രാഷ്ട്രീയം വാഴുന്ന ഉന്നതവിദ്യാഭ്യാസം; ഗവർണറോട് ഉത്തരം മുട്ടി സർക്കാർ

governor
SHARE

സംസ്ഥാനസര്‍ക്കാരിന് അസാധാരണപ്രതിസന്ധി സൃഷ്ടിച്ച് ഗവര്‍ണറുടെ പൊട്ടിത്തെറി. കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയഇടപെടല്‍ ഇങ്ങനെ പോകാനാകില്ലെന്ന് ഗവര്‍ണര്‍. ആദ്യം മുഖ്യമന്ത്രിക്കുള്ള കത്തിലും തുടര്‍ന്ന് മാധ്യമങ്ങള്‍ക്കു മുന്നിലും പൊട്ടിത്തെറിച്ച ഗവര്‍ണര്‍ അസാധാരണമായ സാഹചര്യത്തിലേക്ക് കേരളസര്‍ക്കാരിനെ എത്തിച്ചിരിക്കുന്നു. നിലവിട്ട രാഷ്ട്രീയനിയമനങ്ങളെന്ന പ്രതിപക്ഷവാദത്തെ ചാന്‍സലറായ ഗവര്‍ണറും സാധൂകരിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ തിരുത്തുമോ? അതോ പതിവു പോലെ ഗവര്‍ണര്‍ പിന്‍വാങ്ങുമോ?

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെമാറ്റാന്‍ ഒാര്‍ഡിനനന്‍സ് കൊണ്ടുവന്നോളൂ എന്നിട്ട് മുഖ്യമന്ത്രി തന്നെ ആസ്ഥാനം ഏറ്റെടുക്കൂ എന്നായിരുന്നു ഗവര്‍ണരുടെ ബുധനാഴ്ചയിലെ കത്തിന്‍റെ ഉള്ളടക്കം.  അതിനുശേഷം അനുനയനീക്കങ്ങള്‍ക്ക് വഴങ്ങാതെ നിലപാടുകളില്‍മാറ്റമില്ലെന്ന് രണ്ടാമതൊരു കത്തുകൂടി സര്‍ക്കാരിന് നല്‍കിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിലേക്ക് പോയത്. മാധ്യമങ്ങളില്‍ വിശദാംശങ്ങള്‍ വാര്‍ത്തയായപ്പോള്‍ ഒരു പടി കൂടി കടന്ന് നേരിട്ട് നിലപാട് വ്യക്തമാക്കാനും അദ്ദേഹം തയാറായി. 

'ഗവര്‍ണര്‍ ചാന്‍സലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും 'അനധികൃത നിയമനങ്ങളെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഇത്തരം നടപടികള്‍ക്കായി ചാന്‍സലര്‍ പദവിയില്‍ തുടരാനാവില്ല. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്കു തന്നെ ഏറ്റെടുത്ത് അജന്‍ഡകള്‍ തടസമില്ലാതെ നടപ്പാക്കാം. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാം. ഗവര്‍ണറെ ആശ്രയിക്കാതെ സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ തടസമില്ലാതെ നടപ്പാക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. എട്ടാം തീയതി തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സര്‍ക്കാരിന് ഗവര്‍ണര്‍ ആദ്യകത്തയച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അനുനയനീക്കത്തിനും ശ്രമിച്ചു. മന്ത്രി കെ.എന്‍.ബാലഗോപാലും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ അനുനയത്തിനു വഴങ്ങിയില്ല. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ നിയമനത്തിലടക്കമുള്ള വിയോജിപ്പുകള്‍ ഗവര്‍ണര്‍ തുറന്നുപറയുമ്പോള്‍ ഭരണപരമായും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. 

സര്‍വകലാശാലനിയമനങ്ങളിലെ രാഷ്ട്രീയഅട്ടിമറികള്‍ ആദ്യമായി ചൂണ്ടിക്കാണിച്ചത് ഗവര്‍ണറല്ല എന്നത് വസ്തുത. വിദ്യാഭ്യാസവിദഗ്ധരും സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിര്‍ത്തപ്പോഴെല്ലാം സര്‍ക്കാര്‍ അവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോള്‍ ഈ നീക്കം ഉന്നതവിദ്യാഭ്യാസമേഖലയെ ആകെ അട്ടിമറിക്കുകയാണെന്ന് ഗവര്‍ണര്‍ തന്നെ ചൂണ്ടിക്കാണിക്കുമ്പോള്‍ കേരളത്തിന് അത് തള്ളിക്കളയാന്‍ കഴിയില്ല

പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ നിയമനം എന്നുമെന്ന പോലെ വിവാദമാണ് കേരളത്തില്‍.പക്ഷേ പാര്‍ട്ടിയോ സര്‍ക്കാരോ അതു ഗൗനിച്ചതേയില്ല. കോടതികളില്‍ നിന്നുണ്ടായ ഇടപെടലുകളില്‍ പോലും വിശദീകരണത്തിനു പോലും മെനക്കെട്ടില്ല. പക്ഷേ എല്ലാ തലത്തിലും രാഷ്ട്രീയനിയമനങ്ങളിലേക്കു കാര്യങ്ങള്‍ മാറിമറിയുന്നുവെന്നാണ് ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്ന പരാതി. കാലടി സര്‍വകലാശാല വി.സി.നിയമനത്തിന് ഒരൊറ്റ പേര് മാത്രം നല്‍കിയതാണ് ഗവര്‍ണറുടെ പൊട്ടിത്തെറിക്ക് കാരണമായതെങ്കിലും കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സിക്ക് നിയമനം നീട്ടിനല്‍കിയതടക്കം പദവിക്കു ചേരാത്ത പ്രവൃത്തിക്കാണ് കൂട്ടുനില്‍ക്കേണ്ടി വന്നതെന്ന് ഗവര്‍ണര്‍ തുറന്നു പറയുന്നു. 

ഗവര്‍ണര്‍ പറയേണ്ടതല്ല പറയുന്നതെന്നതും പ്രശ്നമാണ്. എനിക്കിതൊന്നും അനുവദിച്ചു തരാന്‍ പറ്റില്ല. അതുകൊണ്ട് നിങ്ങള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് മുഖ്യമന്ത്രി തന്നെ ചാന്‍സലര്‍ ആയിക്കോളൂ എന്നു പറയുന്നത് രാഷ്ട്രീയമാണ്. പ്രശ്നം ചൂണ്ടിക്കാണിച്ച് പരിഹാരമാണ് ചാന്‍സലര്‍ പറയുന്നതെങ്കില്‍ ശരി, പക്ഷേ പകരം മുഖ്യമന്ത്രിയെ അപ്പുറത്തു നിര്‍ത്തി രാഷ്ട്രീയപ്രസ്താവന നടത്തുന്നത് രാഷ്ട്രീയം മാത്രമാണ്. അതിനെ അങ്ങനെ തന്നെ കാണേണ്ടിയും വരും. 

സര്‍വകലാശാലകളിലെ രാഷ്ട്രീയഇടപെടലുകള്‍ക്കെതിരെ തുറന്ന വിമര്‍ശനം നടത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര‍്ക്ക് അധികാരവും ഉത്തരവാദിത്തവുമുണ്ട്. കണ്ണൂർ സർവകലാശാലയിൽ പ്രഫ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വിസിയായി നിയമിക്കുന്നതിനുള്ള നിയമ തടസ്സം, മുഖ്യമന്ത്രിയുടെ നിയമോപദേശകനെ പറഞ്ഞു ബോധ്യപ്പെടുത്താൻ പരമാവധി താൻ ശ്രമിച്ചതായി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറയുന്നു.കാലാവധി നീട്ടി നൽകുന്നതും പുനർനിയമനവും രണ്ടാണ്.പുനർനിയമനത്തിനു നടപടിക്രമം പാലിക്കണം.എന്നാൽ ഇക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിന്റെ(എജി) നിയമോപദേശം ഉണ്ടെന്നാണ് തന്നോടു പറഞ്ഞത്.വെള്ളക്കടലാസിൽ തയാറാക്കിയ നിയമോപദേശം കാണിച്ചപ്പോൾ പറ്റില്ലെന്ന് അറിയിച്ചു.വൈകുന്നേരത്തോടെ എജിയുടെ ഒപ്പും സീലുമായി വീണ്ടും എത്തി.വിവാദത്തിനും തർക്കത്തിനും ഇല്ലാത്തതിനാൽ താൻ വിസി നിയമനം അംഗീകരിക്കുകയായിരുന്നുവെന്നു ഗവർണർ പറയുന്നു. സർവകലാശാലാ നിയമം അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാൽ വിസിയായി നിയമിക്കാൻ സാധിക്കില്ല.യുജിസി ചട്ടം അനുസരിച്ച് 60 കഴിഞ്ഞയാളിനെയും വിസി ആക്കാം. സർവകലാശാലാ നിയമവും യുജിസി ചട്ടവും തമ്മിൽ വൈരുധ്യം ഉണ്ടായാൽ യുജിസി ചട്ടമാണ് നിലനിൽക്കുക എന്നു കോടതി വിധി ഉള്ളതായി എജി വ്യക്തമാക്കിയതിനെ തുടർന്നാണ് ഗവർണർ വഴങ്ങിയത്. 

കലാമണ്ഡലം വിസിയുടെ തീരുമാനത്തിനെതിരെ താൻ ഉത്തരവ് ഇറക്കിയപ്പോൾ തനിക്കെതിരെ വിസി കേസിനു പോയി.അങ്ങനെ കേസ് കൊടുത്ത വിസിക്കെതിരെ നിങ്ങൾ എന്തു നടപടിയാണ് സ്വീകരിച്ചത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ചത് അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട ഓർഡിനൻസിലൂടെയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് താങ്കൾ ചാൻസലർ സ്ഥാനം ഏറ്റെടുക്കണം.അങ്ങനെ വരുമ്പോൾ താങ്കൾക്ക് ഗവർണറെ ആശ്രയിക്കാതെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാം.സർവകലാശാലകൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയാൽ പിന്നെ രാഷ്ട്രീയ ഇടപെടൽ എന്ന് ആരും ആക്ഷേപിക്കില്ല. 

നിയമസഭാ സമ്മേളനം ചേരുന്നില്ല എന്നതിനാൽ ഇതു സംബന്ധിച്ച് ഓർഡിനൻസ് കൊണ്ടു വന്നാൽ ഉടനെ താൻ ഒപ്പിട്ടു തരാം.ചാൻസലർ പദവി മുഖ്യമന്ത്രിക്കു കൈമാറുന്ന കരടു നിയമം തയാറാക്കാൻ എജിക്കു നിർദേശം നൽകണം.അതിനു നിയമപരമായ മാർഗം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ ചാൻസലർ എന്ന നിലയിൽ തനിക്കു സാധിക്കുന്നില്ലെന്നും ഗവർണർ പറയുന്നു. 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ഭാവിയെന്തെന്നാണ് ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം. അത് നിസാരമല്ല. ഏതെല്ലാം തരത്തില്‍ രാഷ്ട്രീയപ്രതിരോധം ഉയര്‍ത്തിയാലും ഇടതുപക്ഷവിദഗ്ധര്‍ പോലും എതിര്‍ക്കുന്ന അമിതരാഷ്ട്രീയവല്‍ക്കരണവുമായി സര്‍ക്കാരിന് മുന്നോട്ടു പോകാനാകില്ല. നിയമനങ്ങളില്‍ തിരുത്തല്‍ പ്രായോഗികമല്ലെന്നിരിക്കേ സര്‍ക്കാര്‍ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയാണോ രാഷ്ട്രീയതാല്‍പര്യമാണോ പ്രധാനമെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റൂ. 

MORE IN PARAYATHE VAYYA
SHOW MORE