മതസംഘടകളെ പേടിച്ചാല്‍ കേരളത്തിന്റെ പുരോഗമനം എവിടെ വരെയെത്തും?

PVA-3
SHARE

ഇടയ്ക്ക് പുരോഗമനവും നവോത്ഥാനവും ഇടതുപക്ഷബാധ്യതയാണല്ലോ  എന്നൊരു ഓര്‍മ കയറിവരും. എന്തെങ്കിലും കാണിച്ചുകൂട്ടാനുള്ള ശ്രമം പിന്നെ അതേക്കുറിച്ച് മിണ്ടാനേ പറ്റാത്ത അവസ്ഥയിലെത്തിക്കും.  സമസ്ത കണ്ണുരുട്ടും വരെയുള്ള പുരോഗമനമൊക്കെയേ ഇപ്പോള്‍ കേരളത്തിലെ ഇടതുപക്ഷത്തിനുള്ളൂവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു, അതും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍. മതസംഘടനകള്‍ പുരോഗമനം തീരുമാനിച്ചാല്‍ കേരളം എവിടെ വരെയെത്തും?

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂനിഫോം അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയാണ് നിയമസഭയില്‍ ആദ്യം പ്രഖ്യാപിച്ചത്. നിര്‍ദേശം നല്‍കിയിട്ടില്ലെന്നു മാത്രമല്ല, നിര്‍ദേശിക്കാന്‍ ഉദ്ദേശം പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുമായി വാദിച്ചു കൊണ്ടിരുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ഉടന്‍ നിലപാടു മാറ്റി. 

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് ചര്‍ച്ചയ്ക്കു വച്ച കുറിപ്പുകളിലെ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ കരട് സമീപനരേഖയില്‍ നിന്ന് ലിംഗഭേദം പരിഗണിക്കാതെ ഇരിപ്പിട സൗകര്യം ഒരുക്കണോ എന്ന ചോദ്യം പോലും ഒഴിവാക്കി. മുസ്‍ലിംലീഗ് കടുത്ത ഭാഷയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്നതിനേക്കാള്‍ സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാടാണ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചതന്ന് വ്യക്തമാണ്. എന്തായാലും സര്‍ക്കാര്‍ തിരുത്തിയ സന്ദേശം സമസ്തയെയും മറ്റു വോട്ട്ബാങ്ക് സാധ്യതകളെയും സന്തോഷിപ്പിച്ചിട്ടുമ്ട്. 

സി.പി.എമ്മിന്റെ പ്രശ്നവും ഉന്നവുമൊക്കെ ലോക്സഭാതിരഞ്ഞെടുപ്പായിരിക്കും. പക്ഷേ വിദ്യാലയങ്ങളിലൂടെ നാളത്തെ തലമുറയെ ശക്തിപ്പെടുത്താനുള്ള നീക്കമൊക്കെ മതസംഘടനകളുടെ സമ്മതം വാങ്ങി നടത്താമെന്ന് ഇടതുസര്‍ക്കാര്‍ കരുതുന്നത് മൗഢ്യമാണ്. വോട്ടിനേക്കാള്‍ വലുതല്ല ലിംഗസമത്വമെന്നാണെങ്കില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും മുന്‍പേ ആ വിചാരമുണ്ടാകുന്നത് സാമൂഹ്യാന്തരീക്ഷത്തിനെങ്കിലും ഗുണം ചെയ്യും. 

യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പിക്കുമെന്നൊന്നും ആരും മുന്‍പും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ജെന്‍ഡര്‍ ന്യൂട്രല്‍ നയമാണ്  ആശയമെന്ന് വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍‍ അതൊന്നും ആലോചിച്ചിട്ടേയില്ലെന്ന് ആണയിടുന്നത് പരിഹാസ്യമാണ്. സമസ്തയും മറ്റു സംഘടനകളും ഒന്ന് ശബ്ദമുയര്‍ത്തുമ്പോഴേക്കും പിന്‍വലിയാവുന്ന പുരോഗമനധൈര്യമേ ഇടതുസര്‍ക്കാരിനുള്ളൂവെങ്കില്‍ അതിനു തുനിയാതിരിക്കുന്നതാണ് ഭേദം. കണ്ടോ ഇപ്പോഴും മതശാസനങ്ങള്‍ വച്ച് എതിര്‍ക്കാന്‍ വരുന്നതാരെന്നു കണ്ടോയെന്ന വര്‍ഗീയധ്രുവീകരണത്തിനു വഴിമരുന്നു കൂടിയാണീ ഇട്ടു കൊടുക്കുന്നതെന്ന് മറക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE