നീതി കാണാത്ത നിയമം; പോരാടിയ സ്ത്രീകളേ നിങ്ങള്‍ വിജയിച്ചിരിക്കുന്നു..!

Parayathe-Vayya-franco
SHARE

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്നു കോടതി. ബിഷപ്പ് കുറ്റക്കാരനല്ലെന്നു ആരാധകരും അനുയായികളും. ബിഷപ്പിനെ നിയമം കുറ്റവിമുക്തനാക്കി. പരാതിക്കാരിയായ കന്യാസ്ത്രീയെ  സംശയനിഴലിലാക്കി നിശിത വിമര്‍ശനങ്ങളും കോടതി ഉയര്‍ത്തി.  ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതി നിലനില്‍ക്കില്ലെന്നാണ് വിധി. ഒരു സ്ത്രീ ചൂഷണം തുറന്നു പറയാന്‍ തീരുമാനിച്ചാല്‍ നീതിയും നിയമവും എന്തെല്ലാം മറുചോദ്യങ്ങളിലേക്ക് ഒളിച്ചോടുമെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്ന വിധിയാണ് ഈ കേസിലുണ്ടായത്. 

കടുത്ത സമ്മര്‍ദവും ഭീഷണികളും അതിജീവിച്ച് പരാതിയുമായി ഉറച്ചു നിന്ന കന്യാസ്ത്രീക്കും പിന്തുണച്ചു കൂടെ നിന്ന കന്യാസ്ത്രീകള്‍ക്കും വലിയ നിരാശയുണ്ടാക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്.  ഈ കോടതിവിധി ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രശ്നവും ഈ നിരാശയാണ്. അധികാരകേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന ലൈംഗികചൂഷണം തുറന്നു പറഞ്ഞാല്‍ ചൂഷകനോടുള്ളതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ പരാതിക്കാരായ സ്ത്രീകളോടാണെന്ന് നിയമവും സ്ഥാപിക്കുന്നു. നീതിയേക്കാള്‍ പ്രധാനമാണ് നിയമമെന്ന് ഒരിക്കല്‍ കൂടി കോടതി ഓര്‍മിപ്പിക്കുന്നു. 

കോടതി നിയമപരമായ നടപടികള്‍ കൃത്യമായി പാലിച്ചു. പരാതിക്കാരിയുടെ വാദത്തിലെ പഴുതുകള്‍ കൃത്യതയോടെ കണ്ടുപിടിച്ചു. പരാതിയിലെ വൈരുധ്യങ്ങള്‍ വ്യക്തതയോടെ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ജാഗ്രത പുലര്‍ത്താതെ പോയ വീഴ്ചകള്‍ ശക്തമായി വിമര്‍ശിച്ചു. നിയമത്തോട് ബാധ്യത പുലര്‍ത്തിയ വിധിയാണിതെന്ന്  പറയാം. നീതിയോട് ബാധ്യത പുലര്‍ത്താന്‍ നിയമത്തിന് ബാധ്യതയുണ്ടെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

പരാതിക്കാരിയുടെ വാദത്തിലെ വൈരുധ്യങ്ങള്‍ കോടതി അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376–ാം വകുപ്പ് പ്രകാരം ബലാല്‍സംഗക്കുറ്റമാണ് ബിഷപ്പിനെതിരെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളിലും വാദങ്ങളിലും പരാതിക്കാരിയുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്ന് കോടതിചൂണ്ടിക്കാണിക്കുന്നു. 21 പോയന്റുകളാണ് വൈരുധ്യമായി കോടതി എടുത്തു പറയുന്നത്. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ആദ്യമൊഴിയില്‍ 13 തവണ ലൈംഗികപീഡനം നടന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നല്‍കിയത്. ബിഷപ്പുമാരടക്കം സഭാമേധാവികള്‍ക്ക് ആദ്യം നല്‍കിയ പരാതിയിലും ശാരീരീകപീഡനം നടന്നതായി ആരോപിച്ചിട്ടില്ല. മോശം സന്ദേശങ്ങള്‍ അയച്ചുവെന്നു മാത്രമായിരുന്നു അന്നത്തെ പരാമര്‍ശം. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തിരുത്തിയെന്നും പരാതിക്കാരിയുടെ ഫോണ്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും കോടതിവിധിയില്‍ എടുത്തു പറയുന്നു. ഫോണ്‍ ആക്രിക്കാരന് വിറ്റുവെന്ന വിശദീകരണം അവിശ്വസനീയമാണെന്നു കോടതി. 

ഈ പൊരുത്തക്കേടുകള്‍ തിരിച്ചറിയാതിരുന്നത് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരവീഴ്ചയാണ്  എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ പരാതിനല്‍കുന്നതിലുണ്ടായ കാലതാമസം ഇക്കാലത്തും ഒരു കോടതി ഒരു പ്രധാന അവിശ്വാസമായി കണക്കാക്കുന്നുവെന്നത് സത്യത്തില്‍ അവിശ്വസനീയമാണ്.  

ബിഷപ്പിനെതിരെ പരാതി നല്‍കിയപ്പോള്‍ കേസ് ഒത്തുതീര്‍ക്കാനല്ലേ ബിഷപ്പ് ശ്രമിക്കൂവെന്ന് കോടതി സ്വാഭാവികമായും സംശയിക്കുന്നുണ്ട്. സംശയിക്കാന്‍ തോന്നുന്നതെല്ലാം കോടതി സംശയിക്കുന്നു. പക്ഷേ പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ ഒന്നും വിശ്വസിക്കുന്നുമില്ലെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഉറപ്പായും കേസില്‍ അപ്പീലുണ്ടാകും. മേല്‍ക്കോടതികളില്‍ നിന്നും പരാതിക്കാരിക്ക് അനുകൂലമായ തീര്‍പ്പുണ്ടാകുമെന്നു വിശ്വസിക്കാന്‍ നിലവിലുളള തെളിവുകള്‍ മതിയാകുമോ എന്ന ആശങ്ക തള്ളിക്കളയാവുന്നതുമല്ല. കോടതികളില്‍ തെളിവിനപ്പുറം ഒന്നും പരിഗണിക്കപ്പെടില്ലെന്ന് വീണ്ടും വീണ്ടും ഓര്‍ക്കാതിരുന്നത് പ്രോസിക്യൂഷന്റെ വീഴ്ച തന്നെയാണ്. പക്ഷേ കോടതിയും നിയമവും നീതിയിലേക്കുള്ള യാത്രയിലെ ഒരു ഘടകം മാത്രമാണ് എന്നത് സമൂഹം മറക്കാന്‍ പാടില്ല.

ഒരു സ്ത്രീ സമൂഹത്തിനു മുന്നില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി എത്തുന്നതിനു മുന്‍പ് അവര്‍ കടന്നു പോകുന്ന ഭീകരമായ മാനസികസമ്മര്‍ദമുണ്ട്. മനഃശാസ്ത്രജ്ഞരും നിയമജ്ഞരുമെല്ലാം ഈ മാനസികാവസ്ഥയുടെ ആഘാതം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതികള്‍ പോലും ഇതു പരിഗണിക്കണമെന്ന് പല സുപ്രീംകോടതി വിധികളും നിയമനിര്‍മാണങ്ങളും മുന്നിലുണ്ട്. പക്ഷേ അതിശയപ്പെടുത്തുന്നത് മുന്നിലുളള തെളിവുകള്‍ മാത്രം പരിഗണിക്കാന്‍ ബാധ്യതയുള്ള കോടതിയുടെ വിധിയല്ല. ആ വിധിയുടെ അടിസ്ഥാനത്തില്‍ ഉള്ളിലുണ്ടായിരുന്ന വിധിന്യായങ്ങള്‍ വലിച്ചു പുറത്തിട്ടുകൊണ്ടിരിക്കുന്ന ഹിംസാത്കമായ മനുഷ്യാവസ്ഥകളാണ്.

കന്യാസ്ത്രീക്ക് നീതി കിട്ടേണ്ടത് കോടതിയില്‍ നിന്നു മാത്രമല്ല, സമൂഹത്തില്‍ നിന്നു തന്നെയാണ്. ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് നമ്മുടെ ഉള്ളിലുള്ള ഉത്തരമാണ് യഥാര്‍ഥ നീതി. ആ ഉത്തരം രൂപപ്പെടുത്തേണ്ടത് ഒരു നിയമത്തിന്റെയും സാങ്കേതികതയല്ല. സാമാന്യമായ നീതിബോധവും അധികാരഘടനയെക്കുറിച്ചുള്ള ബോധവും മനുഷ്യത്വവുമാണ്. അതുണ്ടാകാന്‍ ഒരു സ്ത്രീ ഇന്നത്തെ ലോകത്തിലും കടന്നു പോകുന്ന അവസ്ഥകള്‍ മനസിലാവുന്ന ലോകവിദ്യാഭ്യാസമുണ്ടാകുകയും വേണം. 

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതു മുതല്‍ ഒരു പക്ഷം പ്രകടിപ്പിക്കുന്ന ഒരു പ്രതീക്ഷയുണ്ട്. നടിയെ ആക്രമിച്ച കേസിലും ഇതുതന്നെ സംഭവിക്കുമെന്ന്്. കുറ്റക്കാരെന്നു പൊലീസ് കണ്ടെത്തിയവരെല്ലാം കോടതിയില്‍ കുറ്റവിമുക്തരാകുമെന്ന്. സംഭവിക്കില്ലെന്ന് ഒരുറപ്പും പറയാനാകില്ല. കോടതിയില്‍ ജയിക്കുന്നത് നീതിയല്ല, തെളിവുകള്‍ മാത്രമാണ്. പക്ഷേ കോടതി എന്തു പറയുന്നുവെന്നതനുസരിച്ചു മാത്രമാണ് നമ്മുടെ നീതിബോധം ചലിക്കുന്നതെങ്കില്‍ അത് നമ്മുടെ പ്രശ്നമാണ്. കോടതികളുടേതല്ല. 

പ്രമുഖമനഃശാസ്ത്രജ്ഞതന്‍ ഡോ.സി.ജെ. ജോണ്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്. ബലാല്‍സംഗം നേരിടുന്ന സ്ത്രീകള്‍ കടന്നു പോകുന്ന മാനസികവ്യഥകളുടെ വിവിധ ഘട്ടങ്ങള്‍ നിയമയുദ്ധങ്ങളില്‍ പരിഗണിക്കപ്പെടാറില്ല. പറയാന്‍ വൈകിയതെന്തെന്ന് കോടതികളില്‍ മുഴങ്ങുന്ന ചോദ്യം ഒരിക്കലും നോവുന്ന മനസിന്റെ ആശയക്കുഴപ്പം പരിഗണിക്കാറില്ല. തുറന്നു പറയുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതികരണത്തെക്കുറിച്ചുള്ള ആശങ്കകളും നുണയെന്ന വ്യാഖാനങ്ങളും കടുത്ത സമ്മര്‍ദങ്ങളുണ്ടാക്കും. പലവട്ടം പീഡനം ആവര്‍ത്തിച്ചുവെന്നത് സമ്മതത്തിന്റെ സാക്ഷ്യമാകണമെന്നില്ല. ചൂഷണത്തിന്റെ ഓര്‍മകള്‍ പോലും പറയുന്നതിനെ സ്വാധീനിക്കാം. വൈകി തുറന്നു പറയുമ്പോഴാകട്ടെ കോടതി നിഷ്കര്‍ഷിക്കുന്ന തെളിവുകള്‍ ഉണ്ടാകണമെന്നില്ല. മാനസികാരോഗ്യതകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട രീതികള്‍ പോലും നവീകരിക്കപ്പെടേണ്ടതുണ്ട്. 

മനുഷ്യര്‍ക്കും മനഃശാസ്ത്രത്തിനും  ഇരയെ മനസിലാകും. നിയമത്തിന് അതു സാധിക്കാതെ വരുന്നത് കോടതിയുെട മാത്രം പ്രശ്നവുമല്ല, സംവിധാനങ്ങളുടെ കൂടി പ്രശ്നമാണ്. കുറ്റവും ശിക്ഷയും നിയമം മാത്രം നിര്‍ണയിക്കേണ്ടതല്ല. പക്ഷേ സമൂഹത്തിന്റെ ധാര്‍മികതയ്ക്ക് ഒരു സാങ്കേതികന്യായവും പറഞ്ഞൊഴിയാനാവില്ല. മാനുഷികതയുടെയും ധാര്‍മികതയുടെയും പക്ഷത്തുനിന്നു കൂറുമാറാന്‍ ഒരു ന്യായവും മതിയാവുകയുമില്ല. ധാര്‍മികത സമൂഹത്തിന്റെ ബാധ്യതയാണ്. നിയമത്തിന്റെ ബാധ്യതയല്ല.  നീതിയേ അട്ടിമറിക്കാനാകൂ, ന്യായവും സത്യവും  അട്ടിമറിക്കാനാകില്ല. അത് ഏതു കേസിലും ബാധകമായ ലോകതത്വമാണ്. 

തെളിവുകള്‍ കീറിമുറിച്ചുള്ള കോടതിവിധികള്‍ നിലവില്‍ ചൂഷണം നേരിടുന്ന സ്ത്രീകളെ നിരാശരാക്കേണ്ടതുണ്ടോ? ഒരിക്കലും പാടില്ലെന്നു മാത്രമല്ല, കൂടുതല്‍ ശാക്തീകരിക്കപ്പെടാനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള പ്രേരണയുമാകണം അത്. സ്ത്രീകള്‍ ഉള്‍ക്കൊള്ളേണ്ട സന്ദേശം വളരെ വ്യക്തമാണ്. ചൂഷണം ആദ്യചുവടിലേ തിരിച്ചറിയുക. ആദ്യഘട്ടത്തിലേ പ്രതികരിക്കുക. തെളിവു ശേഖരണം പൂര്‍ണമായും സ്വന്തം ബാധ്യതയാണെന്നു തിരിച്ചറിയുക. ചൂഷണങ്ങള്‍ക്കു നിന്നു കൊടുക്കില്ലെന്ന് ആത്മവിശ്വാസത്തോടെ തീരുമാനിക്കുക. ആദ്യശ്രമത്തില്‍ തന്നെ ചൂഷകനെ തുറന്നു കാണിക്കുക. തെളിവുകള്‍ ശേഖരിക്കുക. നിയമം കൃത്യമായി അറിഞ്ഞിരിക്കുക. സ്വമേധയാ എന്നു സ്വയം തോന്നുമ്പോള്‍ പോലും സ്വന്തം സമ്മതം കൃത്രിമമായി ചൂഷകന്‍ സൃഷ്ടിക്കുന്നതാണോ  എന്നു പരിശോധിക്കുക. എല്ലാ അധികാരകേന്ദ്രങ്ങളിലും ചൂഷണത്തിന്റെ സാധ്യത ഒളിഞ്ഞിരിക്കുന്നുവെന്നു തിരിച്ചറിയുക. തിരിച്ചറിയാനാകാതെ ചൂഷണത്തില്‍ നിസഹായരായാലും തിരിച്ചറിവിന്റെ ഘട്ടത്തില്‍ തുറന്നു പ്രതികരിക്കാന്‍ മടിക്കുകയുമരുത്. ലോകം വിധിക്കുന്നതു മാത്രമല്ല നീതിയും സത്യവുമെന്ന് ആത്മവിശ്വാസത്തോടെ തലയുയര്‍ത്തുക. ചൂഷകരെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നതുപോലും വലിയ നീതിയാണ്. 

നിയമം എപ്പോഴും നീതിയുടെ പക്ഷത്താകണമെന്നില്ല. മനുഷ്യര്‍ക്ക് ബോധ്യപ്പെടുന്ന ന്യായം നിയമത്തെ ബോധ്യപ്പെടുത്താനാകണമെന്നുമില്ല. പക്ഷേ വിളിച്ചു പറയാനുള്ള ധൈര്യത്തെ അത് കെടുത്തിക്കളയരുത്. കന്യാസ്ത്രീ മേല്‍ക്കോടതികളില്‍ പരാജയപ്പെട്ടാല്‍ പോലും നീതിയുടെ 

ചോദ്യചിഹ്നം മായ്ച്ചു കളയാനാകില്ല. ചൂഷകരുടെ ലോകം ഇനിയൊരിക്കലും മുന്‍പത്തേതു പോലെ ആയിരിക്കുകയുമില്ല. ചൂഷണത്തിനായി കെണിയൊരുക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ഒന്നു വിറയ്ക്കും. പൊയ്മുഖങ്ങള്‍ വലിച്ചു കീറുന്നതുപോലും തലമുറകള്‍ക്കുള്ള നീതിയാണ്.  അത്രയെങ്കിലും സാധ്യമാകുന്നുവെങ്കില്‍ പോരാടാന്‍ ധൈര്യം കാണിച്ച സ്ത്രീകളേ നിങ്ങള്‍ എന്നേക്കുമായി വിജയിച്ചുകഴിഞ്ഞു. ഞങ്ങള്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. 

MORE IN PARAYATHE VAYYA
SHOW MORE