത ഏറ്റെടുക്കുന്നുമില്ല. പ്രത്യയശാസ്ത്രത്തില്‍ ദൃഢതയില്ല. വ്യക്തമായ രാഷ്ട്രീയനിലപാടുകളില്ല. സൗജന്യങ്ങളും ക്ഷേമപദ്ധതികളിലും ഊന്നി മാത്രം പ്രചാരണം നടത്തുന്നു. മതേതരജനാധിപത്യത്തിനു വിശ്വാസം അര്‍പ്പിക്കാവുന്ന രാഷ്ട്രീയസ്വഭാവമേ അല്ല ആപ് ഇതുവരെ പ്രകടിപ്പിച്ചിട്ടുള്ളത്. പക്ഷേ ആപ് ബി.ജെ.പിയെയും എതിരിടാന്‍ തയാറാണ്. അജയ്യരെന്ന ബി.ജെ.പി. മനഃശാസ്ത്രനിര്‍മാണത്തില്‍ ആപ് കുരുങ്ങിവീഴുന്നില്ല. അതിന്റെ ആദ്യ ഇരകള്‍ കോണ്‍ഗ്രസാണെന്നതാണ് വൈരുധ്യമെങ്കിലും.   ഗുജറാത്തില്‍ ആപ് ഇറങ്ങിയാല്‍ കോണ്‍ഗ്രസിനെന്തു സംഭവിക്കുമെന്ന് നോക്കേണ്ട ബാധ്യത ആപിനുണ്ടെന്ന് കോണ്‍ഗ്രസിനു കരുതാം. പക്ഷേ അത് കോണ്‍ഗ്രസിന്റെ മാത്രം പ്രശ്നമാണ്. കെജരിവാള്‍ അത് കണക്കിലെടുക്കുന്നില്ല. കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കരുതെന്ന് എങ്ങനെയാണ് മറ്റു രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെടാനാകുക?ഡല്‍ഹി മുനിസിപ്പില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണമടക്കം സാധ്യമായ എല്ലാ രാഷ്ട്രീയതന്ത്രങ്ങളും ബി.െജ.പി. പയറ്റിയതാണ്. പക്ഷേ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യം കണ്ടു. ബി.െജ.പിയെ നേരിടാന്‍ ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന അനിവാര്യസ്പേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തു കഴിഞ്ഞു. ആപിന്റെ കുറവുകള്‍ തിരിച്ചറിഞ്ഞ് സ്വന്തം സംഘടനാസംവിധാനം തിരിച്ചൊന്നു ബലപ്പെടുത്തി ലക്ഷ്യബോധത്തോടെയിറങ്ങിയാല്‍ ജനങ്ങള്‍ കൈപിടിക്കാന്‍ കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കോണ്‍ഗ്രസിനു കൊള്ളാം.  

കോണ്‍ഗ്രസിനെ ഇനിയും എന്തിനു വിശ്വസിക്കണമെന്ന ചോദ്യം മുന്നണികളില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കു മാത്രമല്ല,  കളം മാറി കുതിക്കുന്ന സ്വന്തം നേതാക്കള്‍ക്കു പോലുമുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് ആ സംശയമില്ല. കൈ കൊടുക്കാന്‍ മാത്രം ഉറപ്പു കാണുന്നിടത്തെല്ലാം ജനത ഇപ്പോഴും കോണ്‍ഗ്രസിനു കൈ കൊടുക്കുന്നു. ബി.ജെ.പിയുടെ അജയ്യമായ അശ്വമേധം തടുക്കാന്‍ കഴിയാത്തതാണെന്നും ജനങ്ങള്‍ കരുതുന്നില്ല. വിശ്വസിക്കാവുന്ന ബദലുകള്‍ മുന്നിലുള്ളിടത്തെല്ലാം ജനങ്ങള്‍ അത് തിരഞ്ഞെടുക്കുന്നുമുണ്ട്. തിരിച്ചറിയേണ്ടത് കോണ്‍ഗ്രസ് മാത്രമാണ്. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും പാരമ്പര്യം കൊണ്ട് പകരം വയ്ക്കാനാകുന്നതല്ല. വിലാപം നിര്‍ത്തി ചിട്ടയോടെ പ്രവര്‍ത്തിക്കാനുള്ളത്ര ആത്മാര്‍ഥത ഇന്ത്യന്‍ ജനാധിപത്യത്തോടുണ്ടോ എന്ന് തെളിയിക്കേണ്ടത് കോണ്‍ഗ്രസാണ്. 

MORE IN PARAYATHE VAYYA
SHOW MORE