കാഴ്ചക്കാര്‍ മാറിനില്‍ക്കുക; സൗകര്യമുള്ള വേഷമിട്ട് അവര്‍ പുതിയ വഴി നടക്കട്ടെ

pvauniform
SHARE

കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗഭേദമില്ലാതെ ഒന്നാക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ തീരുമാനിച്ചു. തീരുമാനങ്ങളില്‍ പ്രായോഗികമായ തിരുത്തലുകള്‍ ഇനിയും ആവശ്യമുണ്ടെങ്കിലും അടിസ്ഥാനപരമായി പെണ്‍കുട്ടികള്‍ക്ക് തുല്യതയും ശാക്തീകരണവും നേടിയെടുക്കാനുള്ള അവസരങ്ങള്‍ക്കാണ് വഴി തുറക്കുന്നത്. 

കോഴിക്കോട് ജില്ലയിലെ ബാലുശേരി ഗവ.ഗേള്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് നല്ല ഒരു തുടക്കം. ഇവിടെ യൂണിഫോമിന് ഇനി ലിംഗഭേദമില്ല. ലിംഗഭേദമില്ലാത്ത യൂണിഫോമിലേക്ക് മാറുന്നത് വിവേചനമില്ലാതാക്കുമെന്നു വ്യക്തമാക്കിയാണ് സുപ്രധാന ചുവടുമാറ്റത്തിന്റെ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നടത്തിയത്. ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികള്‍ക്കുമാകുന്നത് എങ്ങനെ ജന്‍ഡര്‍ ന്യൂട്രല്‍ ആകുമെന്ന് വിമര്‍ശനമുന്നയിക്കുന്നവരുണ്ട്. ശരിയാണ് പാന്റ്‍സും ഷര്‍ട്ടും നിലവില്‍ കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്‍മാരാണ്. പക്ഷേ എല്ലാവര്‍ക്കും ഒരേ വേഷം എന്ന സുപ്രധാനചുവടിന് നിലവില്‍‍ പ്രായോഗികമായ മാര്‍ഗങ്ങളിലൊന്ന് ഇതു തന്നെയാണ്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതിരിക്കുമ്പോഴാണ് വേഷത്തില്‍ വിവേചനം ഇല്ലാതാക്കാന്‍ തിടുക്കം കാണിക്കുന്നതെന്നു വിമര്‍ശിക്കുന്നവരുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ പ്രതിഷേധം തന്നെ സംഘടിപ്പിച്ചവരുമുണ്ട്. എന്തായാലും  കേരളത്തില്‍ കൂടുതല്‍ സ്കൂളുകള്‍ യൂനിസെക്സ് യൂണിഫോമുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യം സമൂഹത്തില്‍ വിവേചനം ഇല്ലാതാക്കൂ, അതിനു ശേഷം വേഷത്തില്‍ വിവേചനം ഇല്ലാതാക്കാം തുടങ്ങിയ അസഹിഷ്ണുതാവാദങ്ങള്‍ ഇതിനിടയിലും ഉയരുന്നുണ്ട്. മാറ്റത്തെ എതിര്‍ക്കാന്‍ നമുക്ക് എന്നും  കാരണങ്ങളുണ്ട്. മാറ്റത്തോടുള്ള വിമുഖത തന്നെയാണ് അതില്‍ പ്രധാനം.  കാഴ്ചയിലും കാഴ്ചപ്പാടുകളിലും  മാറാനുള്ള മടി തന്നെയാണ് പ്രധാനം. വേഷം കാണുന്നവരുടെ സൗകര്യമല്ല, ധരിക്കുന്നവരുടെ സൗകര്യമാണ് ഒന്നാമതായി പരിഗണിക്കേണ്ടത്. 

പാന്റ്‍സും ഷര്‍ട്ടും സൗകര്യപ്രദമല്ലാത്തവര്‍ക്ക് ഓപ്ഷനുണ്ടാകണമെന്ന വാദം ന്യായമാണ്. പക്ഷേ പൊതുവില്‍ ലിംഗഭേദമില്ലാത്ത യൂണിഫോം എന്നത് ശക്തമായ അടിത്തറയിടുന്ന തീരുമാനമാണ്. കാരണം സ്ത്രീയുടെ ശരീരത്തില്‍ സ്ത്രീക്കൊഴികെ മറ്റെല്ലാവര്‍ക്കും അഭിപ്രായവും അവകാശവുമുണ്ട് എന്നതാണ് നിലനില്‍ക്കുന്ന സാമൂഹ്യരീതി. അത്തരത്തില്‍ വസ്തുക്കല്‍ക്കരിക്കപ്പെട്ട മാനസികാവസ്ഥ വച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ വേറിട്ടു കാണേണ്ട, ഒരൊറ്റ മനോഭാവം മതിയെന്ന ആത്മവിശ്വാസം തുടക്കത്തിലേ നല്‍കാന്‍ ഈ തീരുമാനം ഒരു ചുവടുവയ്പു തന്നെയാണ്. വേഷവിധാനങ്ങളില്‍ സ്ത്രൈണതയാണ് ആകര്‍ഷണം എന്ന വാദം സ്ത്രീകളുടെ മേല്‍ കാലാകാലങ്ങളായി അടിച്ചേല്‍പിക്കപ്പെട്ട ഒരു സങ്കല്‍പം മാത്രമാണ്. പൊതുവിടങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം സൗകര്യമാകണം പ്രധാനം. പാന്റ്‍സും ഷര്‍ട്ടും ധരിച്ചു ശീലിച്ചിട്ടില്ലാത്തതുകൊണ്ടു മാത്രം കാഴ്ചയ്ക്ക് ഭംഗി ഉറപ്പാക്കുന്നതെന്ന് പുരുഷമേധാവിത്ത സമൂഹം കരുതുന്ന വസ്ത്രങ്ങളുടെ ഭാരം താങ്ങാന്‍ വിധിക്കപ്പെടുന്നവരാണ് പൊതുവേ സ്ത്രീകള്‍. ആ സമൂഹത്തിലേക്കാണ് തുടക്കത്തിലേ വളരെ സൗകര്യപ്രദമായ, ലിംഗവിവേചനം നേരിടേണ്ടതില്ലാത്ത വേഷങ്ങള്‍ ശീലിച്ച് പുതുതലമുറ എത്തേണ്ടത്. ചുറ്റിനുമുള്ളവരെല്ലാം ധരിച്ചു കാണുന്ന വസ്ത്രമേ പറ്റൂവെന്നത് ഒരു സമ്മര്‍ദമാണ്. ആ സമ്മര്‍ദം നേരിടാനും സ്കൂള്‍ തലത്തിലേ ഒരേ വേഷം ധരിച്ചു ശീലിക്കുന്നത് ഗുണകരമാകും. ശരീരത്തിലേക്കല്ല, വ്യക്തിത്വത്തിലേക്കാണ് ശ്രദ്ധ വേണ്ടതെന്ന് പെണ്‍കുട്ടികളെയും സമൂഹത്തെയും ഒരു പോലെ തിരുത്താന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍  ശുഭകരമാണ്. 

അതുകൊണ്ട് തല്‍ക്കാലം കാഴ്ചക്കാര്‍ മാറിനില്‍ക്കുക. സൗകര്യമുള്ള വേഷങ്ങള്‍ സൗകര്യം പോലെ ധരിച്ച്  പെണ്‍കുട്ടികള്‍ പുതിയ വഴി നടക്കട്ടെ. അടിച്ചേല്‍പിക്കപ്പെടുന്ന സ്ത്രൈണതാഭാരങ്ങളില്ലാതെ സ്വതന്ത്രരായി അവര്‍ വളരട്ടെ. മറ്റാരുടെയും സൗന്ദര്യസങ്കല്‍പങ്ങള്‍ പേറേണ്ടവരല്ലെന്ന ആത്മവിശ്വാസത്തോടെ അവര്‍ തിരഞ്ഞെടുപ്പുകള്‍ നടത്തട്ടെ. ലിംഗഭേദമില്ലാത്ത യൂണിഫോം ലിംഗവിവേചനമില്ലാത്ത വിദ്യാലയങ്ങളിലേക്കും സമൂഹത്തിലേക്കുമുള്ള ആദ്യത്തെ ചുവടാകട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE