ഞങ്ങള്‍ മാറി എന്ന തുറന്ന പ്രഖ്യാപനം; വികസന നയരേഖ തിരുത്തുന്നതാരെ??

parayathe-vayya
SHARE

മുഖവും നയവും മാറി പൂര്‍വാധികം ആത്മവിശ്വാസത്തോടെ സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം പൂര്‍ത്തിയായി. കാലത്തിനൊത്തു മാറാന്‍ മടിയില്ലെന്ന തുറന്ന പ്രഖ്യാപനവും സമീപനവുമായാണ് എറണാകുളം സമ്മേളനം കൊടിയിറങ്ങിയത്. വിമര്‍ശനങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കാത്ത, വിഭാഗീയത നിറം കെടുത്താത്ത അപൂര്‍വ ചരിത്രസന്ദര്‍ഭമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വിശദീകരിക്കുന്നു. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള നയരേഖയുമായി ഭരണവും അധികാരവും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയനവീകരണമാണ് സി.പി.എം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന നയം പ്രതീക്ഷയാണോ തിരുത്തലാണോ? സി.പി.എമ്മിന്റെ മാറുന്ന രാഷ്ട്രീയസ്വഭാവം കേരളത്തിന്റെ അടുത്ത കാല്‍നൂറ്റാണ്ടിനെ എങ്ങനെയെല്ലാം സ്വാധീനിച്ചേക്കാം? 

സംഘടനയിലും സമീപനത്തിലും ശ്രദ്ധേയമായ മാറ്റം കുറിച്ചാണ് സി.പി.എം എറണാകുളം സമ്മേളനത്തില്‍ നിന്നു പുറത്തിറങ്ങുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ സ്വാഗതാര്‍ഹമായ പുതുകാലമാറ്റങ്ങള്‍. സംസ്ഥാന നേതൃസമിതികളില്‍ കൂടുതല്‍ യുവാക്കളും പുതുമുഖങ്ങളും എത്തി. മുഖംമാറ്റത്തേക്കാള്‍ ശ്രദ്ധേയം നയംമാറ്റം തന്നെയാണ്. ആ നയംമാറ്റത്തിനു വഴിയൊരുക്കുന്ന കേരളവികസനരേഖ ചര്‍ച്ച ചെയ്യുന്നുവെന്നതുകൊണ്ടു തന്നെ ഇത് ചരിത്രസമ്മേളനമാണെന്ന് രേഖ അവതരിപ്പിച്ച പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി വിലയിരുത്തുന്നു. 

കേരളവികസന കാഴ്ചപ്പാട് ചര്‍ച്ച ചെയ്യാന്‍ തക്കവിധം സംഘടന വളര്‍ന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റുക കൂടിയാണ് വികസന നയരേഖ ലക്ഷ്യം വയ്ക്കുന്നത്. അടിസ്ഥാന പൊതുവിദ്യാഭ്യസത്തിനൊപ്പം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന് നയരേഖ അടിവരയിടുന്നു. 

അടിസ്ഥാനസൗകര്യവികസനത്തിനായി വിദേശമൂലധനനിക്ഷേപമാകാം എന്നതാണ് വികസനരേഖയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന നിര്‍ദേശം. വ്യവസായ സൗഹൃദാന്തരീക്ഷം യാഥാര്‍ഥ്യമാകാന്‍ തൊഴിലാളി സംഘടനാശൈലിയിലടക്കം മാറ്റം വരണം. പരമ്പരാഗത കാര്‍ഷികവ്യവസായമേഖലകളില്‍ സാങ്കേതിക പരിഷ്കരണം സാധ്യമാക്കണം. അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതോന്നമനത്തിനുള്ള പദ്ധതികളും വികസനരേഖയുടെ ഭാഗമാകുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വാഗ്ദാനം ചെയ്യുന്നു.  

കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന കാല്‍നൂറ്റാണ്ടുകാലത്തേക്കുള്ള നയരേഖയെ വിവാദമാക്കുന്നത് എന്തിന് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഈ നയംമാറ്റം പൊതുവില്‍  സ്വാഗതാര്‍ഹമാണ്. നയംമാറ്റമെന്നത് വിമര്‍ശനമല്ല, വസ്തുതയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസനനയരേഖ സി.പി.എമ്മിനെ തന്നെയാണ് തിരുത്തുന്നത്. സ്വയംതിരുത്തല്‍ പ്രഖ്യാപനം തന്നെയാണ് വികസനനയരേഖ.  പ്രഖ്യാപിച്ച ലക്ഷ്യങ്ങളിലേക്കു തന്നെ സഞ്ചരിച്ചാല്‍ അത് കേരളത്തിന് സ്വാഗതാര്‍ഹവുമാണ്. 

വികസനനയരേഖ സി.പി.എമ്മിനെ സ്വയം തിരുത്തുന്നതല്ലേയെന്ന ചോദ്യത്തിനുത്തരം പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു വിശദീകരിക്കുന്നുണ്ട്. 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ അടിയന്തരമായ പരിഷ്കരണം വേണം എന്ന കാര്യത്തില്‍ നയരേഖയോട് കേരളം വിയോജിക്കില്ല. പക്ഷേ സ്വകാര്യവല്‍ക്കരണം എന്നാല്‍ വിദ്യാഭ്യാസകച്ചവടം മാത്രമാണ് എന്ന് കേരളത്തെ പഠിപ്പിച്ച മുദ്രാവാക്യങ്ങള്‍ തിരുത്തുകയും 

വിശദീകരണം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് സി.പി.എമ്മിന്റെ തന്നെ ഉത്തരവാദിത്തമാണ്. കാണാച്ചരടുകളില്ലാത്ത വിദേശവായ്പകളില്ലെന്ന് കേരളീയരുടെ മനസിലുറിപ്പിച്ചു കൊടുത്ത സംശയങ്ങള്‍ മുഖ്യമന്ത്രിയൊരു നയരേഖയില്‍ മാറ്റിയെഴുതുമ്പോഴേക്കും മാറുന്നതെങ്ങനെ എന്നും സി.പി.എം തന്നെ വിശദീകരണവുമായി എത്തുമായിരിക്കും. തൊഴിലാളിയുടെ അവകാശങ്ങള്‍ സമൂഹത്തെ ചൂഷണം ചെയ്്തുകൊണ്ടാകരുത് എന്ന വിലാപങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ചാപ്പ കുത്തിയ പാര്‍ട്ടി ന്യായീകരണങ്ങള്‍ എവിടെ നിന്ന് എവിടേക്ക് തിരുത്തുമെന്നു തീരുമാനിക്കേണ്ടതും സി.പി.എം തന്നെയാണ്.്  

സാമൂഹ്യനീതി ഉറപ്പു വരുത്തി പൊതു–സ്വകാര്യമേഖലയിലൂടെ ഉന്നതവിദ്യാഭ്യാസം ശക്തി ആര്‍ജിക്കേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.  

ഞങ്ങള്‍ മാറിയിരിക്കുന്നു എന്ന തിരുത്തല്‍ പ്രഖ്യാപനമാണ് സത്യത്തില്‍ ഈ നയരേഖയുടെ പ്രസക്തി. അതല്ലെങ്കില്‍  ഒരു പുരോഗമനസമൂഹത്തില്‍ സ്വാഭാവികമായി തന്നെ പുരോഗമിക്കേണ്ട സമീപനങ്ങളും പദ്ധതികളും ഒരു നയരേഖയായി അവതരിക്കേണ്ട ആവശ്യമേ വരുന്നില്ല. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവിദ്യാഭ്യാസമേഖലയുടെ പ്രാധാന്യം ഇന്നത്തെ കാലത്ത് നയരേഖയായി അവതരിപ്പിച്ചു സ്വയം ബോധ്യപ്പെടേണ്ടത് സി.പി.എമ്മിനു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനത്തില്‍ വിദേശമൂലധനമടക്കം സാധ്യമായ സാധ്യതകളെല്ലാം തേടുകയെന്നത് സി.പി.എം സ്വയം ബോധ്യപ്പെടുത്തേണ്ട നയംമാറ്റമാണ്. ഇത്തരം കാര്യങ്ങളിലെല്ലാം സി.പി.എമ്മിനുണ്ടായിരുന്ന സംശയവും ആകുലതകളുമാണ് ഒരൊറ്റ നയരേഖയിലൂടെ പിണറായി വിജയന്‍ തീര്‍ക്കുന്നത്. സി.പി.എമ്മിന്റെ സംശയങ്ങള്‍ പിണറായി വിജയന്‍ തീര്‍ക്കുമ്പോള്‍ കേരളത്തിനും അത് പ്രത്യാശയും തിരുത്തലുമാണ്. ഈ മാറ്റം സ്വാഗതാര്‍ഹമാണ്.  

കേരളത്തിലെ അടിസ്ഥാനസൗകര്യവികസനസമീപനം അതിവേഗം മാറണം. വിജ്ഞാനമേഖലയില്‍ അടിത്തറയിട്ടു കൊണ്ട് കേരളത്തിലെ വ്യവസായമേഖല പരിഷ്കരിക്കപ്പെടണം. അതിനുവേണ്ടി ഉന്നതവിദ്യാഭ്യാസമേഖലയും സജ്ജമാകണം. ഈ മൂന്നു ലക്ഷ്യങ്ങള്‍ അടിവരയിടുന്ന വികസനനയരേഖയെ സി.പി.എം പ്രതീക്ഷയോടെ കാണുന്നു. 

പക്ഷേ ഈ മൂന്നു മുന്നേറ്റങ്ങള്‍ക്കും ഇതുവരെ തടസം നിന്നതാരാണ് എന്ന ഒരു ചോദ്യം ഇവിടെ ചോദിക്കേണ്ടതല്ല എന്ന് സി.പി.എം കരുതുന്നുണ്ട്. ആധുനികകേരളചരിത്രത്തില്‍ പപ്പാതി ഭരണനിര്‍വഹണത്തിന് അവസരമുണ്ടായിരുന്ന പാര്‍ട്ടി ഭരണത്തിലെത്തുമ്പോള്‍ മാത്രമുണ്ടാകേണ്ടതല്ല കാലാനുസൃതബോധ്യങ്ങള്‍ എന്ന് ഇനി ഓര്‍മപ്പെടുത്തേണ്ടി വരില്ല എന്നാണ് മൗനവാഗ്ദാനമെന്നു കരുതാം. അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് പുതിയ കേരളത്തിലെ നിയോഗമെന്താണ് എന്ന് ഈ വികസനനയരേഖയില്‍ വ്യക്തതയില്ലെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. തുടക്കം മാത്രമാണിതെന്നും ശക്തമായ സാമൂഹ്യക്ഷേമപദ്ധതികളിലൂടെ അടിസ്ഥാനവിഭാഗത്തെ ചേര്‍ത്തുനിര്‍ത്തിതന്നെയാണ് മുന്നോട്ടു പോക്കിന് വേഗം കൂട്ടുന്നതെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.  

വികസനം എന്ന വാക്ക് ഭ്രമാത്കമാണ്. പ്രത്യേകിച്ചും നിലവിലെ കേരളത്തിലെ സാമൂഹ്യഘടനയില്‍ ഏറ്റവും ആകര്‍ഷകമായി മുഴങ്ങുന്ന ശബ്ദമാണ് വികസനം. അടിസ്ഥാനജനവിഭാഗം കൂടെയുണ്ടെന്ന ഉറച്ച ആത്മവിശ്വാസത്തോടെ സി.പി.എം മധ്യവര്‍ഗത്തോടും അതേ സമര്‍പ്പണം ആവശ്യപ്പെടുകയാണ് നയരേഖയിലൂടെ. അധികാരം തന്നെയാണ് ലക്ഷ്യവും മാര്‍ഗവുമെന്ന് മറച്ചു വയ്ക്കാനും പാര്‍ട്ടി ശ്രമിക്കുന്നില്ല. കേരളവും സി.പി.എമ്മും ഒരുമിച്ചു വികസിക്കുകയെന്ന ആകര്‍ഷകമായ രാഷ്ട്രീയമുദ്രാവാക്യം ഉപഭോഗകേരളത്തിന് നിരസിക്കാന്‍ പ്രത്യക്ഷമായ കാരണങ്ങളില്ല. പക്ഷേ കേരളത്തിന്റെ വികസനലക്ഷ്യങ്ങള്‍ ആരു തീരുമാനിക്കുന്നു, ആരു തിരഞ്ഞെടുക്കുന്നുവെന്ന ചോദ്യത്തിന് ഇപ്പോള്‍ സി.പി.എമ്മിനു പോലും വ്യക്തമായ ഉത്തരങ്ങളില്ല. സില്‍വര്‍ലൈനായാലും വികസനനയരേഖയായാലും കേരളത്തിനു വേണ്ടതെന്ത് എന്നത് ഇപ്പോള്‍ കൂട്ടായ തീരുമാനമല്ല. വ്യക്തികേന്ദ്രീകൃതവും സംശയങ്ങള്‍ പോലും ഉന്നയിക്കാന്‍ കഴിയാത്തതുമായ ഭരണശൈലി സി.പി.എം അംഗീകരിച്ചില്ലെങ്കിലും വാസ്തവമായി കേരളത്തിനു മുന്നില്‍ തെളിയുന്നുണ്ട്.   

ഈ ചോദ്യം ഏതു സാഹചര്യത്തിലും  സംശയങ്ങളുന്നയിക്കുന്ന എല്ലാവരോടുമായി കണക്കാക്കാവുന്നതാണ്. വികസനരേഖയില്‍ വിവാദമെന്ന പരാതി തല്‍ക്കാലം മാറ്റിവയ്ക്കാം. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിനു മുന്നില്‍ അവതരിച്ചതും ഇതേ ശൈലിയിലാണ്. മുഖ്യമന്ത്രിയുടെ പദ്ധതി. ചര്‍ച്ചകള്‍ക്കു മുന്‍പേ എന്തു വന്നാലും നടപ്പാക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ച ശേഷം ഈ പദ്ധതിയില്ലാതെ കേരളമെങ്ങനെ മുന്നോട്ടു പോകുമെന്ന് സ്ഥാപിക്കുന്ന രീതി. ആ പദ്ധതിയുടെ പ്രായോഗികാവശ്യം അംഗീകരിക്കുകയും എന്നാല്‍ പ്രായോഗികസംശയങ്ങള്‍ ചോദിക്കുകയും ചെയ്തവരെപ്പോലും വികസനവിരുദ്ധരായി മുദ്ര കുത്തുന്ന പുതിയ ഭരണശൈലി.  ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിന് തീര്‍ച്ചയായും ഏതു തീരുമാനവും സ്വന്തമായി കൈക്കൊള്ളാനും മുന്നോട്ടു പോകാനും അവകാശമുണ്ട്. പക്ഷേ എടുക്കുന്ന തീരുമാനങ്ങളുടെ ആഴവും പരപ്പും പ്രത്യാഘാതവും ജനങ്ങളോടു സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ജനാധിപത്യം. സില്‍വര്‍ലൈന്‍ വിശദീകരണയോഗങ്ങള്‍ വഴിപാടാകേണ്ടതായിരുന്നില്ല.  ഇപ്പോള്‍ പാര്‍ട്ടിക്കകത്തും അതേ ഭരണശൈലി അധികാരവഴിയിലൂടെ അരങ്ങുറപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ വികസനമുന്‍ഗണനകള്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നത് മുഖ്യമന്ത്രിയുടെ സ്വപ്നങ്ങളില്‍ തുടങ്ങി സി.പി.എം ഏറ്റെടുത്തു നടപ്പാക്കേണ്ടതാണോ? ഭരണത്തിന് സൗകര്യമൊരുക്കുക മാത്രമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയചുമതല?  

മുഖ്യമന്ത്രി തീരുമാനിക്കുന്ന നയത്തിനൊപ്പം നയപരമായി സ്വയം പരുവപ്പെടുന്ന പാര്‍ട്ടിയായി സി.പി.എം പൂര്‍ണമായും പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് എറണാകുളം അടിവരയിടുന്നു. വിജയങ്ങള്‍ മാത്രം മുന്നിലുള്ളപ്പോള്‍ ഈ പരിവര്‍ത്തനം ചോദ്യം ചെയ്യപ്പെടാനും പോകുന്നില്ല. പക്ഷേ ഇങ്ങനെയാണോ കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് തിരുത്താന്‍ ശേഷിയുള്ള ഒരു ചോദ്യവും ഉയരാത്ത സി.പി.എം സമ്മേളനം എങ്ങനെയാണ് പരിപൂര്‍ണമാകുന്നത്? ഭരണത്തിലെ വന്‍വീഴ്ചകള്‍ പോലും സ്വാഭാവികമായ ചെറിയ പാളിച്ചകളായി 

തലോടലില്‍ ഒതുങ്ങുന്നു. എല്ലാം ശരിയായി നടക്കുന്നുവെന്ന പ്രതീതിയാണ് ഏറ്റവും പ്രധാനമെന്നു വരുന്നു.  വ്യക്തിപൂജ അനുവദിക്കില്ലെന്ന് കര്‍ശനനിലപാടെടുത്തിരുന്ന പിണറായി വിജയന്‍ പൂജിക്കപ്പെടുമ്പോള്‍ തിരുത്താന്‍ പിണറായി പോലുമില്ല. ബന്ധുനിയമനം പാര്‍ട്ടിയില്‍ വേണോ എന്നു ചോദിക്കാന്‍ നിലപാടിന്റെ ധൈര്യമുള്ള ഒരു ചൂണ്ടുവിരലും സി.പി.എമ്മില്‍ ഉയര്‍ന്നില്ല.  ഐക്യവും വിജയവും എല്ലാ ചോദ്യങ്ങളും റദ്ദാക്കുമെങ്കില്‍ ഇത് ചരിത്രസമ്മേളനമാണ്. ചരിത്രവിജയമാണ്.  

വിമര്‍ശിക്കപ്പെടാത്ത ഭരണവും പാര്‍ട്ടി നേതൃത്വവുമാണ് സമ്മേളനശേഷം സി.പി.എം അണികള്‍ ഉയര്‍ത്തുന്ന വിജയസമവാക്യം.  

സി.പി.എമ്മിനെ തകർക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നുവെന്ന് സമാപനസമ്മേളനത്തില്‍ കേരളത്തിലെ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും വര്‍ത്തമാനകാലസാഹചര്യം വ്യക്തമാണ്. പാര്‍ട്ടിക്കു  പുറത്തുളള ശത്രുക്കൾ നിഷ്പ്രഭരാണ്. എതിരാളികൾക്ക് ആക്രമിക്കാനോ തകർക്കാനോ ഉള്ള കരുത്ത് തൽക്കാലമില്ല. പക്ഷേ പാർട്ടിക്കകത്ത് പാർട്ടിയുടെ എതിരാളി രൂപപ്പെടുന്നുണ്ടോ എന്നത് നിശബ്ദമായെങ്കിലും പരിശോധിക്കപ്പെടേണ്ടതാണ്. പാർട്ടി തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും  എതിരാളിയെ ഇടതു മൂല്യങ്ങൾക്ക് തിരിച്ചറിയാതിരിക്കാനാകില്ല. ഏത് ഐക്യത്തിനും വികസന മേൻമകൾക്കുമിടയിലും അനഭിലഷണീയ രാഷ്ട്രീയ പ്രവണതകൾ തെളിഞ്ഞിരിക്കും. പുതിയ നേതൃത്വം, യുവാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കാനുള്ള തുറന്ന മനഃസ്ഥിതി ഇതെല്ലാം സംഘടനാസംവിധാനത്തിന് കരുത്തുപകരുന്ന തീരുമാനങ്ങളാണ്. പക്ഷേ ചോദ്യങ്ങള്‍ക്കെന്തു സംഭവിച്ചു എന്ന ചോദ്യം പാര്‍ട്ടിക്കകത്തു മാത്രമല്ല, കേരളത്തിലും പിന്നീടൊരു കാലം ചോദിക്കാതിരിക്കില്ല. പാര്‍ട്ടിക്കകത്തും ചോദ്യങ്ങളില്ല, പുറത്തു ചോദിക്കുന്നവര്‍ അനുഭവിക്കുകയും ചെയ്യും. ഇത് ശരിയാണോ എന്ന മാനുഷികമായ സന്ദേഹങ്ങൾ ഇനി പാടില്ല. അങ്ങനെയൊരു ആകുലത വാക്കുകളിൽ വരച്ചിട്ട കവിയെ വികസനനേതൃത്വത്തിന്റെ ആരാധകർ നേരിട്ടതെങ്ങനെയെന്ന് സന്ദേഹപ്പെടാൻ തോന്നുന്നവർക്ക് എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപാണ്. നിര്‍ദോഷമായ സംശയങ്ങള്‍ പോലും ഉന്നയിക്കുന്നവര്‍ ഒറ്റപ്പെടും. ഇനിയൊരിക്കലും ഒരു സാമാന്യമായ ചോദ്യം പോലും ഉന്നയിക്കാന്‍ ഭയക്കുന്ന വിധം ആക്രമണം നേരിടും. പ്രതിപക്ഷത്തിന്റെയോ സംഘടനകളുടെയോ സംഘടിതപിന്‍ബലമില്ലാത്തവര്‍ സംസാരിക്കാന്‍ പോലും മടിക്കും വിധം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ബോധപൂര്‍വമായി പരുവപ്പെടുത്തപ്പെടുന്നുണ്ട്.  

ചോദ്യം ചെയ്യേണ്ടതില്ലാത്ത, തെറ്റു പറ്റാത്ത, രാഷ്ട്രീയ നേതൃത്വത്തിന്റെ കാലത്തേക്ക് കേരളത്തിന്റെ ഭരണവും ഭരണപക്ഷരാഷ്ട്രീയവും എത്തിയിരിക്കുന്നു എന്ന തുറന്ന പ്രഖ്യാപനം കൂടിയാണ് എറണാകുളം സമ്മേളനം. പരിപൂര്‍ണനിശബ്ദതയില്‍,  ഒരു ചോദ്യത്തിന്റെ ചെറുശബ്ദം പോലും സഹിക്കാന്‍ കഴിയാത്ത അച്ചടക്കത്തിലേക്ക് കേരളവും പരിശീലിപ്പിക്കപ്പെടുകയാണോ? ഭരണം വിമര്‍ശിക്കപ്പെടേണ്ടതല്ല, നിരീക്ഷിക്കപ്പെടേണ്ടതല്ല, ചോദ്യം ചെയ്യപ്പെടാനേ പാടുള്ളതല്ല, സംശയങ്ങള്‍ ഉയരാന്‍ പാടില്ല. ചോദ്യങ്ങള്‍ക്കിടമില്ലാത്ത പരിപൂര്‍ണശുഭാപ്തിവിശ്വാസവും വിധേയത്വവും മാത്രമാണ് അണികളില്‍ നിന്നൊരു നേതൃത്വം പ്രതീക്ഷിക്കുന്നതെങ്കില്‍  ശുഭകരമായ സംഘടനാതീരുമാനങ്ങള്‍ക്കിടയിലും ഇടതുപക്ഷകേരളം ചില ആശങ്കകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. 

MORE IN PARAYATHE VAYYA
SHOW MORE