ജനങ്ങളുടെ ബുദ്ധിമുട്ടില്‍ ഇടപെടുന്നൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടോ?

parayathe-policep-new
SHARE

സര്‍ക്കാര്‍–ഗവര്‍ണര്‍ വാര്‍ സീരീസ് അടുത്ത സീസണ്‍ ആരംഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ അടിസ്ഥാനമര്യാദകള്‍ പോലും പാലിക്കാതെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടന്നാക്രമിക്കുന്നു. മുഖ്യമന്ത്രി ഗവര്‍ണറെ നേരിടാന്‍ ജനങ്ങളോടും അണിനിരക്കാന്‍  ആഹ്വാനം ചെയ്യുന്നു. ഇതിനിടയില്‍ ജനങ്ങളെന്തു ചെയ്യുന്നു? സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കേണ്ട അടിസ്ഥാന ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍ ഉത്തരമില്ലാതെ നട്ടം തിരിയുന്നു. സ്വാഭാവികനീതി നടപ്പാക്കുകയൊഴിച്ച് മറ്റെന്തും ചെയ്യുമെന്ന് കേരളാപൊലീസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജനങ്ങളെ പഠിപ്പിക്കുന്നു. പൊലീസിന് ഒട്ടും നോവരുതെന്നുറപ്പിച്ച് പൊലീസ് മന്ത്രി ഇടയ്ക്കിടെ സൗമ്യശാസനകള്‍ പുറപ്പെടുവിക്കുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി മാത്രം സര്‍ക്കാരിനോടു യുദ്ധം പ്രഖ്യാപിക്കുന്ന ഗവര്‍ണര്‍ക്കെതിരെ അണിനിരക്കാന്‍ ജനങ്ങളെ കൂട്ടു വിളിക്കുന്ന മുഖ്യമന്ത്രി  ജനം നേരിട്ടുകൊണ്ടിരിക്കുന്നതെന്താണെന്നു കൂടി ഒന്നറിയാന്‍ ശ്രമിക്കണം. ഇടതുസര്‍ക്കാര്‍ ഇവിടെയുണ്ടാകണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഗവര്‍ണറോടു യുദ്ധം ചെയ്തു മാത്രമല്ല, അവര്‍ക്ക് അടിസ്ഥാന സ്വാഭാവിക നീതി ഉറപ്പു വരുത്തിക്കൊണ്ടു കൂടിയാണ്. ജനങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളും തന്നെയായിരിക്കണം ജനാധിപത്യം തിരഞ്ഞെടുത്ത ഒരു ഭരണാധികാരിയുടെ ആദ്യപരിഗണന.  

അടിസ്ഥാന ജനാധിപത്യമര്യാദകളൊന്നും പാലിക്കാതെ ഗവര്‍ണര്‍ ഇറങ്ങിനിന്ന് സര്‍ക്കാരിനെ അടിമുടി ആക്രമിക്കുന്നു.  കണ്‍വെന്‍ഷനൊക്കെ ചേര്‍ന്ന് മുഖ്യമന്ത്രി ചുട്ട മറുപടി കൊടുക്കുന്നു. ജനങ്ങളോടും അണിചേരാന്‍ ആഹ്വാനം ചെയ്യുന്നു.  കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗവര്‍ണറും സംഘപരിവാറും ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം മാത്രമല്ല ദേശീയ തലത്തില്‍ കോണ്‍ഗ്രസും ആരോപിച്ചിട്ടുണ്ട്. ഗവര്‍ണരും സര്‍ക്കാരും അന്യോന്യം യുദ്ധം ചെയ്യുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷം അസ്തിത്വപ്രതിസന്ധിയിലാണ്.  

ഗവര്‍ണര്‍ ഓരോ ദിവസവും  ഓരോ വെല്ലുവിളിയുമായി രംഗത്തിറങ്ങുന്നുണ്ട്. ഭരണഘടനയിലെ പഴുതുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷം മന്ത്രിമാരും മുഖ്യമന്ത്രിയും നല്ല മറുപടികള്‍ കൊടുക്കുന്നുണ്ട്. വി.സിമാരെ മുഴുവന്‍ പുറത്താക്കാനുള്ള നടപടിക്കൊപ്പം മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തും അയച്ചു കഴിഞ്ഞു ഗവര്‍ണര്‍. നടപടികളില്‍ മാത്രമല്ല, സംസാരത്തില്‍ പോലും മിനിമം മര്യാദകള്‍ മറന്നു കഴിഞ്ഞ മാനസികാവസ്ഥയിലാണ് കേരളത്തിന്റെ ഗവര്‍ണര്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.  

ദേശീയ തലത്തില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ സംയുക്തപ്രതിരോധത്തിന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശ്രമം ഊര്‍ജിതമാണ്. തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടുകഴിഞ്ഞു.  

ചുരുക്കിപ്പറ‍ഞ്ഞാല്‍ ഗവര്‍ണര്‍മാരെ മുന്‍നിര്‍ത്തി ബി.ജെ.പി. ഇതരസര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കേരളം മാത്രം നേരിടുന്നതല്ല. ഈ യുദ്ധം നേരിടാന്‍ ദേശീയ തലത്തില്‍ തന്നെ പൊതുകൂട്ടായ്മ  രാഷ്ട്രീയപ്രതിരോധപരിപാടികള്‍ തുടരുകയാണ്. കേരളത്തിന്റെ  മാത്രം പ്രശ്നമല്ല എന്നതുപോലെ തന്നെ കേരളത്തില്‍ ഒരു പരിധിക്കപ്പുറം പ്രശ്നങ്ങളുണ്ടാക്കാനും ഗവര്‍ണര്‍ക്ക് ഒരു അധികാരവും പ്രയോഗിക്കാന്‍ പറ്റില്ല. അപ്പോള്‍ ഗവര്‍ണറെ വിട്ട് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സര്‍ക്കാരിനു സമയവും സാവകാശവുമുണ്ടാകണം. അതുണ്ടായില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നാണ് തലശേരിയില്‍ കണ്ടത്. തലസ്ഥാനത്തു കണ്ടത്, പാറശാലയില്‍ കണ്ടത്. പട്ടിക ഇനിയും നീളും.  കേരളത്തിലെ ജനങ്ങള്‍ക്ക് വിലക്കയറ്റമടക്കം നാനാവിധ പ്രശ്നങ്ങള്‍ സ്വയം നേരിടാനും അതിജീവിക്കാനുമുണ്ട്. അതിനിടെ അവിചാരിതമായി ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അവര്‍ക്ക് സുരക്ഷയൊരുക്കേണ്ട കേരളത്തിലെ പൊലീസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഭരണകൂടം ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഒന്നു ശ്രദ്ധിക്കാന്‍ കനിവുണ്ടാകണം.   

ഏറ്റവുമൊടുവിലത്തേത് തലശേരിയില്‍ നിന്നാണ്. മനഃസാക്ഷി മരവിപ്പിക്കുന്ന ഒരു ഹീനദൃശ്യം.  

നാട്ടുകാര്‍ നോക്കിനിന്നില്ല, സി.പി.എം പ്രാദേശിക നേതാവ് തന്നെ മുന്‍കൈയെടുത്ത്  പൊലീസില്‍ പരാതിയുമെത്തി. പക്ഷേ സി.സി.ടി.വി. നോക്കി ക്രൂരകൃത്യം ചെയ്തയാളെ  കണ്ടെത്തിയ  പൊലീസ് ഉപദേശിച്ചു വീട്ടില്‍ പറഞ്ഞു വിട്ടു. ഒടുവില്‍ ദൃശ്യങ്ങള്‍ പുറത്തു വന്ന് ജനരോഷം ശക്തമായതോടെ വീണ്ടും കസ്റ്റഡിയിലെടുത്തു, അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസും എടുക്കേണ്ടി വന്നു.  

പൊലീസിന് വീഴ്ചയില്ലെന്ന് എ.സി.പി. ന്യായീകരിച്ചെങ്കിലും ഡി.ജി.പിക്ക് ആക്ഷേപം പരിശോധിക്കുമെന്നു തന്നെ പറയേണ്ടി വന്നു.  ആദ്യം വിട്ടയച്ചെങ്കിലും പിന്നെ പിടിച്ചില്ലേയെന്നു ചോദിക്കാന്‍ ആളുണ്ടല്ലോ.  

ഇനി 24 മണിക്കൂറും സുരക്ഷാവലയത്തിലുള്ള തലസ്ഥാനനഗരത്തിലേക്കു വരാം. മ്യൂസിയം വളപ്പില്‍ ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍  കേരളം തലകുനിച്ച് നിന്നത് മണിക്കൂറുകളല്ല, ദിവസങ്ങളാണ്. പാറശാലയില്‍ മകന്‍ കൊല്ലപ്പെട്ടതാണെന്ന് പൊലീസിനെ ബോധ്യപ്പെടുത്താനാണ് കുടുംബം ഏറ്റവുമധികം പോരാടേണ്ടി വന്നത്. സ്വാഭാവികനീതി ഉറപ്പാക്കേണ്ടിടത്ത് പരാജയപ്പെടുന്ന പൊലീസ് തന്നെയാണ് നിരപരാധികളെ തല്ലിയൊതുക്കി അതിക്രമം ആവര്‍ത്തിക്കുന്നതും.  

മ്യൂസിയം ഗേറ്റിനു സമീപനം ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയാണ് കേസിന്റെ ആദ്യപകുതി അന്വേഷിച്ചു കണ്ടെത്തേണ്ടി വന്നത്. കേസില്‍ ഏറ്റവും നിര്‍ണായകമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലും കണ്ടെടുക്കാന്‍ പൊലീസ് ശ്രമിച്ചില്ല. ഒടുവില്‍ മാധ്യമങ്ങള്‍ വഴി സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസ് അനങ്ങിയത്. അക്രമി സെക്രട്ടേറിയറ്റിന്റെ സുരക്ഷയില്‍ മന്ത്രിയുടെ പി.എസിന്റെ ഡ്രൈവറായി തുടര്‍ന്നു. പരാതിക്കാരി വിടാതെ പിന്നാലെ കൂടിയതോടെയാണ് പൊലീസ് അനങ്ങിയത്. നോക്കുമ്പോള്‍ ഇതേ അക്രമി നിരന്തരം കുറവന്‍കോണത്തെ വീടുകളിലും വനിതാഹോസ്റ്റലുകളിലും അതിക്രമിച്ചു കയറിയിരുന്നതായി കണ്ടെത്തി വീട്ടുകാരും രംഗത്തെത്തി.  

മ്യൂസിയം അതിക്രമം നടന്ന് പത്ത് ദിവസം കഴിഞ്ഞ് അക്രമിയെ പിടികൂടിയപ്പോള്‍ ഒരു വര്‍ഷം മുന്‍പ് ഹോസ്റ്റലില്‍  കയറി പെണ്‍കുട്ടിയുടെ മുറിയിലെത്തി അതിക്രമം നടത്തിയ കേസില്‍ ഒരു വര്‍ഷമായി പൊലീസ് അവഗണിച്ച പരാതിയും തെളിഞ്ഞു. പൊലീസ് അങ്ങോട്ടു ചെന്ന് അന്വേഷിച്ചു തെളിയിച്ചതല്ല. പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ട് പരാതിക്കാര്‍ സംശയം പൊലീസിനെ അറിയിച്ചു. വിരലടയാളം ഒത്തുനോക്കിയപ്പോള്‍ മന്ത്രിയുടെ പി.എസിന്റെ ഡ്രൈവര്‍ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. അതായത് ഒരു വര്‍ഷത്തിലേറെയായി ഒരു സര്‍ക്കാര്‍ കരാര്‍ ജീവനക്കാരന്‍ സര്‍ക്കാരിന്റെ ഔദ്യോഗികവാഹനത്തില്‍ രാത്രി നഗരത്തില്‍ കറങ്ങി നിരന്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടും പൊലീസില്‍ പരാതികളെത്തിയിട്ടും സ്വാഭാവികനീതിക്കായി തുടര്‍നടപടികള്‍ ഉണ്ടായില്ല. ഒടുവില്‍ ഒരു പരാതിക്കാരി മാധ്യമങ്ങളുടെ സഹായത്തോടെ ഇച്ഛാശക്തി കൈവിടാതെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് പൊലീസ് രംഗത്തിറങ്ങിയത്.

സ്ത്രീകളുടെ തുല്യാവകാശങ്ങള്‍ക്കായി നവോത്ഥാന മതില്‍ വരെ പടുത്തുയര്‍ത്തിയ സര്‍ക്കാരിന്റെ പൊലീസ് സ്ത്രീകളുടെ ദൈനം ദിനപരാതികള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നതിന്റെ ഒരു ചെറിയ സാംപിള്‍ മാത്രമാണിത്. പാറശാലയിലോ, സ്ത്രീയാണ് സംശയത്തിന്റെ മുനയില്‍ എന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരങ്ങനെ ചെയ്യില്ലെന്ന സ്വഭാവസര്‍ട്ടിഫിക്കറ്റായിരുന്നു പൊലീസ് നീതി. സാധാരണക്കാര്‍ക്ക് സ്വാഭാവികനീതി ലഭിക്കാന്‍ മറ്റാരെങ്കിലുമൊക്കെ ഇടപെടട്ടെ എന്നാണ് ഈ സംഭവങ്ങളിലൊക്കെ പൊലീസ് സ്വീകരിച്ച നിലപാട്.  

കഴിഞ്ഞ മാസം നടന്ന പൊലീസ് അതിക്രമങ്ങളില്‍ പാര്‍ട്ടിക്കകത്തു പോലും വിമര്‍ശനം രൂക്ഷമായതോടെ മുഖ്യമന്ത്രി പരസ്യമായി ചെറുതായൊരു മുന്നറിയിപ്പ് പൊലീസിനു കൊടുത്തിട്ടുണ്ട്.  മുഖ്യമന്ത്രി ഇത്രയും കടുപ്പിച്ചു പറഞ്ഞത് തീരെ ശരിയായില്ല. കുറച്ചുകൂടി മൃദുവായി ഒന്നുപദേശിച്ചാല്‍ മതിയായിരുന്നു.  

അന്തസോടെ ഭരിക്കാന്‍ മുഖ്യമന്ത്രിക്കുള്ള അതേ അവകാശം അന്തസോടെ ജീവിക്കാന്‍ കേരളത്തിലെ മനുഷ്യര്‍ക്കുമുണ്ട്. അതുറപ്പാക്കാന്‍ ഭരണഘടനാബാധ്യത മുഖ്യമന്ത്രിക്കുണ്ട്.  ആഭ്യന്തരമന്ത്രിയുടെ നിസംഗതയുടെ ഇരകളാകേണ്ടവരല്ല കേരളത്തിലെ ജനം. ഗവര്‍ണറുമായി  ഏറ്റുമുട്ടേണ്ടത് കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി സുഗമവും സ്വതന്ത്രവുമായ ഭരണം ഉറപ്പാക്കാനാണ്.  

MORE IN PARAYATHE VAYYA
SHOW MORE