ലീഗ് മറുപടി പറയേണ്ട ചോദ്യങ്ങൾ; മുഖ്യമന്ത്രി ഉന്നമിടുന്ന രാഷ്ട്രീയസാധ്യതകളും

league
SHARE

മുസ്‍ലിം ലീഗ് മതസംഘടനയാണോയെന്ന് പിണറായി.  പിണറായി കമ്യൂണിസ്റ്റാണോയെന്ന് മുസ്‍ലിംലീഗ്. ചോദ്യവും ഉത്തരവും നിസാരമല്ലെന്ന് രാഷ്ട്രീയലക്ഷ്യം തിരിച്ചറിയുന്നവര്‍ക്കറിയാം. കേരളത്തിലെ മുസ്‍ലിങ്ങളെ പ്രതിനിധീകരിക്കുന്നതാര് എന്ന സുപ്രധാനചോദ്യത്തിലേക്ക് കേരളരാഷ്ട്രീയം എത്തിയോ?നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ആ ചോദ്യത്തെ അതിജീവിക്കാന്‍ മുസ്‍ലിംലീഗിന് കഴിയുമോ? നിങ്ങള്‍ക്ക് പറ്റുന്നത് ചെയ്തു കാണിക്ക് എന്ന മുഖ്യമന്ത്രിയുെട വെല്ലുവിളി പരാജയപ്പെടുമോ? വെല്ലുവിളിയെ  പ്രതിരോധിക്കാന്‍ ലീഗ് സ്വീകരിക്കുന്ന ചുവടുകള്‍ ഉറച്ചതാണോ ഇടറുന്നതാണോ?

പ്രശ്നവും പശ്ചാത്തലവും വ്യക്തമാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‍ലീംലീഗിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമുയരുന്നു. സര്‍ക്കാരിന് ഏറെക്കുറെ പിന്നോട്ടു പോകേണ്ടിവരുമെന്നുറപ്പായിരിക്കുന്നു. മുസ്‍ലിം ലീഗ് നേതൃത്വം നല്‍കി  രൂപീകരിച്ച കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ വിള്ളലുണ്ടാക്കി സമസ്തയെ സമരമുഖത്തു നിന്നു പിന്തിരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചെങ്കിലും വഖഫ് നിയമനപ്രശ്നം അങ്ങനേ തന്നെ നിലനില്‍ക്കുന്നു. സമസ്തയുടെ നിലപാട് ​പ്രതിസന്ധിയായെങ്കിലും ലീഗ് കോഴിക്കോട്് സമരപ്രഖ്യാപനം നടത്തി ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നു. വഖഫ് നിയമനവിവാദം തലവേദനയായെന്നു വ്യക്തമായതോടെ ലീഗിനെ തന്നെ ഉന്നം വച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നു. 

മുസ്‍ലിംലീഗ് മതസംഘടനയാണോ എന്ന ചോദ്യത്തെ പിണറായി കമ്യൂണിസ്റ്റാണോ എന്ന മറുചോദ്യം റദ്ദാക്കില്ലെന്ന് മുസ്‍ലിംലീഗും അറിയുന്നുണ്ടാകണം. ആ ചോദ്യമല്ല മുസ്‍ലിംലീഗിന്റെ പ്രശ്നം. മുസ്‍ലിംലീഗ് മുന്നണി മാറിയാല്‍ തീരുന്ന പ്രശ്നമേ ചോദ്യത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളൂ എന്നു കേരളത്തിനുമറിയാം. പക്ഷേ മുസ്‍ലിംലീഗിന്റെ രാഷ്ട്രീയപ്രസക്തി ഉന്നംവച്ചുള്ള ചോദ്യം ആ പാര്‍ട്ടിയെ മാത്രമല്ല, ഐക്യജനാധിപത്യമുന്നണിയെയും കേരളരാഷ്ട്രീയത്തെയും സ്വാധീനിക്കുന്നതാണ്. രാഷ്ട്രീയസ്വത്വത്തിലും പ്രസക്തിയിലും ലീഗ് നേരിടുന്ന ആശങ്കകള്‍ കേരളരാഷ്ട്രീയത്തിലെ ഇപ്പോള്‍ നിലനില്‍ക്കുന്ന പല സമവാക്യങ്ങളെയും മാറ്റിയെഴുതാന്‍ മാത്രം കരുത്തുള്ളതാണ്. 

വഖഫ് നിയമനവിവാദത്തില്‍ ഇടതുമുന്നണി ലീഗിനെതിരെ ഉയര്‍ത്തുന്ന ആരോപണം ആത്മാര്‍ഥതയില്ലായ്മയാണ്. അതായത് സമസ്തയ്ക്കു പോലും വ്യക്തതയുള്ള വഖഫ് വിവാദത്തില്‍ യഥാര്‍ഥ പ്രശ്നത്തെ തള്ളിക്കളയാനാകില്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടിരിക്കുന്നു. വഖഫ് നിയമനങ്ങള്‍ പി.എസ്.എസിക്കു വിട്ട തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വരുമെന്ന് ഏറെക്കുറെ സൂചനയും വ്യക്തമാണ്. പക്ഷേ അങ്ങനെ ഒരു തിരിച്ചടിയിലും രാഷ്ട്രീയസാധ്യതകള്‍ സി.പി.എം പ്രകടമായി തിരിച്ചറിയുന്നു. അതിനുള്ള പഴുതുകള്‍ വഖഫ് വിവാദത്തില്‍ തന്നെ മുസ്‍ലിംലീഗിന്റെ സമീപനത്തില്‍ നിന്നു വീണു കിട്ടുകയും ചെയ്തു. 

ആരാധനാലയങ്ങളെ രാഷ്ട്രീയപ്രചാരണവേദിയാക്കുന്നത് സംഘപരിവാറിനുള്ള പച്ചക്കൊടിയായി മാറുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ക്ഷേത്രങ്ങള്‍ സംഘപരിവാറിന് ഉപയോഗിക്കാമെന്ന പച്ചകൊടി കാണിക്കലാണ് ഇതെന്നും മതനിരപേക്ഷത തകരുമെന്നും മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ആവര്‍ത്തിച്ചുന്നയിച്ചു. പള്ളികളിലെ സമരാലോചനയില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്കെങ്കിലും പിന്നോട്ടു പോകുകയും വേണ്ടി വന്നു. 

മുസ്‍ലിംലീഗിനു മാത്രം ബാധകമായ ചില മാനദണ്ഡങ്ങള്‍ സി.പി.എം ചൂണ്ടിക്കാണിക്കുന്നത് കുറച്ചു നാളായി പ്രകടമാണ്. മുസ്‍ലിംലീഗ് കേരളഭരണം നിയന്ത്രിക്കുന്ന അവസ്ഥ വന്നാല്‍ എന്തു ചെയ്യും എന്ന വിഖ്യാതമായ ചോദ്യം തിരഞ്ഞെടുപ്പുകാലത്ത് സി.പി.എമ്മിനെ സഹായിച്ചിട്ടുമുണ്ട്. അതേ മട്ടില്‍ തന്നെയാണ് സംഘപരിവാറിന് അവസരങ്ങള്‍ ഒരുക്കാതിരിക്കേണ്ട ബാധ്യതയും ലീഗിന്റെ തലയിലേക്ക് സി.പി.എം നേരിട്ടു വച്ചു കൊടുക്കുന്നത്. ലീഗ് കൃത്യമായി അതിനുള്ള കെണികള്‍ സ്വയം സൃഷ്ടിച്ചുകൊടുക്കുന്നുമുണ്ട്. അതായത് സമരാവശ്യത്തെ എതിര്‍ക്കാനാകില്ലെങ്കിലും സമരം ചെയ്യാനുള്ള ലീഗിന്റെ അവകാശം പ്രശ്നവല്‍ക്കരിക്കാന്‍ സി.പി.എമ്മിനു കഴിയുന്നു. അതാകട്ടെ ഇതിനോടകം തന്നെ രാഷ്ട്രീയഭാവിയില്‍ കടുത്ത ആശയക്കുഴപ്പങ്ങളുള്ള ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. 

വഖഫ് നിയമനവിവാദത്തില്‍ പല അടരുകളുണ്ട്. 2017 മുതല്‍ അന്തരീക്ഷത്തിലുള്ള വിഷയത്തില്‍ ഇതുവരെ മുസ്‍ലിംലീഗ് കാര്യമായ പ്രതിരോധമുയര്‍ത്തിയിട്ടില്ലെന്നതും വാസ്തവമാണ്.

 പക്ഷേ ഇപ്പോള്‍ നിയമനം നിയമമാകുമ്പോള്‍ നിയമസഭയില്‍ ചെറുക്കാനാകാത്ത പ്രതിപക്ഷം പുറത്ത് സമരത്തിനിറങ്ങുകയല്ലാതെ എന്താണ് മാര്‍ഗമെന്ന ലീഗിന്റെ ചോദ്യം തീര്‍ത്തും അപ്രസക്തമല്ല. എന്തൊക്കെ നവീകരണപരിഷ്കരണ ലക്ഷ്യങ്ങള്‍ പറഞ്ഞാലും ദേവസ്വം ബോര്‍ഡിന് റിക്രൂട്ട്മെന്റ് ബോര്‍ഡും വഖഫ് ബോര്‍ഡിന് പിഎസ് സി. നിയമനവും നടത്തുന്നതില്‍ പ്രാഥമികമായി തന്നെ അനീതിയുണ്ട്. ദേവസ്വം ബോര്‍ഡില്‍ പതിനായിരക്കണക്കിന് തസ്തികളുണ്ട്, വഖഫ് ബോര്‍ഡില്‍ ആകെ 114 തസ്തികയേയുള്ളൂ എന്നത് സ്വീകാര്യമായ ഒരു കാരണമല്ല. അത് അറിയാവുന്നതുകൊണ്ടു തന്നെയാണ് സമസ്തയ്ക്ക് പുനഃപരിശോധിക്കാമെന്ന സൂചന സര്‍ക്കാര്‍ മുന്നോട്ടു വച്ചതും. പക്ഷേ ലീഗ് ആ സമരം ഏറ്റെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും വിരുദ്ധതാല്‍പര്യങ്ങളുടെ ചരിത്രം തിരിഞ്ഞുകൊത്തും. 

സി.പി.എം ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് ലീഗിന്റെ മതസ്വത്വത്തിനെതിരെയാണെങ്കിലും സമുദായത്തിന്റെ രാഷ്ട്രീയസ്പേസില്‍ ലീഗിനെതിരെ  ഉയരുന്ന ചോദ്യങ്ങള്‍ ആത്മാര്‍ഥതയില്ലായ്മയുടെയും അധികാരാസക്തിയുടെയും അഴിമതിയുടെയും മൂര്‍ച്ചയുള്ളതായി മാറും. സമുദായത്തിന്റെ അട്ടിപ്പേറവകാശം ആര്‍ക്ക് എന്ന് മുഖ്യമന്ത്രി തുടക്കമിടുന്ന ചോദ്യത്തിനു പോലും ലീഗ് തന്നെയാണ് അവസരമൊരുക്കിയത്. കാലത്തെയും കാലോചിതമാറ്റങ്ങളെയും ഉള്‍ക്കൊള്ളാതെ വിശ്വാസത്തിന്റെ അടിത്തറയില്‍ മാത്രം മുന്നോട്ടു പോകാനാകുമോയെന്ന് ലീഗിനു വീണ്ടുവിചാരമുണ്ടാകേണ്ട കാലം കൂടിയാണിത്. 

മുസ്‍്‍ലിങ്ങളുടെ അവകാശസംരക്ഷണത്തിനായി വഖഫ് വിഷയം ഉന്നയിച്ച് മു‍‍സ്‍ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടി നടത്തിയ സമ്മേളനത്തില്‍ നിന്നുള്ള ചില വാക്കുകളാണിത്. ഈ പാര്‍ട്ടി മതസംഘടനയാണോ രാഷ്ട്രീയസംഘടനയാണോ എന്നു ചോദിക്കാനുള്ള അവസരം മുസ്‍ലിംലീഗ് തന്നെയാണൊരുക്കിയത്. 

അബ്ദുറഹ്മാന്‍ കല്ലായിയുടെ പരാര്‍ശം പാര്‍ട്ടി ഇടപെട്ടു പിന്നീട് തിരുത്തി. വഖഫ് സംരക്ഷിക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടന്ന വഖഫ് സംരക്ഷണറാലിയില്‍ മന്ത്രി റിയാസിനെയും കുടുംബത്തെയും ആക്ഷേപിച്ചത് ഏതു സംസ്കാരത്തിന്റെ സംരക്ഷണത്തിനാണ് എന്നു കൂടി വ്യക്തമാക്കാന്‍ മുസ്‍ലിം ലീഗിന് ബാധ്യതയുണ്ട്.  അതൊരു വ്യക്തിപരമായ അധിക്ഷേപം മാത്രമല്ല. മതേതരത്വത്തോടും ഇന്ത്യന്‍പൗരന്റെ മൗലികാവകാശങ്ങളോടുമുള്ള വെല്ലുവിളി കൂടിയാണ്. മുസ്‍ലിംലീഗിന്റെ വേദിയില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സെക്രട്ടറി ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് ലീഗ് തന്നെയാണ് മറുപടി പറയേണ്ടയിരുന്നത്. തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും ലീഗ് രാഷ്ട്രീയ അടിത്തറയായി കരുതുന്ന മതധാര്‍ഷ്ട്യം വെളിച്ചത്തു വന്നു പോയി. പക്ഷേ മതവിശ്വാസികളടക്കം എല്ലാവരും ആ വ്യക്തിയധിക്ഷേപത്തെ തള്ളിപ്പറഞ്ഞു. എങ്കിലും മതബോധമാണ് രാഷ്ട്രീയബോധത്തെയും നിര്‍ണയിക്കേണ്ടതെന്ന കെ.എം.ഷാജിയുടെ വാക്കുകളടക്കം ലീഗിന് ബാധ്യതയായി. 

ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നടത്തിയ ശക്തിപ്രകടനത്തിനൊടുവില്‍ ലീഗ് തന്നെ പ്രതിരോധത്തിലാകുന്ന സാഹചര്യമുണ്ടായി. രാഷ്ട്രീയസ്വത്വം എന്തെന്ന ചോദ്യത്തിലേക്ക്  സ്വവര്‍ഗലൈംഗികത, സ്ത്രീപ്രാതിനിധ്യം, മതനിരപേക്ഷബോധം, മിശ്രവിവാഹങ്ങളോടുള്ള നിലപാട് തുടങ്ങി ലീഗ് ഇതുവരെ വഴിയൊഴിഞ്ഞു പോയി രക്ഷപ്പെട്ടിരുന്ന എല്ലാ ചോദ്യങ്ങളും നേര്‍ക്കുനേര്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഈയൊരൊറ്റ സമ്മേളനം വഴിയൊരുക്കി. മതബോധമല്ല, രാഷ്ട്രീയത്തെ നയിക്കുന്നതെന്ന് വെറുതേ പറഞ്ഞൊഴിയാന്‍ കഴിയാത്ത ഒരു രാഷ്ട്രീയസാഹചര്യം മതത്തിനകത്തു തന്നെയുള്ള ആധുനിക തലമുറകള്‍ ലീഗിനു നേരെ ഉയര്‍ത്തുന്നുണ്ട്

പക്ഷേ വേദിയിലടക്കം തുറന്നു പ്രകടിപ്പിക്കപ്പെട്ട മതവാദങ്ങളില്‍ ലീഗിന്റെ നിലപാടെന്തെന്ന ചോദ്യം വന്നാല്‍ മുസ്‍ലിംലീഗ് അപ്പാടെ പരുങ്ങുമെന്നുറപ്പാണ്. ജീവിതപ്രശ്നങ്ങളില്‍ മാത്രമല്ല അധികാരത്തിലേക്കുള്ള മടങ്ങിവരവ് സംശയത്തിലായപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി രഹസ്യചര്‍ച്ചയ്ക്കും ജമാഅത്തെ ഇസ്‍ലാമിയുമായി പരസ്യധാരണയ്ക്കും മുന്‍കൈയെടുത്ത് യു.ഡി.എഫിനെ ആകപ്പാടെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയഉത്തരവാദിത്തവും ലീഗിനുള്ളതാണ്. പൊടിക്കൈകള്‍ കൊണ്ട് പരിഹരിക്കാവുന്ന രാഷ്ട്രീയഅവസ്ഥയിലല്ല നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങളേ ഇനി മു‍സ്‍ലിംലീഗിനെ സഹായിക്കൂ. സ്ത്രീകളുടെ രാഷ്ട്രീയാധികാരാവകാശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും സി.പി.എമ്മോ ഡി.വൈ.എഫ്.ഐയോ സുന്നി എ.പി.വിഭാഗങ്ങളോടൊന്നും ഉച്ചരിക്കാന്‍ പോലും ധൈര്യപ്പെടില്ല. പക്ഷേ മതസംഘടനയെന്ന ന്യായം അവിടെ ഇരുകൂട്ടര്‍ക്കും പ്രതിരോധം തീര്‍ക്കും. ഈ കാലത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങളില്‍ എങ്ങനെ സ്വയം പുതുക്കി സ്വയം അവതരിപ്പിക്കണമെന്ന ചോദ്യത്തിന് ഗൗരവമേറുന്നുവെന്നു കൂടിയാണ് വഖഫ് വിവാദത്തിനൊടുവില്‍ ലീഗ് തിരിച്ചറിയേണ്ടത്. അതെടുത്തു പ്രയോഗിക്കാന്‍ സി.പി.എം ഒരു മടിയും മര്യാദയും കാണിക്കുന്നില്ലെന്നു വ്യക്തമായ സ്ഥിതിക്ക് രാഷ്ട്രീയചിത്രം വ്യക്തമാണ്. 

ന്യൂനപക്ഷ അവകാശങ്ങളെ പ്രതിനിധീകരിക്കുകയെന്നാല്‍ യാഥാസ്ഥിതികവാദത്തെ പ്രതിനിധീകരിക്കുകയെന്നല്ല എന്ന് മുസ്‍ലിം ലീഗ് തിരിച്ചറിയേണ്ടി വരുമെന്നുറപ്പ്. രാഷ്ട്രീയപാര്‍ട്ടിയായി നിലനില്‍ക്കുമ്പോള്‍ ആ ആന്തരികസംഘര്‍ഷം ഇനിയും ശക്തിയാര്‍ജിക്കും. വഖഫില്‍ സമരം ചെയ്യുമ്പോള്‍ ലീഗിന്റെ രാഷ്ട്രീയസ്വത്വം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിക്കു തീര്‍ച്ചയായും രാഷ്ട്രീയഉന്നങ്ങളുണ്ട്. മുസ്‍ലിംലീഗിന്റെ മതസ്വത്വത്തെക്കുറിച്ച് സി.പി.എമ്മിനുള്ള എല്ലാ വേവലാതിയും ഇടതുപക്ഷത്തേയ്ക്കൊന്നു ചാഞ്ഞാല്‍ അവസാനിക്കുമെന്ന് കേരളത്തിനുമറിയാം. പക്ഷേ മുസ്‍ലിംലീഗ് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ നിലനില്‍ക്കുന്നതാണ്. 

MORE IN PARAYATHE VAYYA
SHOW MORE