സ്വപ്നയും ശിവശങ്കറും ഒഴിവാക്കിയ ചോദ്യങ്ങള്‍; മറുപടി ആര് തരും?

Parayathe-Vayya
SHARE

നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തിലെ ഭരണസംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടോ? ഉന്നതഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പ്രതിരോധത്തിനു വേണ്ടി സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടോ? ഇപ്പോഴും കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതും ന്യായീകരിക്കാന്‍ ഭരണാനുകൂലികള്‍ വ്യാപകമായ പ്രചാരണം നടത്തിയതും സ്വാഭാവികമാണോ? മുഖ്യമന്ത്രി കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനു പിന്നിലും കുറ്റാരോപിതന്റെ ഇടപെടലുണ്ടോ? പ്രതികളെക്കൊണ്ട് മുഖ്യമന്ത്രിയെയും ഓഫിസിനെയും ന്യായീകരിപ്പിച്ച് ശബ്ദരേഖകള്‍ കെട്ടിച്ചമച്ചത് ആരുടെ ഇടപെടലാണ്? സ്വപ്ന സുരേഷ് ഈ സ്വര്‍ണകടത്തു കേസിലെ പ്രതിയാണ്. അവര്‍ക്ക് അവരുടേതായ അ‍ജണ്ടകളും ഉണ്ടാകാം. എങ്കില്‍പ്പോലും അവരിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേരളം മറുപടി അര്‍ഹിക്കുന്നുണ്ടോ? 

നയതന്ത്രസ്വര്‍ണക്കടത്തു കേസില്‍ കേരളത്തിന്റെ ചോദ്യമെന്തായിരുന്നു. ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയത്, ആരൊക്കെയാണ് ആ കുറ്റകൃത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് പ്രധാന ചോദ്യം തന്നെയാണ്. പക്ഷേ കേരളത്തിന് പ്രധാനം ആ ചോദ്യമാണോ? കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആ കുറ്റകൃത്യവുമായി ബന്ധമുണ്ടോ? ആ കുറ്റവാളികള്‍ക്കു വേണ്ടി കേരളത്തിന്റെ ഭരണസംവിധാനവും അദ്ദേഹത്തിന്റെ പദവിയും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതു തന്നെയാണ് കേരളത്തിന്റെ പ്രശ്നം. സ്വര്‍ണക്കടത്തിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നോ, പിടിച്ചു വച്ച കടത്ത് ബാഗേജ് വിട്ടുകിട്ടുന്നതിനായി അദ്ദേഹം ഔദ്യോഗികപദവി ഉപയോഗിച്ചോ എന്നതും കേരളത്തിന് ഉത്തരം വേണ്ട ചോദ്യങ്ങളാണ്. നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ എന്താണ് സംഭവിച്ചത് എന്ന് കോടതികള്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. രഹസ്യമൊഴികളും തെളിവുകളും ഭാഗികമായേ ലോകം അറിഞ്ഞിട്ടുള്ളൂ. സ്വര്‍ണക്കടത്ത് എന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടുയര്‍ന്ന കേസുകളിലാണ് കോടതികള്‍ തീര്‍പ്പു കല്‍പിക്കാന്‍ പോകുന്നത്. കോടതി തീര്‍പ്പു കല്‍പിക്കുന്നത് നിയമപരമായ കുറ്റകൃത്യത്തിലാണ്. അതിനര്‍ഥം നിയമത്തിന്റെ ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം മതിയെന്നല്ല. ഭരണപരമായും രാഷ്ട്രീയമായും ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ സ്വര്‍ണക്കടത്തു കേസില്‍ നിശ്ചയമായും അവശേഷിക്കുന്നുണ്ടെന്ന് ഇടവേളയ്ക്കു ശേഷം ഓര്‍മിപ്പിച്ചിരിക്കുന്നത് എം.ശിവശങ്കര്‍ തന്നെയാണ്. താന്‍ ചതിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രിയെ വരെ കേസില്‍ പെടുത്താന്‍ ശ്രമമുണ്ടായെന്നും കേസിലെ അനുഭവങ്ങള്‍ തുറന്നെഴുന്ന പുസ്തകത്തിലൂടെ ശിവശങ്കര്‍ അവകാശപ്പെട്ടു. ചതിച്ചുവെന്ന് ആരോപണം നേരിട്ട സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു. 

മാധ്യമങ്ങളാണ് തന്നെ വേട്ടയാടിയതെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ച് ക്രൂശിക്കുകയായിരുന്നുവെന്നും ശിവശങ്കര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടിയാണ് സ്വപ്നസുരേഷ് തള്ളിക്കളഞ്ഞത്. സ്വപ്നസുരേഷും എം.ശിവശങ്കറും തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ പ്രശ്നമേയല്ല. പക്ഷേ അതിനുവേണ്ടി കേരളത്തിന്റെ ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ഒരു പ്രതി തന്നെ തുറന്നുപറയുന്നത് ഗുരുതരമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സ്വാധീനം  ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ കേരളത്തിന്റെ പ്രശ്നം തന്നെയാണ്. നേരത്തെ തന്നെ പുറത്തുവന്ന കാര്യങ്ങളില്‍ പോലും സംസ്ഥാനസര്‍ക്കാരിന്റെ നിയമനടപടികള്‍ നിലച്ചു പോയത് ആരുടെ താല്‍പര്യത്തിലാണ് ? സര്‍ക്കാരിനു വേണ്ടി കെട്ടിച്ചമച്ച ശബ്ദരേഖാനാടകങ്ങളുണ്ടായത് ആരുടെ നിര്‍ദേശത്ിലാണ്? ദേശീയഅന്വേഷണഏജന്‍സികളുടെ ഇടപെടല്‍ ആവശ്യപ്പെട്ടതു പോലും ഗൂഢലക്ഷ്യത്തിലായിരുന്നു എന്ന ആരോപണത്തിന് ആരാണ് മറുപടി പറയേണ്ടത്? 

സ്വപ്നസുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്, നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ വാദങ്ങള്‍ മാത്രം മുഖവിലയ്ക്കെടുത്ത് പുതിയ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതില്ല. പക്ഷേ ഈ വാദപ്രതിവാദം തുടങ്ങിവച്ചത് ഇതേ കേസിലെ പ്രതി കൂടിയായ എം.ശിവശങ്കറാണ്. അദ്ദേഹം ജയില്‍–കേസ് അനുഭവങ്ങള്‍ വ്യക്തമാക്കി എഴുതിയ പുസ്തകത്തില്‍ അവകാശപ്പെട്ട കാര്യങ്ങളെയാണ് സ്വപ്നസുരേഷ് ചോദ്യം ചെയ്യുന്നത്.  

ശിവശങ്കറിന്റെ വാദങ്ങള്‍ ഖണ്ഡ‍ിക്കാനാണ് സ്വപ്നസുരേഷ് ശ്രമിക്കുന്നതെങ്കിലും അനവധി ഗുരുതരമായ ആരോപണങ്ങളും വാദത്തിന്റെ ഭാഗമായി പുറത്തു വരുന്നു.   

NIA അന്വേഷണം തന്റെ ശബ്ദം പുറത്തുവരാതിരിക്കാനുള്ള ആസൂത്രിതഗൂഢാലോചനയായിരുന്നുവെന്ന് സ്വപ്നസുരേഷ് ആരോപിക്കുന്നു. ലൈഫ് മിഷനിലെ ഇടനിലയും സ്പേസ്പാര്‍ക്കിലെ നിയമനതട്ടിപ്പും തുറന്നു പറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ ഗുരുതരമാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനുകൂലമായി തന്നെക്കൊണ്ട് സാക്ഷ്യം പറയിച്ചുവെന്ന ആരോപണം.  മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ സമ്മര്‍ദമുണ്ടായി എന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇ.ഡിക്കെതിരെ കേസെടുത്ത് അന്വേഷണം വരെ നടത്തിയതുമാണ്. ഈ ആരോപണങ്ങളുടെ സത്യാവസ്ഥയെന്താണ്?  

ഈയൊരു ശബ്ദരേഖയുടെ പേരില്‍ കേരളസര്‍ക്കാര്‍ കൈക്കൊണ്ട നിയമനടപടികള്‍ സമൂഹം മറന്നിട്ടില്ല. ആ ശബ്ദരേഖ തിരക്കഥയായിരുന്നു, ആസൂത്രിതമായി പറയിപ്പിച്ചതായിരുന്നു എന്നു സ്വപ്ന വെളിപ്പെടുത്തുമ്പോള്‍ ആരാണ് അത് പറയിപ്പിച്ചത്?  ആ വെളിപ്പെടുത്തല്‍ അന്ന് സംസ്ഥാനസര്‍ക്കാര്‍ വളരെ ഗൗരവമായി എടുത്തു. രാഷ്ട്രീയപ്രചാരണത്തിനു പുറമേ നിയമപരമായും സംസ്ഥാനസര്‍ക്കാര്‍ ഇ.ഡിക്കെതിരെ നീങ്ങി. ഇ.ഡി.ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് നിയമയുദ്ധത്തിലെത്തി. ആ ശബ്ദരേഖയെ മാത്രം വിശ്വസിച്ചും ആശ്രയിച്ചും  ഗുരുതരമായ നിയമനടപടിയിലേക്കു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് യുക്തിസഹമാണോ? ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണ്?  

മുഖ്യമന്ത്രിയാണ് സ്വര്‍ണക്കടത്ത് കേസ്  കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. അന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തായിരുന്നു സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവായി ഭരണപക്ഷം ഉന്നയിച്ച ഏറ്റവും വലിയ പ്രതിരോധം. ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തതുകൊണ്ടല്ലേ സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ക്ഷണിച്ചുവരുത്തിയതെന്നായിരുന്നു അവകാശവാദം. അല്ലെങ്കിലും കേന്ദ്രഏജന്‍സികള്‍ വരുമായിരുന്നല്ലോ എന്നു ചോദിച്ചവരോടെല്ലാം ഭരണപക്ഷവക്താക്കള്‍ ആവര്‍ത്തിച്ചുറപ്പിച്ചത് മുഖ്യമന്ത്രിയുടെ കത്താണ് നിര്‍ണായകമായത് എന്നാണ്. ആ ഇടപെടല്‍ ഒരു മാസ്റ്റര്‍പ്ലാനായിരുന്നുവെന്ന് ആരോപണമുന്നയിക്കുന്നത് കേസിലെ പ്രതിയാണെങ്കില്‍ പോലും വ്യക്തത വരുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ട്.  

സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലുകള്‍ മാറ്റിവച്ചാല്‍ പോലും സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വര്‍ണക്കടത്തു കേസോടെ പുറത്തുവന്ന മറ്റ് നിയമലംഘനങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമനടപടികള്‍ക്ക് എന്തു സംഭവിച്ചു? എന്തുകൊണ്ടാണ് കേസുകള്‍ മുന്നോട്ടു പോകാത്തത്? ഇപ്പോഴും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായി നില്‍ക്കുന്ന ഉന്നതഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരിച്ചെത്തിയത് എങ്ങനെയാണ്? അതേ ഉദ്യോഗസ്ഥന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞുകൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ചട്ടങ്ങള്‍ വഴിമാറുന്നതെങ്ങനെയാണ്? 

സ്വപ്നയുടെ നിയമനത്തില്‍ ഇടപെട്ടില്ലെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍ അത് പൂര്‍ണമായും വാസ്തവവിരുദ്ധമാണെന്ന് സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. തെളിവുകള്‍ വ്യക്തമാണെന്നും അവകാശപ്പെടുന്നു.  

സ്വപ്ന വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇക്കാര്യത്തിലെങ്കിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗസമിതി അന്വേഷിച്ചു കണ്ടെത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ സസ്പെന്‍ഷന്‍. തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് നിയമനത്തട്ടിപ്പില്‍ കേസും എടുത്ത് അന്വേഷണം തുടങ്ങി. ആ അന്വേഷണത്തിന് എന്തു സംഭവിച്ചു? ചീഫ്സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴും അത് ശരിയല്ലെന്നാരോപിച്ച് ഉന്നതഉദ്യോഗസ്ഥന്റെ പുസ്തകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലേ? സര്‍ക്കാരിന് അപകീര്‍ത്തി ഉണ്ടായാലേ ഉദ്യോഗസ്ഥര്‍ക്ക് ചട്ടലംഘനം ബാധകമാകൂവെന്ന ന്യായം എം.ശിവശങ്കറിനെ സംരക്ഷിക്കാന്‍ കണ്ടെത്തുന്നതാരാണ്?  

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനില്‍ ഗൂഢാലോചന നടത്തി കൈക്കൂലി ഇടപാടു നടത്തിയെന്ന കുറ്റവും ശിവശങ്കറിനെതിരെ ചുമത്തി വിജിലന്‍സിന്റെയും ഒരു കേസുണ്ടായിരുന്നു. ആ കേസിന് എന്തു സംഭവിച്ചു? ആ കേസുയര്‍ത്തിയാണ് സി.ബി.ഐ അന്വേഷണത്തെ പോലും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ ഉന്നതഉദ്യോഗസ്ഥന്റെ വ്യക്തിപരമായി പങ്കാളിത്തം മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെങ്കില്‍ സംസ്ഥാനം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും എന്തുകൊണ്ടാണ് നിയമനടപടികള്‍ നിലച്ചു പോയത്. സര്‍വീസില്‍ തിരികെ കയറാന്‍ ഒരു തടസവുമില്ലാത്ത വിധം ഉന്നതഉദ്യോഗസ്ഥന് വഴിയൊരുക്കുന്നതാരാണ്? കേസ് നടപടികള് പോലും പൂര്‍ത്തിയാകും മുന്‍പ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനും വിശുദ്ധനാക്കാനും നടക്കുന്ന വന്‍പ്രചാരണത്തിന്റെ ഉറവിടം എവിടെ നിന്നാണ്?

കെ.ടി.ജലീലിന്റെ കാര്യത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞത് സത്യമാണെന്ന് സി.പി.എം വിശ്വസിക്കുന്നു. അപ്പോള്‍ പി.ശ്രീരാമകൃഷ്ണന്റെ കാര്യത്തിലോ?  

സ്വപ്ന സുരേഷിൻറെ വാദങ്ങളിൽ നിന്ന് ചോദ്യങ്ങൾ മാത്രമല്ല പ്രകടമായ വൈരുദ്ധ്യങ്ങളും ഉയർന്നുവരുന്നുണ്ട്. സ്പേസ് പാർക്കിലെ നിയമനത്തിന് കാര്യത്തിൽ ശിവശങ്കർ വാസ്തവവിരുദ്ധമായ  വാദം പുസ്തകത്തിൽ ഉയർത്തി എന്നതുകൊണ്ട് മാത്രം  ഈ വൈരുദ്ധ്യങ്ങൾ അവഗണിക്കാവുന്നതല്ല. സ്വപ്ന സുരേഷ് ബോധപൂർവ്വം ഒഴിവാക്കുകയോ മൗനം പുലർത്തുകയോ ചെയ്യുന്ന  വൈരുദ്ധ്യങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഇങ്ങനെ കാണാം. 

1. കോൺസുലേറ്റിൽ നിന്ന് ജോലി വിടാൻ ഉണ്ടായ സാഹചര്യത്തിൽ വ്യക്തത വന്നില്ല. സ്വപ്ന അതു വിശദീകരിക്കുന്നുമില്ല.

2. കോൺസുലേറ്റിൽ ശരിയല്ലാത്ത  ചില  കാര്യങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ ശിവശങ്കർ  രാജി വെച്ചോളാൻ  പറഞ്ഞു. എന്ന് പറയുന്നു.  അതിൻറെ വിശദാംശങ്ങൾ എന്താണ് ? 

3. കോൺസുലേറ്റിലെ ശരിയല്ലാത്ത കാര്യങ്ങൾ എന്തായിരുന്നു  എന്ന് ശിവശങ്കറിനോടു പറയുകയായിരുന്നോ? അതോ അത് അദ്ദേഹത്തിന്റെ തന്നെ സംശയങ്ങളായിരുന്നോ?

4.കോൺസുലേറ്റിൽ ശരിയല്ലാത്ത ചില കാര്യങ്ങൾ നടക്കുന്നു എന്ന് അറിഞ്ഞപ്പോൾ  രാജിവെക്കാൻ ആവശ്യപ്പെട്ട ശിവശങ്കർ പിന്നീട് സ്വർണ്ണക്കടത്തിൽ അടക്കം കൂട്ടുനിന്നു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും?

5. ശരിയല്ലാത്ത ഇടപാടുകളിൽ നിന്ന്  സ്വപ്നയ്ക്ക് രക്ഷപ്പെടാൻ ജോലി വാങ്ങി നൽകിയ ഒരാൾ   കോൺസുലേറ്റും ആയി ഒരു ബാധ്യതയും ഇല്ലാത്ത സമയത്ത് സ്വപ്ന നടത്തിയ ഈ നിയമലംഘനങ്ങൾ അറിഞ്ഞിരുന്നു എന്നതിന് എന്താണ് തെളിവ് ?

6. ഈ ശരിയല്ലാത്ത കാര്യങ്ങൾ അറിഞ്ഞ ശേഷമാണോ ലൈഫ്മിഷൻ ഇടപാടിൽ ശിവശങ്കർ ഇടപെട്ടതും കോൺസുലാർ ജനറലിന്റെ താൽപര്യങ്ങൾക്കനുസരിച്ച്  നടപടികൾ സ്വീകരിച്ചു എന്ന് സ്വപ്ന പറയുന്നതും?

7. ലൈഫ് മിഷൻ കരാർ യൂനിടാക്കിനു തന്നെ ലഭിക്കാൻ ശിവശങ്കറിന്റെ ഇടപെടൽ വേണ്ടി വന്നിട്ടുണ്ടോ? അതിൽ കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ടോ? കമ്മിഷൻ ഉണ്ടെന്ന് ശിവശങ്കറിന് നേരിട്ടറിയാമായിരുന്നോ?

8. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്  ഒഴിഞ്ഞുമാറാൻ  ശിവശങ്കർ കള്ളം പറഞ്ഞു എന്നതൊഴികെ മറ്റെല്ലാത്തിലും സ്വപ്ന ഇപ്പോൾ പറയുന്ന കാര്യങ്ങൾ അപൂർണമാണ് , തെളിവില്ലാത്തതാണ് , സ്വപ്നക്ക് തന്നെയും നേരിട്ട് ബോധ്യമില്ലാത്തതല്ലേ?

9. അറസ്റ്റിലായ ശേഷം  പുറത്തുവിട്ട ശബ്ദരേഖയ്ക്കു പിന്നിൽ ശിവശങ്കർ ആയിരുന്നു എന്നത് നേരിട്ടുള്ള ബോധ്യം ആണോ അതോ  അനുമാനം മാത്രമാണോ ?

10. ശിവശങ്കർ നിയമവിരുദ്ധമായി എന്തെങ്കിലും  ചെയ്തു എന്നൊരു കുറ്റാരോപണം സ്വപ്നയ്ക്കുണ്ടോ?  അത്തരം തെളിവുകൾ കൈമാറിയിട്ടുണ്ടോ?

ഈ ചോദ്യങ്ങൾക്ക് കൂടി വ്യക്തമായ ഉത്തരം കിട്ടുമ്പോൾ മാത്രമേ വ്യക്തിപരമായ തലത്തിൽനിന്ന് ഇതൊരു ഗുരുതരമായ പ്രശ്നമായി കണക്കാക്കാനാകൂ.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ആരുടെ സ്വര്‍ണം എന്നു മാത്രം  ചോദിച്ചാല്‍ മതിയെന്ന് ഭരണപക്ഷം നിര്‍ബന്ധം പിടിക്കുന്നതു തന്നെ ദുരൂഹമാണ്. ആ നിര്‍ബന്ധങ്ങള്‍ സംഘടിതവും ഏകോപിതവും ആക്രമണോല്‍സുകവുമാകുന്നത് സംശയകരവുമാണ്. ഏതു കേസിലും കോടതി വിലയിരുത്തുന്നത് നിയമപരമായ തെളിവുകള്‍  മാത്രമാണ്. കോടതിക്ക് ബോധ്യമാകുന്ന തെളിവുകള്‍ മാത്രമേ സമൂഹവും വിശ്വസിക്കാവൂ എന്നു വാദിക്കാം. പക്ഷേ കോടതി ഉത്തരവ് മാത്രമേ കേള്‍ക്കാവൂ, നിയമം വിധിക്കുന്നതു മാത്രമേ അറിയാവൂ ചര്‍ച്ച ചെയ്യാവൂ എന്നു പറയുന്നത് അധാര്‍മികമാണ്. ജനാധിപത്യവിരുദ്ധമാണ്.  രാഷ്ട്രീയധാര്‍മികത കോടതികളില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. ഭരണനിര്‍വഹണത്തിന്റെ പിന്നാമ്പുറങ്ങള്‍ ധാര്‍മികമായി സംശുദ്ധത പുലര്‍ത്തുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത ഭരണനേതൃത്വത്തിന്റേതു തന്നെയാണ്. 

MORE IN PARAYATHE VAYYA
SHOW MORE