സിപിഎം കോണ്‍ഗ്രസ് കൈ പിടിച്ചില്ലെങ്കിൽ ഇന്ത്യയിൽ എന്തു സംഭവിക്കും?

Parayathe-Vayya-A
SHARE

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കൈ കോര്‍ക്കേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കും? സഖ്യമേ വേണ്ടെന്നു പറഞ്ഞാല്‍ രഹസ്യമായി ധാരണയാകാം, ഒരേ മുന്നണിയിലാകാം എന്നൊക്കെ അര്‍ഥമുണ്ടായിരിക്കുമോ? കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍  കോണ്‍ഗ്രസിനോടു പരസ്യസഖ്യപ്രഖ്യാപനമുണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? പക്ഷേ ബി.ജെ.പിയാണ് രാജ്യം നേരിടേണ്ട ഏറ്റവും വലിയ  ആപത്തെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും അതിനനുസരിച്ചുള്ള പദ്ധതിയും പ്രധാനമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ദൗത്യമെന്ന് പ്രഖ്യാപിക്കുന്ന ഏതു രാഷ്ട്രീയപ്രമേയവും നിലവിലെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. 

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. എന്നുവച്ചാല്‍ 2024ല്‍ നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിന് ബാധകമായ നയം ഇതാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസു വരെ കോണ്‍ഗ്രസുമായുള്ള ബന്ധമാണ് കണ്ണൂരില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ആദ്യദിവസങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ആടിയും ഉലഞ്ഞും നിന്ന കേന്ദ്രനേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടിയ അഭിപ്രായത്തോടെ തീരുമാനം ഉറപ്പിച്ചു. 

ലോക്സഭാതിരഞ്ഞെടുപ്പിനു മുന്‍പ് ദേശീയതലത്തില്‍ രാഷ്ട്രീയസഖ്യം രൂപപ്പെടുത്തില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയനിലപാട്. വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സാഹചര്യം പരിഗണിച്ച് പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം.

ബി.െജ.പിയെ നേരിടാന്‍ ആത്യന്തികമായി സ്വയം ശക്തിപ്പെടുത്തുകയും ഒപ്പം ലക്ഷ്യബോധമുള്ളവരെ ഒന്നിച്ച് അണിനിരത്തുകയും ചെയ്യണമെന്നാണ് പാര്‍ട്ടികോണ്‍ഗ്രസിലെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. അതായത്  ആ ഫെഡറല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നില്ല. കോണ്‍ഗ്രസിനോടു കൈകോര്‍ക്കുന്നില്ല. പക്ഷേ ജനാധിപത്യബദലിനായി നിരന്തര പരിശ്രമം തുടരും. 

കോണ്‍ഗ്രസുമായി ദേശീയ സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ നിര്‍ണായകപങ്കു വഹിച്ചത് സ്വാഭാവികമായും കേരളാഘടകമാണ്. കേരളത്തിലെ അധികാരവും കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങളുെട എണ്ണവും പാര്‍ട്ടിയുടെ  അവസാന പിടിവള്ളിയാണ്.  അതുകൊണ്ടു തന്നെ സംസ്ഥാനത്തെ എതിരാളിയായ കോണ്‍ഗ്രസിനോട് സഖ്യപ്രഖ്യാപനം സാധ്യമല്ലെന്നത് വ്യക്തം. അതിന് താത്വികമായ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ദൗത്യം. അവര്‍ അത് നിറവേറ്റുകയും ചെയ്തു. 

സി.പി.എം കേരളഘടകത്തിന്റെ നിലപാടാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഒടുവില്‍ വിജയം കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ഭരണം നേടി സംഘടന കൂടുതല്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ വാദങ്ങള്‍ക്കു തന്നെ മേല്‍ക്കൈ ലഭിക്കുകയും ചെയ്തു. പല കാരണങ്ങള്‍ കേരളത്തിലെ നേതാക്കള്‍ ചര്‍ച്ചയില്‍ നിരത്തി. 

ചര്‍ച്ചയിലും പുറത്തും ഉയര്‍ത്തിയ കാരണങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ കൈ പിടിക്കേണ്ട എന്ന തീരുമാനത്തിനു പിന്നില്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി സി.പി.എമ്മിന് യോജിക്കാവുന്നതല്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിച്ചാല്‍ പോലും നേതാക്കളെ മാത്രം കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസുമായി ആശയ അടിത്തറയില്‍ സഹകരണം എളുപ്പമല്ല. ഈ നേതാക്കള്‍ പോലും രാഷ്ട്രീയലക്ഷ്യത്തില്‍ മാത്രമല്ല, കോണ്‍ഗ്രസിനൊപ്പം പോലും ഉറച്ചു നില്‍ക്കുമെന്ന് വിശ്വസിക്കാവുന്നവരല്ല. 

കോണ്‍ഗ്രസുമായി ധാരണയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഇടങ്ങളില്‍ പോലും അനുഭവം പാഠമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ട് മതനിരപേക്ഷസഖ്യത്തിലേക്കല്ല, ബി.ജെ.പിയിലേക്കാണ് പോയത്. ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം പോലുമില്ലാത്ത അവസ്ഥയിലേക്കെത്തിയത് കോണ്‍ഗ്രസ് സഖ്യം കൂടിയുള്ളപ്പോഴാണ്. ദേശീയ തലത്തില്‍ ബി.ജെ.പി. വിരുദ്ധസഖ്യം എന്ന ആശയത്തിനപ്പുറം കോണ്‍ഗ്രസ് സഹകരണം എവിടെയും  തിരഞ്ഞെടുപ്പ് നേട്ടത്തിലെത്തുന്നതേയില്ല. കോണ്‍ഗ്രസിന്റെ ആശയങ്ങളും ആശയക്കുഴപ്പവും മൃദുഹിന്ദുത്വവുമെല്ലാം പ്രകടമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ തടസം തന്നെയാണ് എന്ന വാദമാണ് ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിജയിക്കുന്നത്. 

മാത്രമല്ല, ബി.െജ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്ന ഒറ്റലക്ഷ്യത്തോട് കോണ്‍ഗ്രസിന് എത്രമാത്രം ആത്മാര്‍ഥതയുണ്ട്  എന്ന ചോദ്യവും സി.പി.എമ്മിലെ കോണ്‍ഗ്രസ് വിരുദ്ധര്‍ ആവര്‍ത്തിക്കുന്നു. അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ ലോക്സഭാതിര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമാണ്.

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിച്ച സമീപനം തന്നെ വലിയ പാഠമാണെന്ന് കേരളത്തിലെ സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിയെ നേര്‍ക്കു നേര്‍ നേരിടേണ്ട സംസ്ഥാനങ്ങളില്‍ അലസസമീപനം സ്വീകരിച്ചാണ് കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിക്ക് സുരക്ഷിതതാവളം തേടി കേരളം തിരഞ്ഞെടുത്തത്. ബി.ജെ.പിക്കെതിരെ പരമാവധി പ്രതിപക്ഷശക്തി സമാഹരിക്കുക എന്ന ആത്മാര്‍ഥ ലക്ഷ്യം കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കില്‍ ഒരിക്കലും കേരളത്തിലെ ശക്തിപ്രകടനത്തിലേക്ക് കേന്ദ്രീകരിക്കില്ലായിരുന്നു. കോണ്‍ഗ്രസിന് ഇപ്പോഴും നെഹ്റുകുടുംബത്തിലെ നേതൃത്വത്തെ രക്ഷിക്കുന്നതാണ് ഒന്നാം പരിഗണന. ബി.െജ.പിയെ നേരിടേണ്ടതെങ്ങനെയെന്ന യഥാര്‍ഥ ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസ് ഇനിയും കേന്ദ്രീകരിച്ചിട്ടു പോലുമില്ലെന്ന് വിമര്‍ശകര്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ ആശയക്കുഴപ്പത്തിലും അലസതയിലും പൂണ്ടു നില്‍ക്കുന്ന കോണ്‍ഗ്രസിനെ കാത്തിരുന്നാല്‍ ഒരു പ്രതിരോധവും രാജ്യത്തുയരില്ലെന്നു വിശ്വസിക്കുന്ന പല പാര്‍ട്ടികളില്‍ ഒന്നാണ് സി.പി.എം എന്ന് പ്രതികരണങ്ങളില്‍ നിന്ന് ദേശീയരാഷ്ട്രീയവും കാണുന്നുണ്ട്. 

ഇന്ത്യാരാജ്യത്തിനു വേണ്ടി കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയപ്രതിരോധപദ്ധതി ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം. അതില്ലാത്തതു കൊണ്ടു തന്നെയാണ് കെ.വി.തോമസിന് സധൈര്യം കേന്ദ്രനേതൃത്വത്തെയും ധിക്കരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിനു പോകാന്‍ കഴിഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ക്കു പോലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയില്ലെന്നേ കെ.വി.തോമസിന്റെ രാഷ്ട്രീയസാഹസത്തിന് അര്‍ഥമുള്ളൂ. അതത്ര സങ്കീര്‍ണമൊന്നുമല്ല. സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇനി മനസിലാകാനുള്ളത് കോണ്‍ഗ്രസിനു മാത്രമാണ്. 

കെ.വി.തോമസ് സി.പി.എമ്മിനോടു ചാഞ്ഞത് രാഷ്ട്രീയകേരളത്തിന് അല്‍ഭുതമുണ്ടാക്കുന്ന ഒന്നേയല്ല. അദ്ദേഹം അതിനെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘമായ വാചകങ്ങള്‍ പോലും രാഷ്ട്രീയബോധമുള്ളവര്‍ക്ക് ആവശ്യവും വരില്ല. 

കെ.വി.തോമസിന്റെ വേവലാതികള്‍ പാര്‍ട്ടി വേണ്ടതുപോലെ കണ്ടില്ലെന്ന് കെ.മുരളീധരന്‍ ആശങ്കപ്പെടുന്നതുമല്ല കാര്യം. വേവലാതികള്‍ ഉള്ളവരെ വേണ്ടതുപോലെ കണ്ടില്ലെങ്കില്‍ കോണ്‍ഗ്രസ് ഇനിയും അനുഭവിക്കും എന്നൊരു ആത്മരോഷം മാത്രമേ ആ പ്രസ്താവനയിലുള്ളൂ. 

സംഘടന ശക്തമായി തന്നെ നിലനില്‍ക്കുന്ന കേരളത്തില്‍ പോലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നം, നേതാക്കള്‍ പാര്‍ട്ടിക്കു വേണ്ടിയല്ല, പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടിയാണ് എന്ന പൊതുബോധമാണ്. കെ.വി.തോമസ് വീണ്ടും വീണ്ടും പാര്‍ട്ടി എന്നോടു ചെയ്യുന്നത് എന്നാവര്‍ത്തിക്കുമ്പോള്‍ തിരിച്ചു പാര്‍ട്ടിക്കു വേണ്ടി അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം കെ.വി.തോമസ് നേരിടേണ്ടി വരില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കെട്ടുറപ്പോടെ, ചിട്ടയായ പ്രവര‍്ത്തനം ഉറപ്പു വരുത്താനും ഒരു നേതാവിനും ഉത്തരവാദിത്തമില്ലാത്ത സംവിധാനമാണ് കെ.പി.സി.സിയും. ഇപ്പോഴും ഈ തകര്‍ച്ചയിലും നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളിലേക്കു മാത്രം ചുരുങ്ങി നില്‍ക്കുന്നു കേരളത്തിലെ കോണ്‍ഗ്രസും. പാര്‍ട്ടിയാണ് പ്രധാനമെന്ന് ആരെങ്കിലും മേനി പറഞ്ഞാല്‍ തന്നെ കോണ്‍ഗ്രസുകാര്‍ പോലും അതു വിശ്വസിക്കില്ല. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതുകൊണ്ടാണ് താന്‍ ഈ അവസ്ഥ േനരിടുന്നതെന്ന് കെ.വി.തോമസിന് ആത്മവിശ്വാസത്തോടെ ന്യായീകരിക്കാന്‍ കഴിയുന്നതും ഈ യാഥാര്‍ഥ്യം കൊണ്ടാണ്. 

ഈ പറയുന്ന കെ.പി.സി.സി. പ്രസിഡന്റ് പോലും സ്വന്തം ഇച്ഛയ്ക്കനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഉടന്‍ ഭാവം മാറുന്ന നേതാവാണ്. പക്ഷേ തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം കെ.സുധാകരനും വി.ഡി.സതീശനും മാത്രമാണ്. അതിനിടയില്‍ രമേശ് ചെന്നിത്തല സ്വന്തം കാര്യം മാത്രം നോക്കി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ നില്ക്കുന്നു. ഉമ്മന്‍ചാണ്ടിയും സ്വന്തക്കാരുടെ കാര്യത്തില്‍ മാത്രമാണ് തല്‍പരന്‍. കെ.മുരളീധരനും സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും കൂട്ടിക്കിഴിക്കുന്നു. അതിനിടയില്‍ കെ.വി.തോമസ് മാത്രമെന്തിനു പുണ്യാളനാകണം. തല്‍ക്കാലം കോണ്‍ഗ്രസില്‍ പരിഗണിക്കുന്നില്ലെങ്കില്‍ പരിഗണിക്കുന്നിടത്തേക്കു പറക്കാന്‍ അദ്ദേഹത്തിനെന്താണ് തടസം?

കോണ്‍ഗ്രസ് ഇപ്പോഴും നേതാക്കളുടെയും അണികളുടെയും പാര്‍ട്ടിയായി തുടരുന്നു. ബി.െജ.പി. ഇന്ത്യയോട് എന്തു ചെയ്യുന്നുവെന്നത് കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രശ്നമെങ്കിലുമാണെങ്കില്‍ ഭാഗ്യം. കോണ്‍ഗ്രസ് തിരിച്ചറിയുന്നതുവരെ കാത്തുനില്‍ക്കാനാകില്ലെന്ന് കരുത്തുള്ള പ്രാദേശികപാര്‍ട്ടികള്‍ കരുതുന്നുവെങ്കില്‍ അതു കോണ്‍ഗ്രസിന്റെ മാത്രം കുറ്റമാണ്. സി.പി.എമ്മിനാണെങ്കില്‍ കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള വിയോജിപ്പു പറയാം, മൃദുഹിന്ദുത്വത്തെ കുറ്റപ്പെടുത്താം. ബി.െജ.പിയെ നേരിടാന്‍ ആശയവ്യക്തതയില്ലെന്നു തള്ളിക്കളയാം. കേരളം മാത്രമാണ് ശേഷിക്കുന്നതെന്ന് രഹസ്യമായി സമ്മതിക്കാം.  കൈകോര്‍ക്കാതിരിക്കാന്‍  ഏതു കാരണമാണ് കൂടുതല്‍ നല്ലതെന്നേ സി.പി.എം സംശയിക്കുന്നുണ്ടാവൂ. രാജ്യമാകെ അങ്ങനെ തള്ളിക്കളയപ്പെടാതിരിക്കാന്‍ എന്തു ചെയ്യണമെന്നൊരു തോന്നലെങ്കിലും ഉള്ളില്‍ നിന്നുണ്ടായാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂ. അതല്ലാതെ സി.പി.എം സഖ്യം വേണ്ടെന്നു സംശയിക്കുന്നതോ തീരുമാനിക്കുന്നതോ ഒന്നും കോണ്‍ഗ്രസിനെയും ദേശീയരാഷ്ട്രീയത്തെയും തല്‍ക്കാലം ബാധിക്കുന്നതല്ല. 

MORE IN PARAYATHE VAYYA
SHOW MORE